|    Dec 11 Tue, 2018 9:00 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കര്‍ഷക റാലി പിന്‍വലിച്ചു

Published : 23rd November 2018 | Posted By: kasim kzm

മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരേ മുംബൈയിലേക്കു കര്‍ഷകര്‍ നടത്തിയ റാലി പിന്‍വലിച്ചു. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പു ലഭിച്ചതിനെ തുടര്‍ന്നാണ് റാലി പിന്‍വലിച്ചത്.
അതേസമയം, ആയിരങ്ങള്‍ അണിനിരന്ന റാലി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു താക്കീതായി മാറി. വിദര്‍ഭ, മറാത്ത്‌വാഡ, ഉത്തര മഹാരാഷ്ട്ര തുടങ്ങി വിവിധ മേഖലകളില്‍ നിന്ന് നഗരത്തിലെ മുളുണ്ട് ടോള്‍ പ്ലാസ പരിസരത്ത് എത്തിയ കര്‍ഷകര്‍ ബുധനാഴ്ച ഉച്ചയോടെ ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനത്തേക്ക് മാര്‍ച്ച് ആരംഭിക്കുകയായിരുന്നു.
കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷക റാലി ഇന്നലെ രാവിലെ മഹാരാഷ്ട്രയിലെ ദാദറില്‍ എത്തി. ആം ആദ്മി പാര്‍ട്ടി, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ച റാലിയില്‍ മഗ്‌സാസെ അവാര്‍ഡ് ജേതാവ് ഡോ. രാജേന്ദ്രസിങ്, എന്‍ഡിഎ സഖ്യം വിട്ട സ്വാഭിമാന്‍ ശേത്കാരി പാര്‍ട്ടി എംപി രാജു ഷെട്ടി തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
ആയിരക്കണക്കിനു കര്‍ഷകരുടെ നേതൃത്വത്തിലുള്ള കര്‍ഷക മാര്‍ച്ച് നടന്നിട്ട് മാസങ്ങള്‍ തികയുമ്പോഴേക്കുമാണു കര്‍ഷകര്‍ വീണ്ടും മാര്‍ച്ച് നടത്തിയത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും പ്രക്ഷോഭവുമായി കര്‍ഷകര്‍ രംഗത്തെത്തിയത്. കര്‍ഷകരും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരുമാണ് പ്രധാനമായും റാലിയിലുള്ളത്. വനംവകുപ്പ് പിടിച്ചെടുത്ത ആദിവാസികളുടെ കൃഷിഭൂമി തിരിച്ചുനല്‍കുക, കാര്‍ഷിക കടം എഴുതിത്തള്ളുക, വരള്‍ച്ചാ ദുരിതാശ്വാസം നല്‍കുക, കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് അടിസ്ഥാന വില നിശ്ചയിക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുക തുടങ്ങിയവയാണു കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss