|    Jan 22 Sun, 2017 3:33 pm
FLASH NEWS

കര്‍ഷക രജിസ്‌ട്രേഷന്‍ വീണ്ടും കൃഷി ഭവനുകളിലേക്ക്

Published : 4th July 2016 | Posted By: SMR

എം ആര്‍ നാദിര്‍ഷ

കരുനാഗപ്പള്ളി: കര്‍ഷക രജിസ്‌ട്രേഷന്‍ വീണ്ടും കൃഷി ഭവനുകളിലേക്ക്. രണ്ട് വര്‍ഷം മുമ്പ് അക്ഷയ കേന്ദ്രത്തിലേക്ക് നല്‍കപ്പെട്ട രജിസ്‌ട്രേഷനുകളാണ് സംസ്ഥാന കൃഷി വകുപ്പിന്റെ അറിയിപ്പിനെ തുടര്‍ന്ന് കൃഷി ഭവനുകളിലേക്ക് മാറ്റിയത്.
2012ല്‍ പദ്ധതി ആരംഭിച്ച ഘട്ടത്തില്‍ കൃഷി ഭവനായിരുന്നു ഇതിന്റെ ചുമതല. കര്‍ഷക രജിസ്‌ട്രേഷന് വേണ്ടി നിശ്ചിത ഫോം പൂരിപ്പിച്ച് ഫോട്ടോയും ആധാര്‍ കാര്‍ഡ് പകര്‍പ്പും ബാങ്ക് അക്കൗണ്ട് കോപ്പിയും റേഷന്‍ കാര്‍ഡ് പകര്‍പ്പും കരം ഒടുക്കിയ രശീതിന്റെ പകര്‍പ്പും കൃഷി ഭവന്‍ വഴി സ്വീകരിച്ചിരുന്നു. എന്നാല്‍ ഡാറ്റ എന്‍ട്രി ഉള്‍പ്പടെയുള്ളവയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ 2013 ഓടെ ഇതിന്റെ ചുമതല അക്ഷയ സെന്ററുകളെ ഏല്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ കൃഷി ഭവനുകള്‍ വഴി സ്വീകരിച്ചിരുന്ന രേഖകള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് കൈമാറി. എന്നാല്‍ അക്ഷയ കേന്ദ്രത്തിലെത്തിച്ച ഫോറങ്ങള്‍ കൃഷി വകുപ്പ് സൈറ്റില്‍ നാമമാത്രമായി ഡേറ്റാ എന്‍ട്രി ചെയ്ത ശേഷം ബാക്കി ഫോമുകള്‍ പല അക്ഷയ കേന്ദ്രങ്ങളിലെ സ്റ്റോര്‍ റൂമുകളിലേക്ക് മാറ്റപ്പെടുകയാണുണ്ടായത്. ഒരു എന്‍ട്രിക്ക് 1.40 പൈസാ നിരക്കില്‍ കൃഷി വകുപ്പ് അഞ്ച് കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവച്ചത്. എന്നാല്‍ ഡേറ്റാ എന്‍ട്രികളില്‍ തെറ്റുകള്‍ കടന്നുകൂടുകയും അക്ഷയ കേന്ദ്രത്തിന് പണം നല്‍കുന്നതില്‍ വീഴ്ച വരുകയും ചെയ്തതോടെ പദ്ധതി പാളുകയായിരുന്നു.
ഇതാണ് ഇപ്പോള്‍ വീണ്ടും കൃഷി ഭവനിലേക്ക് എത്തിയിരിക്കുന്നത്. കര്‍ഷക രജിസ്‌ട്രേഷന്‍ കൃഷി വകുപ്പ് ഏറ്റെടുത്തെങ്കിലും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ള വിദഗ്ധര്‍ നിലവില്‍ ഇല്ലാത്തത് കൃഷി പദ്ധതിയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കൃഷി ഓഫിസര്‍ക്ക് പുറമെ കൃഷി അസിസ്റ്റന്റ്മാരുള്ള കൃഷി ഭവനുകളില്‍ കര്‍ഷകരെ നേരിട്ട് വിളിച്ചു വരുത്തി രേഖകള്‍ കംപ്യൂട്ടറിലാക്കി ഫോട്ടോയെടുത്ത് അപ് ലോഡ് ചെയ്യണം.
ഇതിനായി പ്രത്യേക പരിശീലനം അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ്മാര്‍ക്ക് നല്‍കിയിട്ടില്ല. നിലവില്‍ കൃഷി ഓഫിസ് ജോലികള്‍ക്ക് പുറമെ ഫീല്‍ഡ് സര്‍വേകളും പെന്‍ഷന്‍ അന്വേഷണം, പ്രകൃതി ദുരന്തത്തില്‍ നഷ്ടപ്പെട്ട കൃഷി അന്വേഷണം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്ന കാര്‍ഷിക സാമഗ്രികളുടെ വിതരണം, നാളീകേര സംഭരണം, വിവിധ തല യോഗങ്ങളില്‍ പങ്കെടുക്കല്‍, ഗ്രാമസഭ കണ്‍വീനര്‍ എന്നി ജോലികള്‍ക്ക് പുറമെയാണ് പുതിയ രജിസ്‌ട്രേഷന്‍ വരുന്നത്.
കര്‍ഷക രജിസ്‌ട്രേഷന്‍ കൂടിയായപ്പോള്‍ പല കൃഷി ഭവനുകളിലും കര്‍ഷകരുടെ ബാഹുല്യമാണ്. ഇതോടെ ജീവനക്കാര്‍ നട്ടംതിരിയുകയാണ്. ഇതിനിടെ കര്‍ഷക തൊഴിലാളി ക്ഷേമനിധി പെന്‍ഷന് വേണ്ടി നല്‍കുന്ന അപേക്ഷകളില്‍ വെരിഫിക്കേഷന്‍ കൂടി കൃഷി വകുപ്പിനെ ഏല്‍പ്പിക്കാനുള്ള ശ്രമത്തിലാണ് കൃഷി വകുപ്പ്. രജിസ്‌ട്രേഷന്‍ ആരംഭത്തിലെ കല്ലുകടിയായതോടെ പദ്ധതിയുടെ വിജയ സാധ്യതയും ആശങ്കയിലായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക