|    Jan 23 Mon, 2017 7:54 am
FLASH NEWS

കര്‍ഷക പങ്കാളിത്തത്തോടെ സംരംഭങ്ങള്‍ ആരംഭിക്കും: കൃഷിമന്ത്രി

Published : 6th October 2016 | Posted By: SMR

തിരുവനന്തപുരം: മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുമ്പോള്‍ ഉല്‍പ്പാദിപ്പിച്ച കര്‍ഷകരെ വിസ്മരിക്കുകയും ലാഭം മുഴുവന്‍ ഇടനിലക്കാര്‍ തട്ടിയെടുക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുമെന്നും കര്‍ഷകരുടെ പൂര്‍ണ പങ്കാളിത്തത്തോടെ വിവിധ കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍.
ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ അസോസിയേഷന്റെ വാര്‍ഷിക സമ്മേളനവും കാര്‍ഷിക സെമിനാറും വൈഎംസിഎ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് കൃഷിവകുപ്പ് ചില കര്‍മപരിപാടികള്‍ക്കു രൂപം നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഓരോ ജില്ലയിലും വിവിധ വിഭവങ്ങളുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനു കര്‍ഷകരെ പങ്കാളികളാക്കിക്കൊണ്ടുള്ള അഗ്രി ബിസിനസ് കമ്പനികള്‍ ആരംഭിക്കും. പ്രത്യേക കര്‍മസേനാ വിഭാഗവും ഈ കമ്പനിയോട് അനുബന്ധമായി രൂപീകരിക്കും. കേരവിഭവങ്ങള്‍, ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവിളകള്‍, തേന്‍ തുടങ്ങി ഓരോ വിഭവങ്ങള്‍ക്കും പ്രത്യേക കമ്പനികളായിരിക്കും ജില്ലാതലത്തില്‍ രൂപീകരിക്കുക. ജൈവകൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് നിലവിലുള്ള സംവിധാനത്തിന്റെ ശാസ്ത്രീയമായ പുനസ്സംഘടന ആവശ്യമാണ്.
വിവിധ കാര്‍ഷിക സംഘടനകള്‍, സര്‍വകലാശാല, കൃഷിവകുപ്പ് സ്ഥാപനങ്ങള്‍ എന്നിവയുടെ ഏകോപനമാണ് ഇതിന്റെ പ്രാരംഭമായി നടപ്പാക്കുക. സര്‍ക്കാരിന്റെ പദ്ധതിയായ ഹരിതകേരളം നവംബര്‍ മാസം മുതല്‍ ആരംഭിക്കും. കാര്‍ഷിക മേഖലയെക്കുറിച്ചുള്ള സമഗ്ര വിവരശേഖരണവും തയ്യാറാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കാര്‍ഷികമേഖലയിലെ സമഗ്ര സംഭാവനകള്‍ക്കുള്ള പുരസ്‌കാരം മന്ത്രി സമ്മാനിച്ചു.
കെ രാമകൃഷ്ണപിള്ള, മുന്‍ ഡയറക്ടര്‍ ആര്‍ ഹേലി, മുന്‍ അഡീഷനല്‍ ഡയറക്ടര്‍ ഭാസ്‌കരപ്പണിക്കര്‍, ജൈവശ്രീ അവാര്‍ഡ് ജേതാവ് ഡോ. എന്‍ ജി ബാലചന്ദ്രനാഥ്, കര്‍ഷകതിലകം ഷൈല ബഷീര്‍, മികച്ച ഫാം ഓഫിസര്‍ പുരസ്‌കാരം നേടിയ സ്വര്‍ണവി, ഹോര്‍ട്ടികോര്‍പ്പ് എംഡി ഡോ. രഞ്ജന്‍ എസ് കരിപ്പായി, വിഎഫ് പിസികെ സിഇഒ എസ് കെ സുരേഷ് തുടങ്ങിയവരെ മന്ത്രി ആദരിച്ചു. ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്‍ വിജയന്‍ അധ്യക്ഷനായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക