|    Sep 22 Sat, 2018 3:08 pm
FLASH NEWS
Home   >  Editpage  >  Editorial  >  

കര്‍ഷക സമരങ്ങളില്‍ തിളയ്ക്കുന്ന ഇന്ത്യ

Published : 11th June 2017 | Posted By: mi.ptk

കര്‍ഷക ആത്മഹത്യകളുടെ വാര്‍ത്തകളായിരുന്നു ദിനംപ്രതി നാം കേട്ടുകൊണ്ടിരുന്നത്. ഇപ്പോള്‍ കര്‍ഷകരെ വെടിവച്ചുകൊല്ലുന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മധ്യപ്രദേശിലെ മാന്‍സോറില്‍ പ്രക്ഷോഭരംഗത്തുണ്ടായിരുന്ന കര്‍ഷകര്‍ക്കു നേരെ നടന്ന പോലിസ് വെടിവയ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടതാണ് പുതിയ സംഭവം. പോലിസ് വെടിവയ്പിലല്ല മരിച്ചതെന്നായിരുന്നു ആദ്യം ഔദ്യോഗിക ഭാഷ്യം. പിന്നീടാണ് വെടിവയ്പാണെന്നു സര്‍ക്കാര്‍ സമ്മതിക്കുന്നത്. മധ്യപ്രദേശില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല കര്‍ഷക പ്രക്ഷോഭം. മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട് സംസ്ഥാനങ്ങളിലും സമരം ശക്തമാവുന്നതായാണ് റിപോര്‍ട്ടുകള്‍. മധ്യപ്രദേശില്‍ വെടിവയ്പിനെ തുടര്‍ന്ന് സമരം അക്രമാസക്തമായി. മറ്റിടങ്ങളിലും സമരം രൂക്ഷമാവുന്നതോടെ അക്രമാസക്തമായി മാറാനാണ് സാധ്യത. മഹാരാഷ്ട്രയിലെ കര്‍ഷക നേതാവ് ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വീടിനു നേരെ ബോംബെറിയുമെന്നു പ്രഖ്യാപിച്ചത് ഇതിന്റെ സൂചനയാണ്. വായ്പ എഴുതിത്തള്ളുക, ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കുക, ആവശ്യക്കാര്‍ ഇല്ലാത്തപ്പോള്‍ സര്‍ക്കാര്‍ തന്നെ വിളകള്‍ സംഭരിക്കുക തുടങ്ങിയ ജീവല്‍പ്രധാനമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ പ്രക്ഷോഭരംഗത്തുള്ളത്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഡല്‍ഹിയില്‍ കഴുത്തില്‍ തലയോട്ടികള്‍ അണിഞ്ഞും അര്‍ധനഗ്നരായും തമിഴ്‌നാട്ടിലെ കര്‍ഷകര്‍  പ്രതിഷേധിച്ചിരുന്നു. ഉത്തരേന്ത്യന്‍ ഗോസായിമാര്‍ സമരത്തെ തെല്ലും പരിഗണിക്കാതെ വന്നപ്പോള്‍ ഒടുവില്‍ സമരം നിര്‍ത്തി അവര്‍ തിരിച്ചുപോന്നു. ചെന്നൈയില്‍ വീണ്ടും സമരം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലായിരുന്നു പ്രക്ഷോഭകര്‍. എന്നാല്‍, രണ്ടു മാസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെത്തുടര്‍ന്ന് തല്‍ക്കാലം പിന്‍വാങ്ങിയിരിക്കുകയാണ് അവര്‍. ഇന്ത്യ കാര്‍ഷിക രാജ്യമാണ്. ബഹുഭൂരിപക്ഷം ഗ്രാമീണജനതയും കാര്‍ഷികവൃത്തിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. നമ്മുടെ ഭക്ഷ്യോല്‍പാദനത്തിനു താങ്ങായി വര്‍ത്തിക്കുന്നതും കര്‍ഷകരാണ്. കൃഷി ഇക്കാലത്ത് പൊതുവില്‍ ലാഭകരമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ആഗോളവല്‍ക്കരണത്തെ തുടര്‍ന്ന് ഇന്ത്യന്‍ കാര്‍ഷിക സമ്പദ്ഘടനയുടെ നട്ടെല്ലു തകര്‍ക്കുന്ന നടപടികളാണ് ഭരണതലത്തില്‍ ഉണ്ടായത്. ആത്മഹത്യയില്‍ അഭയം തേടുന്ന കര്‍ഷകന്റെ ദീനകഥകളുമായാണ് ഓരോ ദിവസവും പുലരുന്നത്. എന്നാല്‍, സര്‍ക്കാരുകളും  ബാങ്കുകളും കര്‍ഷകരോട് പലപ്പോഴും കനിവു കാട്ടിയില്ല. വിത്ത്, വളം, കീടനാശിനികള്‍ തുടങ്ങിയ മേഖലകളിലെ കുത്തക താല്‍പര്യങ്ങളും കര്‍ഷകരെ വലയ്ക്കുന്നതായിരുന്നു. കടക്കെണിയാണ് അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും രൂക്ഷമായ പ്രതിസന്ധി. അതിനു പുറമേയാണ് വിളകള്‍ക്ക് വില ലഭിക്കാത്തതും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഉണ്ടാവുന്ന വിളനാശവും. പ്രക്ഷോഭം രൂക്ഷമായതിനിടയില്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍, മുഖ്യമന്ത്രി വരാതെ തന്റെ മൃതദേഹം സംസ്‌കരിക്കരുതെന്നു കുറിപ്പെഴുതിവച്ചിരുന്നു. ഏഴു പേര്‍ ഇതിനകം മഹാരാഷ്ട്രയില്‍ മാത്രം ആത്മഹത്യ ചെയ്തു. മധ്യപ്രദേശില്‍ വെടിവയ്പിനു ശേഷം ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. അന്തരീക്ഷം ഇങ്ങനെ തിളച്ചുമറിഞ്ഞുനില്‍ക്കേ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നിരാഹാര സമരപ്രഹസനം വാസ്തവത്തില്‍ കടുത്ത അസംബന്ധമാണ്. കടം എഴുതിത്തള്ളില്ലെന്നാണ് കൃഷിമന്ത്രിയുടെ പ്രഖ്യാപനം. എന്തായാലും രാജ്യത്തിന്റെ നിലനില്‍പിന്റെ ആധാരമാണ് കര്‍ഷക സമൂഹം. അവരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കേണ്ടത് ഭരണകൂടങ്ങളുടെ ബാധ്യതയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss