|    Oct 21 Sun, 2018 3:13 pm
FLASH NEWS
Home   >  Editpage  >  Editorial  >  

കര്‍ഷക ദുരിതങ്ങള്‍ക്ക് അറുതിയില്ലേ ?

Published : 5th May 2017 | Posted By: fsq

 

രാജ്യത്തു കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുകയാണ്. സുപ്രിംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സ്ഥിതിവിവരക്കണക്കുകളില്‍ ഇതു വ്യക്തമാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പ്രതിവര്‍ഷം .7 ശതമാനം എന്ന കണക്കില്‍ കര്‍ഷക ആത്മഹത്യ വര്‍ധിച്ചു.കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട് പ്രതിവര്‍ഷം 12,000ത്തിലേറെ പേര്‍ ആത്മഹത്യ ചെയ്യുന്നു. ദേശീയ ക്രൈം റിക്കാഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2015ല്‍ 1,33,632 പേര്‍ ആത്മഹത്യ ചെയ്തതില്‍ 9.4 ശതമാനം അഥവാ 12,602 പേര്‍ കര്‍ഷകരാണ്. ഇതില്‍ 8,007 പേര്‍ കര്‍ഷകരും 4,595 പേര്‍ കര്‍ഷകത്തൊഴിലാളികളുമാണ്. 2013ല്‍ 8.7 ശതമാനമായിരുന്നു കര്‍ഷക ആത്മഹത്യ. 2014ല്‍ രാജ്യത്ത് മൊത്തം നടന്ന 1,31,666 ആത്മഹത്യകളുടെ 9.4 ശതമാനമായിരുന്നു കര്‍ഷക ആത്മഹത്യകള്‍. 12,360 ആത്മഹത്യകളില്‍ 5,650 പേര്‍ കര്‍ഷകരും 6,710 പേര്‍ കര്‍ഷകത്തൊഴിലാളികളുമായിരുന്നു.രാജ്യത്തെ കര്‍ഷക ആത്മഹത്യയുടെ 87.5 ശതമാനവും ഏഴ് സംസ്ഥാനങ്ങളിലായിരുന്നു. മഹാരാഷ്ട്രയില്‍ 2015ല്‍ ആത്മഹത്യ ചെയ്തത് 4,291 കര്‍ഷകരാണ്. കര്‍ണാടക (1,569), തെലങ്കാന (1,400), മധ്യപ്രദേശ് (1,290), ഛത്തീസ്ഗഡ് (954), ആന്ധ്രപ്രദേശ് (916), തമിഴ്‌നാട് (606) സംസ്ഥാനങ്ങള്‍ തൊട്ടുപിറകെ വരുന്നു. കാര്‍ഷിക വിളനാശം മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കുന്നതിന് രൂപം നല്‍കിയ പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന എന്ന വിള ഇന്‍ഷുറന്‍സ് പദ്ധതി ശുദ്ധ തട്ടിപ്പാണെന്ന് കര്‍ഷകര്‍ പറയുന്നു. കാര്‍ഷികവൃത്തിക്ക് സബ്‌സിഡി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യമുയര്‍ത്തി കര്‍ഷകര്‍ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. കര്‍ഷകരുടെ ആത്മഹത്യ സംബന്ധമായ വിഷയം പരിഹരിക്കാന്‍ നീതി ആയോഗിനോട് കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നാണ് അഭിഭാഷകന്‍ സുപ്രിംകോടതിയില്‍ ബോധിപ്പിച്ചത്. രണ്ടര വര്‍ഷം കേന്ദ്രത്തില്‍ ഭരണം നയിച്ചവര്‍ എത്രത്തോളം ലാഘവത്തോടെയാണ് കാര്‍ഷികരംഗത്തെ പ്രതിസന്ധിയെ കാണുന്നതെന്ന് ഇതില്‍നിന്നു വ്യക്തം. കടങ്ങള്‍, സബ്‌സിഡി വെട്ടിക്കുറയ്ക്കല്‍ എന്നിവ മുഖേന ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ പരോക്ഷ നികുതികളുടെ ഭാരം ഇപ്പോള്‍ തന്നെ അനുഭവിക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് കാര്‍ഷികാദായത്തില്‍ കൂടി നികുതി ചുമത്തി പുതിയ ഭാരം അടിച്ചേല്‍പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്.  കടക്കെണിയിലായ കര്‍ഷകരുടെ ചുമലില്‍ നികുതിഭാരം കൂടി അടിച്ചേല്‍പിക്കുന്നത് ഒട്ടും അനുയോജ്യമല്ല. ദീര്‍ഘവീക്ഷണമില്ലാത്ത അത്തരം നടപടികള്‍ പ്രതിസന്ധി രൂക്ഷമാക്കി കര്‍ഷകരെ കൂടുതല്‍ വിശപ്പിലേക്കും ആത്മഹത്യയിലേക്കുമാണ് നയിക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss