|    Dec 12 Tue, 2017 12:08 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കറന്‍സി പിന്‍വലിക്കല്‍: അടുപ്പു കൂട്ടി വ്യാപാരികളുടെ പ്രതിഷേധ ധര്‍ണ ഇന്ന്

Published : 1st December 2016 | Posted By: SMR

തിരുവനന്തപുരം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ ഇന്നുരാവിലെ 10 മുതല്‍ ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുമ്പില്‍ അടുപ്പുകൂട്ടി പ്രതിഷേധ ധര്‍ണ നടത്തുമെന്നു സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ്‌കോയ എംഎല്‍എ, സെക്രട്ടറി ഇ എസ് ബിജു എന്നിവര്‍ അറിയിച്ചു.
യാതൊരുവിധ മുന്നൊരുക്കങ്ങളുമില്ലാതെ നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ഫലമായി വ്യാപാരമേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണു സമരം. കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നതിനുശേഷം കേരളത്തില്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ പലതും അടച്ചുപൂട്ടലിന്റെ വക്കിലുമാണ്. നിര്‍മാണമേഖലയിലും ടൂറിസം മേഖലയിലും വന്‍ പ്രതിസന്ധി ഉടലെടുത്തിട്ടും കേന്ദ്രസര്‍ക്കാര്‍ നിഷ്‌ക്രിയമായി പ്രവര്‍ത്തിക്കുകയാണ്. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ സമരം നാളെയായിരിക്കും.
സ്വര്‍ണവ്യാപാരികളുടെ കടയടപ്പ് സമരം മാറ്റി
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ വ്യാപാരികളുടെ മേല്‍ അടിച്ചേല്‍പ്പിച്ച പര്‍ച്ചേഴ്‌സ് ടാക്‌സ് പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ ഒന്നുമുതല്‍ നടത്താനിരുന്ന അനിശ്ചിതകാല കടയടപ്പ് സമരം മാറ്റിവച്ചതായി കേരള ജ്വല്ലേഴ്‌സ് അസോസിയേഷന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. നിയമവിരുദ്ധമായ പര്‍ച്ചേസ് ടാക്‌സിനെതിരേ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോടതിയില്‍ നിയമപോരാട്ടം തുടരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബി ഗിരിരാജന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം പി അഹമ്മദ്, ഡോ. ബി ഗോവിന്ദന്‍, ജസ്റ്റിന്‍ പാലത്ര, സുരേന്ദ്രന്‍ കൊടുവള്ളി, പി സി നടേശന്‍, അഡ്വ. എസ് അബ്ദുല്‍ നാസര്‍, ബാബു ജോസ്‌കോ, ടി എസ് കല്യാണരാമന്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക