|    Jun 23 Sat, 2018 8:02 am
FLASH NEWS

കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന് കൊടിയേറി

Published : 30th January 2017 | Posted By: fsq

 

കണ്ണൂര്‍: കേരള കര്‍ഷക സംഘം 25ാം സംസ്ഥാന സമ്മേളനത്തിന് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയിലെ പൊതുസമ്മേളന നഗരിയില്‍ (ബിനോയി കോനാര്‍ നഗര്‍) ചെങ്കൊടി ഉയര്‍ന്നു. കൊടിമരം കയ്യൂരില്‍നിന്നും പതാക ഒഞ്ചിയത്തുനിന്നുമാണ് കൊണ്ടുവന്നത്. കൊടിമരം സ്വാഗതസംഘം ചെയര്‍മാന്‍ പി ജയരാജനും പതാക ജനറല്‍ കണ്‍വീനര്‍ എം പ്രകാശനും ഏറ്റുവാങ്ങി. പി ജയരാജന്‍ പതാക ഉയര്‍ത്തി. കൊടിമര ജാഥ ചെറുവത്തൂരില്‍നിന്നാണ്  ഇന്നലെ പ്രയാണം തുടങ്ങിയത്. പതാകജാഥ കണ്ണൂക്കര, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം മാഹിയില്‍നിന്ന് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിച്ചു. ഇരുജാഥകളും ഇന്നലെ വൈകീട്ട് കണ്ണൂര്‍ കാള്‍ടെക്‌സില്‍ സംഗമിച്ച് പൊതുസമ്മേളന നഗരിയിലേക്ക് നീങ്ങി. പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിമാരായ ഇ പി ജയരാജന്‍, വിനു കൃഷ്ണന്‍, പി കെ ശ്രീമതി എംപി, സംസ്ഥാന നേതാക്കളായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, എസ് കെ പ്രീത, ഗോപി കോട്ടമുറിക്കല്‍, പി വിശ്വന്‍, അഡ്വ. ഇ കെ നാരായണന്‍, മുരളി പെരുനെല്ലി എംഎല്‍എ, അഡ്വ. സി എച്ച് കുഞ്ഞമ്പു, കെ എം ജോസഫ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഒ വി നാരായണന്‍, സെക്രട്ടറി വല്‍സന്‍ പനോളി സംബന്ധിച്ചു. പ്രതിനിധി സമ്മേളന നഗരിയില്‍ തെളിയിക്കാനുള്ള ദീപശിഖ ഇന്നുരാവിലെ ഏഴിന് പെരളശ്ശേരിയിലെ എകെജി സ്മൃതികുടീരത്തില്‍നിന്ന് കൊണ്ടുവരും. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവന്‍ ദീപശിഖ കെ കെ രാഗേഷ് എംപിക്ക് കൈമാറും. ദിനേശ് ഓഡിറ്റോറിയത്തിലെ ‘എം കെ ഭാസ്‌കരന്‍ നഗറില്‍ രാവിലെ 9.30ന് പ്രതിനിധിസമ്മേളനത്തിന് തുടക്കംകുറിച്ച് സംസ്ഥാന പ്രസിഡന്റ് മന്ത്രി എം എം മണി പതാക ഉയര്‍ത്തും. സമ്മേളനം ദിനേശ് ഓഡിറ്റോറിയത്തില്‍ 10ന് അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡന്റും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ എസ് രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനംചെയ്യും. അഖിലേന്ത്യ പ്രസിഡന്റ് അമ്രാറാം, ജനറല്‍ സെക്രട്ടറി ഹന്നന്‍ മുല്ല, നേതാക്കളായ ബിജു കൃഷ്ണന്‍, പി കൃഷ്ണപ്രസാദ്, ഇ പി ജയരാജന്‍ പങ്കെടുക്കും. നാളെ വൈകീട്ട് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ കാര്‍ഷിക സെമിനാര്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി ഒന്നിനു വൈകീട്ട് നാലിന് കലക് ടറേറ്റ് മൈതാനിയിലെ സമാപന റാലിയില്‍ ഒരുലക്ഷം കര്‍ഷകര്‍ അണിനിരക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss