|    Oct 23 Mon, 2017 6:02 am

കറന്‍സികള്‍ മാറ്റിയെടുക്കാന്‍ബാങ്കുകളില്‍ വന്‍തിരക്ക്

Published : 11th November 2016 | Posted By: SMR

എടപ്പാള്‍: സര്‍ക്കാര്‍ പിന്‍വലിച്ച 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനായി വെള്ളവും ഭക്ഷണവും ഉപേക്ഷിച്ച് ജനങ്ങള്‍. നൂറുകണക്കിനാളുകളാണ് ഇന്നലെ നേരം പുലര്‍ന്നതോടെ വിവിധ ബാങ്കുകള്‍ക്കു മുന്നില്‍ കാത്തുനില്‍പ്പ് ആരംഭിച്ചത്. രാവിലെ പത്തോടെ ജീവനക്കാരെത്തി ബാങ്ക് തുറന്നതോടെ ആളുകളുടെ തള്ളിക്കയറ്റം തുടങ്ങി. നിയന്ത്രിക്കാനാവാതെ ബാങ്ക് ജീവനക്കാരും കുഴങ്ങി. പിന്നെ നോട്ടുകള്‍ മാറ്റിക്കിട്ടുന്നതിന് അപേക്ഷ കൊടുക്കാനുള്ള ഫോറം കൈക്കലാക്കാനുള്ള തിരക്കായിരുന്നു. ഇതിനു പുറമേ പണം നിക്ഷേപിക്കാനെത്തിയവരുടെ തിരക്കും കൂടിയായപ്പോള്‍ നിത്യേന നടത്തുന്ന ബാങ്ക് ഇടപാടുകള്‍ നടത്താനാവാതെ പലരും മടങ്ങി പോവുകയായിരുന്നു. പണം മാറ്റിവാങ്ങാനെത്തിയവരുടെ അപേക്ഷകള്‍ ഒന്നിച്ചുവാങ്ങി അതില്‍നിന്നു ടോക്കണ്‍ നമ്പര്‍ പ്രകാരം ആദ്യം അപേക്ഷ നല്‍കിയവരെ വിളിച്ച് പണം കൈമാറുകയായിരുന്നു. രാവിലെ ഏഴിന് വരിയില്‍നിന്ന സ്ത്രീകളും വൃദ്ധരുമടങ്ങുന്നവര്‍ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പണം വാങ്ങി തിരിച്ചുപോയത്. വൈകീട്ട് ആറുവരെ പണം മാറ്റാമെന്നും ഡിസംബര്‍ 30 വരെ പണം മാറ്റുന്നതിന് സമയമുണ്ടെന്നും ബാങ്ക് ജീവനക്കാര്‍ ഇടയ്ക്കിടെ ആളുകളെ അറിയിച്ചിട്ടും ആരും ചെവികൊണ്ടില്ല. രാവിലെ ഇരുന്ന ഇരുപ്പില്‍ ഉച്ചഭക്ഷണംകൂടി ഒഴിവാക്കിയായിരുന്നു ബാങ്കുകളിലെ ജീവനക്കാര്‍ തങ്ങളുടെ ജോലി നിര്‍വഹിച്ചത്. അസാധാരണമായ തിരക്കും ഇടപാടുകാരുടെ ബഹളവുംമൂലം എടപ്പാളിലെ കനറാ, എസ്ബിടി ബ്രാഞ്ചുകളില്‍ പോലിസിന്റെ സഹായത്തോടെയായിരുന്നു ജനങ്ങളെ നിയന്ത്രിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക