|    Apr 26 Thu, 2018 6:48 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കറന്‍സി അസാധുവാക്കല്‍: രാഷ്ട്രീയ അഭ്യാസമെന്ന് സിപിഎം; സ്വാഗതം ചെയ്ത് നിതീഷ്‌കുമാര്‍

Published : 10th November 2016 | Posted By: SMR

ന്യൂഡല്‍ഹി: കള്ളപ്പണം പുറത്തുകൊണ്ടുവരാനെന്നവകാശപ്പെട്ട് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ സമ്മിശ്ര പ്രതികരണം. സര്‍ക്കാര്‍ നടപടി രാഷ്ട്രീയ അഭ്യാസമാണെന്ന് സിപിഎം പോളിറ്റ്ബ്യുറോ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇത് പ്രതീക്ഷിച്ച ഫലം ചെയ്യില്ല. പരിമിതമായ ഫലമേ ഈ നടപടി കൊണ്ടുണ്ടാവു. അതിനെക്കാള്‍ കൂടുതല്‍ രാഷ്ട്രീയ നാട്യമാണിത്.
നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ കള്ളപ്പണവും കള്ളനോട്ടും അഴിമതിയും ഭീകരവാദവും അവസാനിക്കാനാവുമെന്നാണു പ്രധാനമന്ത്രിയുടെ അവകാശവാദം. എന്നാല്‍, പ്രധാനമന്ത്രിതന്നെ സമ്മതിച്ചതു പ്രകാരം, കള്ളപ്പണത്തിന്റെ ഭൂരിഭാഗവും വിദേശ രാജ്യങ്ങളിലെ അക്കൗണ്ടുകളില്‍ വിദേശ കറന്‍സികളിലാണു നിക്ഷേപിക്കപ്പെടുന്നത്. ഏതു സംഖ്യയുടെയും കള്ളനോട്ടുകള്‍ അച്ചടിക്കാനും സാധിക്കും. പുതിയ 500 രൂപ നോട്ടുകളും 2000 രൂപ നോട്ടുകളും പുറത്തിറക്കുന്നതിലൂടെ വരുംദിവസങ്ങളില്‍ കള്ളനോട്ടുകള്‍ പുറത്തിറക്കുന്നതു തടയാന്‍ സാധിക്കില്ല. ബിനാമി ഇടപാടുകള്‍ തടയാന്‍ ഫലപ്രദമായ നടപടി എടുത്തിട്ടില്ലെന്നും പിബി പറഞ്ഞു. എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് പഴയപോലെ ഒരു മാറ്റവുമില്ലാതെ ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നുണ്ടെന്ന് പോളിറ്റ്ബ്യുറോ വ്യക്തമാക്കി.
സര്‍ക്കാര്‍ നടപടി ദൈനംദിന ഇടപാടുകളെ സ്തംഭിപ്പിക്കും. ദിവസ കൂലിക്കാരായവര്‍, മല്‍സ്യത്തൊഴിലാളികള്‍, വ്യാപാരികള്‍, ചെറുകിട വ്യവസായികള്‍ എന്നിവരെ സര്‍ക്കാര്‍ നടപടി ദുരിതത്തിലാക്കും.  കള്ളപ്പണം വെളുപ്പിക്കലിന്റെ പ്രധാന കേന്ദ്രങ്ങളായ പാര്‍ട്ടിസിപ്പേറ്ററി നോട്ടുകളെയും നികുതിവെട്ടിപ്പുകാര്‍ സുരക്ഷിതമായി വകമാറ്റുന്ന താവളങ്ങളെയും സര്‍ക്കാര്‍ വെറുതെ വിട്ടിരിക്കുകയാണ്. കള്ളപ്പണത്തിന്റെ ഉറവിടങ്ങളായ റിയല്‍ എസ്‌റ്റേറ്റ് മേഖലയെ നിയന്ത്രിക്കാന്‍ ശ്രമിക്കാത്ത സര്‍ക്കാര്‍, തൊഴിലില്ലായ്മ, വിലക്കയറ്റം, ആഭ്യന്തര വിപണിയിലെ മാന്ദ്യം, കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പടെ എല്ലാ വിഭാഗങ്ങളുടെയും ജീവിതത്തിലുണ്ടായ തകര്‍ച്ച പരിഹരിക്കുന്നതിലുണ്ടായ പരാജയം മൂടിവയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ പ്രഖ്യാപനമെന്ന് പോളിറ്റ്ബ്യുറോ പറഞ്ഞു.
കള്ളപ്പണം പുറത്തുകൊണ്ടുവരുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെങ്കില്‍ വിദേശ ബാങ്കുകളിലെ നിക്ഷേപങ്ങളെയും നികുതി വെട്ടിപ്പു നടത്തിയുള്ള അക്കൗണ്ടുകളെയും കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണം. ബാങ്കുകളില്‍നിന്നു വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ പേരുകളും വെളിപ്പെടുത്തണമെന്ന് പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.
അതേസമയം, സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്യുന്നതായി ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്‌കുമാര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss