|    Nov 15 Thu, 2018 6:04 am
FLASH NEWS
Home   >  Blogs   >  

കര്‍ഷക ജനതക്കു വേണ്ടി ഒരു കൂടു മാറ്റം!

Published : 27th February 2016 | Posted By: sdq

joseph mani

കേരള കോണ്‍ഗ്രസ് എമ്മിലെ പി സി ജോര്‍ജ് വിഭാഗത്തില്‍പ്പെട്ട പ്രമുഖ നേതാക്കളായ ആന്റണി രാജു, ഫ്രാന്‍സിസ് ജോര്‍ജ്, ഡോ. കെ സി ജോസഫ് എന്നിവര്‍ യുഡിഎഫിനെയും മാണി സാറിനെയും തങ്ങളുടെ എല്ലാമെല്ലാമായ ഔസേപ്പച്ചനെയും അവരുടെ പാട്ടിനുവിട്ട് ഇടതുപാളയത്തിലേക്ക് ചേക്കേറാനൊരുങ്ങുന്നു. ദേശീയരാഷ്ട്രീയത്തിലും സംസ്ഥാനരാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പടുക്കുമ്പോള്‍ കൂറുമാറ്റവും കൂടുമാറ്റലുമെല്ലാം സ്വാഭാവികമാണ്. ജനവികാരത്തിന്റെ പള്‍സ് കൃത്യമായി മനസ്സിലാക്കി അധികാരത്തിലെത്തുമെന്നുറപ്പുള്ള കക്ഷികളിലേക്കും മുന്നണികളിലേക്കും കൃത്യമായും വിദഗ്ധമായും ചാടിച്ചാടി മാറിമാറി വരുന്ന സര്‍ക്കാരുകളില്‍ തങ്ങളുടെ മന്ത്രിസ്ഥാനം ഉറപ്പിക്കുന്ന വിരുതന്‍മാര്‍ വരെ അക്കൂട്ടത്തിലുണ്ട്.

പക്ഷേ അഞ്ചുകൊല്ലം യുഡിഎഫിനൊപ്പം നിന്ന് ഭരണത്തിന്റെയും പ്രത്യേകിച്ച് ബാറിന്റെയും സോളാറിന്റെയും വിഹിതമൊക്കെ അണപൈസ കണക്കു പറഞ്ഞ് വാങ്ങിയിട്ട് തിരഞ്ഞെടുപ്പു പ്രളയത്തില്‍ കപ്പലുമുങ്ങുമെന്നുറപ്പായപ്പോള്‍ കളം മാറ്റി ചവിട്ടിയെന്നൊന്നും ആരും കര്‍ഷക പ്രേമികളായ ഈ കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ കൂടുമാറ്റത്തെക്കുറിച്ച് പറഞ്ഞേക്കരുത്. സ്ഥാനാര്‍ഥി മോഹമാണ് കൂടുമാറ്റത്തിനു കാരണമെന്നൊക്കെ അസൂയാലുക്കള്‍ വെറുതെ പറഞ്ഞുപരത്തുകയാണ്. കര്‍ഷകരുടെ പ്രത്യേകിച്ചു, റബര്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ കണ്ട് കണ്ട് സഹിക്കാനാവാതെ മനംനൊന്ത് ഹൃദയം പൊട്ടി മരിച്ചേക്കാമെന്നു തോന്നിയതു കൊണ്ട് മാത്രമാണ് എക്കാലത്തെയും കര്‍ഷകപ്രേമികളായ ഇവരെ ഇത്തരമൊരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതത്രേ.

ഇക്കാലമത്രയും ഭരണത്തിന്റെ – കാലുപിടിച്ചത്തിന്റെയും കയ്യിട്ടുവാരലിന്റെയും- കോട മഞ്ഞ് ഇരുട്ടാക്കിയതിനാല്‍   കര്‍ഷകരുടെ ബുദ്ധിമുട്ടുകളൊന്നും അറിഞ്ഞിരുന്നില്ല. തിരഞ്ഞെടുപ്പിന്റെ താപനില അപകടകരമാംവിധം വര്‍ധിച്ചപ്പോഴാണ് ബോധോദയമുണ്ടായത്. പിന്നെ കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാനും പള്ളിയുടെയും പട്ടക്കാരുടെയും കണ്ണിലുണ്ണിയുമായ മാണിസാറിന്റെ പുന്നാരമോന്‍ ജോസൂട്ടിയുടെ നിരാഹാര സത്യാഗ്രഹത്തിലായിരുന്നു  പ്രതീക്ഷ. റബ്ബറിന്റെ വില വാനോളം ഉയരുന്നതും മലയോര കുടിയേറ്റ കര്‍ഷകര്‍ തങ്ങളെ നിലം തൊടീക്കാതെ നിയമസഭയിലെത്തിക്കുമെന്നും ദിവാസ്വപനം കണ്ടിരിക്കുകയായിരുന്നു.പക്ഷേ അണ്ടിയോടടുത്തപ്പോഴല്ലേ പുളി അറിയുന്നത്.

റബ്ബറെന്നും കര്‍ഷകനെന്നുമൊക്കെ പറഞ്ഞ് അച്ചായനും മോനും കൂടി മുറവിളി കൂടിയത് കേരളാ കോണ്‍ഗ്രസിനെ മൊത്തം മാരാര്‍ജി ഭവനില്‍ കൊണ്ടുപോയി അവധി വ്യാപാരത്തിനു വെക്കാനുളള പരിപാടിയായിരുന്നുവത്രെ. പകരം കിട്ടുന്നതോ കേന്ദ്ര കാബിനറ്റില്‍ ജോസ് മോന് ഒരു ബര്‍ത്ത്. അതെങ്ങാനും നടന്നാല്‍ പിന്നെ തല്‍ക്കാലം അഞ്ചുകൊല്ലത്തേക്ക് തിരുവനന്തപുരത്തേക്ക് പിന്നെ വണ്ടി കയറേണ്ടിവരില്ല. വെളളാപ്പള്ളി നടേശന്‍ വെളളം കുടിച്ച് കൈകാലിട്ടടിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്.കാവി പാര്‍ട്ടിയുമായി കൂട്ടു കൂടുന്നതില്‍ നമുക്ക് ആദര്‍ശത്തിന്റെ അസ്‌ക്യത ഒന്നുമില്ല കേട്ടോ. പക്ഷേ പിതാവിനും പുത്രനും മാത്രം സത്രോത്തവും മറ്റുളളവര്‍ക്ക് സര്‍വാണി സദ്യയുമായിട്ട് കാര്യമില്ലല്ലോ. ദൈവത്തിനുളളത് ദൈവത്തിനും സീസര്‍ക്കുളളത് സീസറിനും കിട്ടണമല്ലോ.  അതു കൊണ്ട് കോടിയേരി സഖാവ് പറഞ്ഞതു പോലെ കൂടു മാറാനുളള ഉഗ്രന്‍ രാഷ്ട്രീയ കാരണം കിട്ടിയ സ്ഥിതിക്ക് ഇനിയൊന്നും ആലോചിക്കാനില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss