|    Dec 10 Mon, 2018 10:44 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കര്‍ഷക മാര്‍ച്ച് ഇന്ന്; ആയിരങ്ങള്‍ ഡല്‍ഹിയിലെത്തി

Published : 30th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കര്‍ഷകത്തൊഴിലാളി വിരുദ്ധ നയങ്ങള്‍ പിന്തുടരുന്ന നരേന്ദ്രമോദി സര്‍ക്കാരിന് താക്കീതായി ആയിരങ്ങള്‍ ദേശീയ തലസ്ഥാനത്ത്. ഇന്നു നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലെത്തി. ആന്ധ്രപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍നിന്നാണ് പ്രധാനമായും കര്‍ഷകരെത്തിയത്. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരുനൂറിലേറെ സംഘടനകളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.
മാര്‍ച്ച് തുടങ്ങുന്ന രാംലീലാ മൈതാനിയിലേക്ക് അനന്ത് വിഹാര്‍, നിസാമുദ്ദീന്‍, ബിജ്വാസന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നുള്ള സമരക്കാരുടെ ഒഴുക്ക് പല സ്ഥലങ്ങളിലും ഗതാഗതക്കുരുക്കിന് ഇടയാക്കി. ഡല്‍ഹിയില്‍ നിന്നും സമീപ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നും ആയിരങ്ങള്‍ ഇന്നു രാവിലെയോടെ എത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശപ്രകാരം താങ്ങുവില നടപ്പാക്കുക, ന്യായമായ കൂലിയും ലാഭവും കര്‍ഷകര്‍ക്ക് ഉറപ്പുവരുത്തുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച്. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സമയം അനുവദിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപ്പാര്‍ട്ടികള്‍ മാര്‍ച്ചിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നരവര്‍ഷത്തിനിടെ നാലാംതവണയാണ് ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികളും കലാകാരന്മാരും പ്രഫഷനലുകളും മാര്‍ച്ചിന് പിന്തുണയുമായെത്തും. പൊതു പിന്തുണ ഉറപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തകന്‍ പി സായിനാഥിന്റെ നേതൃത്വത്തിലുള്ള നാഷന്‍ ഫോര്‍ ഫാര്‍മേഴ്‌സ് എന്ന സംഘടന സജീവമായി രംഗത്തുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss