|    Apr 26 Thu, 2018 3:51 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കര്‍ഷക പെന്‍ഷന്‍ പദ്ധതി: അനര്‍ഹരെ ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശം

Published : 1st December 2016 | Posted By: SMR

സുനു ചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷന്‍ പദ്ധതിയി ല്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കാന്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കാര്‍ഷിക വികസന ഡയറക്ടര്‍ക്ക് കരട് മാര്‍ഗ നിര്‍ദേശം നല്‍കി. നവംബര്‍ 7നാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്.
60 വയസ്സ് പൂര്‍ത്തിയാക്കിയ 10 സെന്റ് ഭൂമിയിലെങ്കിലും കൃഷി ചെയ്യുന്ന, കൃഷി മുഖ്യ ഉപജീവന മാര്‍ഗമാക്കിയ കര്‍ഷകനാണ് പദ്ധതിയില്‍ ചേരാവുന്നത്. അപേക്ഷകന്റെ വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ കുറവായിരിക്കണം. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍, മറ്റേതെങ്കിലും പെന്‍ഷന്‍ പറ്റുന്നവര്‍ എന്നിവര്‍ അര്‍ഹരല്ല. പദ്ധതിയില്‍ അംഗമാവാന്‍ പുതുതായി അപേക്ഷിക്കുന്നവരും നിലവില്‍ അംഗത്വമുള്ളവരും കൃഷിഭവനില്‍ കര്‍ഷക രജിസ്‌ട്രേഷന്‍ നടത്തുകയും ആധാര്‍ കാ ര്‍ഡ് വിവരവും മറ്റ് വിശദാംശങ്ങളും കൂടെ ചേര്‍ക്കണം. കഴിഞ്ഞ 10 വര്‍ഷമായി കാര്‍ഷിക വൃത്തി ചെയ്യുന്നവര്‍ക്ക് അതത് പഞ്ചായത്തിലെ കൃഷി ഭവനില്‍ അപേക്ഷിക്കാം. വിദേശത്തു നിന്ന് മടങ്ങി വന്ന് 10 വര്‍ഷമെങ്കിലും കാര്‍ഷിക വൃത്തി ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്. അപേക്ഷകന്റെ വിവരങ്ങള്‍ കൃഷി ഓഫിസര്‍ സാക്ഷ്യപ്പെടുത്തണം. ഗ്രാമപ്പഞ്ചായത്ത് തല കാര്‍ഷിക വികസന സമിതി(എഡിസി)അംഗീകാരം നല്‍കിയാലേ പെന്‍ഷന്‍ കിട്ടൂ. ഒരു കുടുംബത്തില്‍ ഭാര്യാ ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ക്കേ പെന്‍ഷന് അര്‍ഹതയുള്ളൂ. പെന്‍ഷണര്‍ മരിച്ചാല്‍ മറ്റ് വരുമാനമില്ലെങ്കില്‍ പങ്കാളിക്ക് പെന്‍ഷന്‍ തുടര്‍ന്ന് കിട്ടും. കരട് മാര്‍ഗ നിര്‍ദേശം നടപ്പാക്കിയാല്‍ എത്ര ചെറുകിട നാമമാത്ര കര്‍ഷകര്‍ പദ്ധതിയില്‍ നിന്ന് ഒഴിവാകും. ശേഷിക്കുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരിന് എത്ര സാമ്പത്തിക ബാധ്യത വരും എന്ന് പരിശോധിക്കും. ഇതു സംബന്ധിച്ച് റിപോര്‍ട്ട് നല്‍കാനാണ് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കാര്‍ഷിക വികസന ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍മാര്‍ക്കും അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്കും ഇതിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധരുടെ സഹായത്തോടെ റാന്‍ഡം സാംപ്ലിങ് നടത്തി ഒരു ജില്ലയിലെ ഒരു കൃഷിഭവന്‍ തിരഞ്ഞെടുത്ത് പ്രൊജക്ട് തയ്യാറാക്കി ഒരാഴ്ചയ്ക്കകം പ്രാഥമിക റിപോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷകര്‍ക്ക് വരുമാനപരിധി തെളിയിക്കാന്‍ വില്ലേജോഫിസില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെങ്കിലും ആദ്യഘട്ടത്തില്‍ ആധാര്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ കുറേ പേര്‍ ഒഴിവാക്കപ്പെടും.
അതേസമയം, കൃഷി ചെയ്യുന്നതിനുള്ള പ്രോല്‍സാഹനമാണ് പെന്‍ഷനെന്നും മാനദണ്ഡങ്ങള്‍ പറഞ്ഞ് കുറേപ്പേരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നത് അനീതിയാണെന്നും കേരള ചെറുകിട കര്‍ഷക യൂനിയന്‍ സംസ്ഥാന ചെയര്‍മാന്‍ ജോബ് ജെ നെടുങ്കാടന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss