|    Feb 20 Mon, 2017 3:25 am
FLASH NEWS

കറന്‍സി കൈമാറ്റം; സഹകരണ ബാങ്കുകളെ ഉള്‍പ്പെടുത്തണം: നഗരസഭ

Published : 16th November 2016 | Posted By: SMR

കോഴിക്കോട്: 1000, 500 കറന്‍സി പിന്‍വലിച്ച നടപടിയില്‍ ജനം വലയുന്ന സാഹചര്യത്തില്‍ കറന്‍സി കൈമാറ്റത്തില്‍ സഹകരണ ബാങ്കുകളെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ ഇന്നലെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. കറന്‍സി പിന്‍വലിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് കെ കെ റഫീഖ് അവതരിപ്പിച്ച അടിയന്തിരപ്രമേയത്തെ എല്‍ഡിഎഫ്, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അനുകൂലിച്ചു. പ്രമേയത്തെ അഡ്വ. പി എം സുരേഷ് ബാബു പിന്താങ്ങി. എന്നാല്‍ കറന്‍സി പിന്‍വലിച്ച നടപടിയില്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കണമെന്ന ബിജെപി കൗണ്‍സിലര്‍മാരുടെ ആവശ്യം കൗണ്‍സില്‍ തള്ളി. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ കറന്‍സി പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ യോഗത്തില്‍ വിമര്‍ശിച്ചു. കറന്‍സി പിന്‍വലിച്ചതില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നും നയങ്ങളും നടപടികളും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും ചൂണ്ടിക്കാട്ടി. കുത്തകകളെ സഹായിക്കാനുള്ള നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും ആരോപണമുയര്‍ന്നു. അടിയന്തര പ്രമേയം ഏഴിനെതിരെ 64 വോട്ടുകള്‍ക്ക് പാസാക്കി. ചര്‍ച്ചയില്‍ അഡ്വ. പി എം സുരേഷ് ബാബു, നമ്പിടിനാരായണന്‍, എന്‍ പി പത്മനാഭന്‍, പൊറ്റെങ്ങാടി കിഷന്‍ചന്ദ്, ബീരാന്‍കോയ, എംഎം പത്മാവതി, ഉഷാദേവി ടീച്ചര്‍, കെ വി ബാബുരാജ്  പങ്കെടുത്തു.തെങ്ങോലപ്പുഴു ആക്രമണം കോതി പരിസരത്ത് വ്യാപകമാവുന്നതായി അഡ്വ. സി കെ സീനത്ത് കൗണ്‍സിലിന്റെ ശ്രദ്ധക്ഷണിച്ചു. നഗരത്തിന്റെ പലഭാഗങ്ങളിലും തെങ്ങോലപ്പുഴു ആക്രമണം ഉള്ളതായി മറ്റ് കൗണ്‍സിലര്‍മാരും യോഗത്തില്‍ ചൂണ്ടിക്കാട്ടി. അഗ്രികള്‍ച്ചറല്‍ ഓഫിസറെ ഇക്കാര്യം അറിയിക്കുമെന്ന് മേയര്‍ അറിയിച്ചു. ഹരിത വിദ്യാലയം പദ്ധതി നഗരത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍ ശ്രദ്ധക്ഷണിച്ചു. മലാപ്പറമ്പ് എയുപി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അഡ്വ. വിദ്യാബാലകൃഷ്ണനും മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ് വീതിക്കൂട്ടലില്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പൊറ്റെങ്ങാടി കിഷന്‍ചന്ദും കൗണ്‍സിലിന്റെ ശ്രദ്ധക്ഷണിച്ചു. കൗണ്‍സിലിന്റെ തീരുമാനം ധനമന്ത്രിയെ അറിയിക്കുമെന്ന് മേയര്‍ അറിയിച്ചു. വിവിധ വിഷയങ്ങളില്‍ ശ്രീജ ഹരീഷ്, മൊയ്തീന്‍കോയ, ശ്രീജ, കെസി ശോഭിത, ലത എന്നിവര്‍ കൗണ്‍സിലിന്റെ ശ്രദ്ധക്ഷണിച്ചു. നഗരസഭയിലെ കുടുംബശ്രീ വിഭാഗം ഖരമാലിന്യ യൂനിറ്റ് അംഗങ്ങള്‍ക്ക് സുരക്ഷാവസ്ത്രം വിതരണം ചെയ്യുന്നതിന് ടെന്‍ഡന്‍ സ്വീകരിച്ച് വാങ്ങുന്നതിന് മുന്‍ മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കിയത് കൗണ്‍സില്‍ ചര്‍ച്ചചെയ്തു. അജണ്ട മാറ്റിവയ്ക്കണമെന്നും അംഗീകരിക്കാനാവില്ലെന്നും യുഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ അറിയിച്ചു. എന്നാല്‍ മുന്‍മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കിയത് മാറ്റിവയ്ക്കാനാവില്ലെന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് യുഡിഎഫിലെ ഒരു കൗണ്‍സിലര്‍ മുന്‍മേയര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ പ്രതിഷേധിച്ചു. പ്രസ്താവന പിന്‍വലിക്കണമെന്ന് മേയറും ആവശ്യപ്പെട്ടു. തുടര്‍ന്ന് അഡ്വ. പി എം സുരേഷ്ബാബു യുഡിഎഫ് കൗണ്‍സിലര്‍ നടത്തിയ പരാമര്‍ശത്തി ല്‍ ഖേദംപ്രകടിപ്പിച്ചു. തുടര്‍ന്ന് കൗണ്‍സില്‍ ഐകകണ്‌ഠ്യേന അജണ്ട പാസാക്കി. 110ഓളം അജണ്ടകള്‍ കൗണ്‍സില്‍ പാസാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക