|    Jan 19 Thu, 2017 2:19 pm
FLASH NEWS

കര്‍ഷകവിരുദ്ധ സത്യവാങ്മൂലം; പ്രതിഷേധം ശക്തമാവുന്നു

Published : 11th October 2015 | Posted By: RKN

കട്ടപ്പന: പട്ടയഭൂമിയില്‍ പാറ ഖനനം നടക്കുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലുള്ള കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച വിവാദ സത്യവാങ്മൂലം പിന്‍വലിച്ചില്ലെങ്കില്‍ 16 ന് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കഴിഞ്ഞ 25 ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 1993ലെ പ്രത്യേക ഘട്ടമനുസരിച്ച് പട്ടയം നല്‍കിയ ഭൂമിയെല്ലാം വനഭൂമിയാണെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന സത്യവാങ്മൂലം പിന്‍വലിച്ച് ഈ പട്ടയഭൂമി റവന്യു ഭൂമിയാണെന്ന് പുതിയ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണം.

1993-ലെ വനഭൂമി കുടിയേറ്റം ക്രമീകരിക്കല്‍ ചട്ടപ്രകാരം അഞ്ചു ജില്ലകളിലായി 28,588 ഹെക്ടര്‍ ഭൂമിക്കാണ് പട്ടയം നല്‍കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്. ഇതിനെതിരെ വന്ന കേസില്‍ 2009 -ല്‍ സുപ്രീംകോടതി ഈ ഭൂമിക്ക് പട്ടയം നല്‍കുന്നത് സാധുവാണെന്ന് അന്തിമ ഉത്തരവും നല്‍കിയിട്ടുണ്ട്. ഇതില്‍ 25,556 ഹെക്ടര്‍ ഭൂമിയും ഇടുക്കിയിലാണെന്നു മാത്രമല്ല 20,000 ഹെക്ടര്‍ ഭൂമി കാര്‍ഡമം ഹില്‍ റിസര്‍വ് പ്രദേശത്തുമാണ്.

ഈ പ്രത്യേക ചട്ടപ്രകാരം ഇടുക്കി ജില്ലയില്‍ നാളിതുവരെ 10,000 ലധികം ഹെക്ടര്‍ ഭൂമിക്ക് പട്ടയം നല്‍കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൊടുത്ത 17,149 പട്ടയങ്ങളില്‍ മഹാഭൂരിപക്ഷവും ഈ ചട്ടപ്രകാരമുള്ളതാണ്. ഈ ഭൂമിയാണ് വനഭൂമിയാണെന്ന് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഈ ഭൂമി മുഴുവന്‍ 1977നു മുമ്പ് ജനങ്ങളുടെ കൈവശത്തിലുള്ളതാണ്. 1977 ജനുവരി ഒന്നിനു മുമ്പുള്ള കുടിയേറ്റങ്ങളെ സാധൂകരിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമുള്ളതാണ്. ഈ ചട്ടത്തിന് കീഴിലുള്ള ഒട്ടുമിക്ക പ്രദേശങ്ങള്‍ക്കും സംയുക്ത പരിശോധന നടത്തി റീസര്‍വേ നടന്നിട്ടുണ്ട്. ചുരുക്കം ചില സ്ഥലങ്ങളില്‍ ഈ പരിശോധന പൂര്‍ത്തിയാകാത്തത് സര്‍ക്കാര്‍ അത് നിര്‍ത്തിവച്ചതിനാലാണ്.

എന്നാല്‍ റവന്യൂ ഭൂമിയും വനഭൂമിയും കൃത്യമായി ജന്‍ഡയിട്ട് വേര്‍തിരിച്ച് സംരക്ഷിക്കുന്നുണ്ട്. ഈ അവസ്ഥയില്‍ സത്യവാങ്മൂലം നല്‍കിയത് ആസൂത്രിത ഗൂഡാലോചനയുടെ ഭാഗമാണെന്നും സമിതി വിലയിരുത്തി. ജനറല്‍ബോഡി യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റിയന്‍ കൊച്ചുപുരയ്ക്കല്‍, അഡ്വ. ജോയ്‌സ് ജോര്‍ജ് എം പി, രക്ഷാധികാരികളായ സി കെ മോഹനന്‍, മൗലവി മുഹമ്മദ് റഫീഖ് അല്‍ കൗസരി, കെ കെ ദേവസ്യ, ഫാ. ജോസ് പ്ലാച്ചിക്കല്‍, സെക്രട്ടറി ജോസഫ് കുഴുപ്പള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക