|    Jun 24 Sun, 2018 10:52 am
FLASH NEWS

കറന്‍സി പിന്‍വലിക്കല്‍; അവധി ദിനത്തിലും വരിനിന്ന് ജനം

Published : 14th November 2016 | Posted By: SMR

കോഴിക്കോട്: അവധി ദിനം ബാങ്കിന് മുന്നില്‍ വരിനിന്ന് തീര്‍ക്കാനായിരുന്നു ഇന്നലെ പലരുടെയും യോഗം. നോട്ടിനായി നെട്ടോട്ടമോടിയ ജനത്തെ സ്വീകരിക്കാന്‍ അവധി ദിനത്തില്‍ കാത്തിരുന്ന ബാങ്കുകള്‍ പലതും പക്ഷേ, ജനത്തോട് നീതി പുലര്‍ത്തിയില്ല. നോട്ട് മാറാനെത്തിയവരോട് വ്യത്യസ്തമായ രീതിയിലാണ് ബാങ്കുകള്‍ പ്രതികരിച്ചത്. തങ്ങളുടെ ബാങ്കുകളില്‍ അക്കൗണ്ടുള്ള  ഉപഭോക്താക്കള്‍ക്ക് മാത്രമായി പണം നല്‍കുന്ന  കാഴ്ചയായിരുന്നു ഇന്നലെ ജില്ലയില്‍ പലയിടത്തും കണ്ടത്.ഇതിനല്‍പ്പം വ്യത്യസ്തമായി പ്രവര്‍ത്തിച്ചത് എസ്ബിഐയും എസ്ബിടിയും മാത്രമാണ്. എസ്ബിഐ കോഴിക്കോട് മെയിന്‍ ബ്രാഞ്ച് മുഴുസമയം പ്രവര്‍ത്തിച്ചപ്പോള്‍ നഗരത്തിലെ മറ്റു പല ബാങ്കുകളും രാവിലെ പേരിന് മാത്രം കുറച്ചുപണം വിതരണം ചെയ്യുകയും പിന്നീട് വന്നവരോട് പണം മാറ്റി തരില്ല എന്ന് പറഞ്ഞ് തിരിച്ചയക്കുകയുമായിരുന്നു. നഗരമധ്യത്തില്‍ മുതലക്കുളത്തുള്ള കാത്തലിക് സിറിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവ ഉച്ചയ്ക്കു മുമ്പു തന്നെ പണം മാറിത്തരില്ലെന്ന് പറഞ്ഞതായി ഉപഭോക്താക്കള്‍ പറയുന്നു. അതേ സമയം കോര്‍പറേഷന്‍ ബാങ്കിന്റെ ശാഖയില്‍ മുഴുസമയം എക്‌സ്‌ചേഞ്ച് ഉണ്ടായിരുന്നു. എന്നാല്‍ എസ്ബിഐയില്‍ ഏതാനും ദിവസങ്ങളായി വരുന്ന എല്ലാവര്‍ക്കും ചില്ലറയോട് കൂടിയാണ് പണം നല്‍കുന്നത്.ചില്ലറ ക്ഷാമം രൂക്ഷമായത് വിപണിയെയും ബാധിച്ചു. അവധി ദിനമായ ഇന്നലെ പൊതുവേ കോഴിക്കോട് നഗരത്തില്‍ നല്ല തിരക്കുണ്ടാകേണ്ടതായിരുന്നു. എന്നാല്‍ സാധാരണവരുന്നതിന്റെ പകുതിയോളം ആളുകളെ മിഠായിതെരുവടക്കമുള്ളിടങ്ങളില്‍ എത്തിയുള്ളൂ.മുഖ്യമായും ചില്ലറ ക്ഷാമം കാരണമാണ് ആളുകള്‍ എത്താതിരുന്നത്. ഞായറാഴ്ച പൊതുവേ വന്‍തിരക്കനുഭവപ്പെടാറുള്ള സണ്‍ഡേ മാര്‍ക്കറ്റിലും മറ്റുള്ള ഞായറാഴ്ചകളില്‍ വരാറുള്ളതിന്റെ പകുതി ആളുകളെ വന്നിട്ടുള്ളൂവെന്ന് തെരുവ് കച്ചവടക്കാര്‍ പറഞ്ഞു. ചില്ലറ ക്ഷാമം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ നാളെമുതല്‍ കടകളടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ശനിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചിരുന്നു.ഇത് ജനങ്ങളെ കൂടുതല്‍ പ്രയാസത്തിലേക്കെത്തിച്ചേക്കും.അതിനിടെ ചില ബാങ്കുകള്‍ അക്കൗണ്ടിലേക്ക് പണം ഇടുന്നതിന് ഹാന്‍ഡലിങ് ചാര്‍ജ് ഈടാക്കിയതായും പരാതി ഉണ്ട്. എസ്ബിഐ പ്രധാന ശാഖയില്‍ മൊത്തം 61000 രൂപ മൂല്യം വരുന്ന 500, 1000 രൂപയുടെ നോട്ടുകള്‍ നിക്ഷേപിച്ച നടുവട്ടം സ്വദേശിക്കാണ് നിക്ഷേപം നടത്തി അരമണിക്കൂറിന് ശേഷം 23 രൂപ ക്യാഷ് ഹാന്‍ഡലിങ് ചാര്‍ജ് ഈടാക്കിയതായി മെസേജ് വന്നത്. മണിക്കൂറുകള്‍ ക്യൂ നിന്ന ശേഷമാണ് പണം അടയ്ക്കുന്നത്. അതിനാല്‍ വീണ്ടും പരാതി പറയുവാന്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ടതായി വരുമെന്നതിനാല്‍ ഇത്തരം പരാതിക്കാരെല്ലാം പരാതി പറയാന്‍ നില്‍ക്കാതെ പോവുകയാണ് ചെയ്യുന്നത്.അതിനിടെ ഇന്നലെ വൈകീട്ട് എസ്ബിഐയെ കൂടാതെ എസ്ബിടി, ഐസിഐസിഐ അടക്കമുള്ള ചില ബാങ്കുകള്‍ എടിഎമ്മുകളില്‍ പണം നിക്ഷേപിച്ചത് ജനങ്ങള്‍ക്ക് അല്‍പ്പം ആശ്വാസത്തിന് വക നല്‍കി.അതേസമയം, 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം മല്‍സ്യ ബന്ധന മേഖലയെയും പ്രതിസന്ധിയിലാക്കി. കടലില്‍ നിന്ന് പിടിച്ചു കൊണ്ടുവന്ന മീന്‍ വില്‍ക്കാനാവാതെ കുഴങ്ങുകയാണ് ബോട്ടുടമകള്‍. ചില്ലറയില്ലാത്തതിനാല്‍ പല കച്ചവടക്കാരും കടത്തിനാണ് മീന്‍ വില്‍ക്കുന്നത്. പലരും വാങ്ങാതിരിക്കുകയോ വാങ്ങുന്നതിന്റെ അളവ് കുറയ്ക്കുകയോ ചെയ്യുന്നതിനാല്‍ കച്ചവടം പകുതിയിലധികം കുറഞ്ഞു. ഇത് ബോട്ടുകാരെയും ദോഷകരമായി ബാധിച്ചു. ആവശ്യത്തിന് പണമില്ലാത്തതിനാല്‍ തൊഴിലാളികള്‍ക്ക് കൂലി പോലും നല്‍കാനാവാത്ത സാഹചര്യമാണുള്ളത്. അതു കൊണ്ട് തന്നെ പലരും ജോലിക്ക് വരാന്‍ തയ്യാറാവുന്നില്ല. ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ രണ്ടു ദിവസത്തിനകം കടപ്പുറം വറുതിയിലാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss