|    Dec 15 Fri, 2017 2:36 am
FLASH NEWS

കര്‍ഷകര്‍ക്ക് വരുമാനം വെളിപ്പെടുത്താന്‍ അവസരം നല്‍കണം: പി സി ജോര്‍ജ് എംഎല്‍എ

Published : 21st November 2016 | Posted By: SMR

കോട്ടയം: കര്‍ഷകര്‍ക്ക് തങ്ങളുടെ 15 വര്‍ഷകാലത്തെ വരുമാനം വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അവസരം നല്‍കണമെന്ന് പി സി ജോര്‍ജ് എംഎല്‍എ ആവശ്യപ്പെട്ടു. കാര്‍ഷിക വരുമാനത്തിന് ആദായ നികുതി അടയ്‌ക്കേണ്ടതില്ല എന്ന നിയമത്തിന്റെ അജ്ഞത മൂലമാണ് കര്‍ഷകര്‍ വരുമാനം വെളിപ്പെടുത്താന്‍ പലപ്പോഴും മടി കാണിക്കുന്നത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിറ്റും തടികള്‍ വിറ്റും സ്ലോട്ടര്‍ നല്‍കിയും സ്ഥലം വിറ്റും കര്‍ഷകര്‍ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന തുക 15 വര്‍ഷത്തെ വരുമാനം വെളിപ്പെടുത്താന്‍ അവസരം ലഭിച്ചാല്‍ സുരക്ഷിതമാവും. എന്നാല്‍ സംസ്ഥാനത്തെ സഹകരണ ബാങ്കിലെ മുഴുവന്‍ നിക്ഷേപവും കര്‍ഷകന്റെയും ഇടത്തരം വ്യാപാര സമൂഹത്തിന്റെയും ആണെന്ന പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ അംഗീകരിക്കാന്‍ ആവില്ല. കര്‍ഷകന്റെ പേര് പറഞ്ഞ് സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കര്‍ഷകന്റയെും ഇടത്തരക്കാരുടേയും അല്ലാത്ത കോടാനു കോടി വരുന്ന കള്ളപ്പണ നിക്ഷേപത്തിനെതിരേ നടപടി ഉണ്ടാവണം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി നില്‍ക്കുന്ന സഹകരണ പ്രസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റേയും നേതൃത്വത്തില്‍ ഗൂഡ നീക്കം നടക്കുന്നുവെന്നും പ്രചരണം ശക്തമാണ്. സഹകരണ മേഖലയുടെ സ്തംഭനം ഒഴിവാക്കിക്കൊണ്ട് ചെറുകിടക്കാരനേയും സാധാരണ കര്‍ഷകരേയും സംരക്ഷിച്ചുകൊണ്ട് കള്ളപ്പണത്തിന് എതിരെയുള്ള കര്‍ശനടപടിയാണ് ആവശ്യം. രാജ്യം ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്ന ഈ സമയത്ത് കേരളത്തിന്റെ സഹകരണ മേഖലയെ തകര്‍ത്ത് രാഷ്ട്രീയ വൈര്യം തീര്‍ക്കാനുള്ള ചില പാര്‍ട്ടികളുടേയും റിസര്‍വ് ബാങ്കിന്റേയും ശ്രമത്തെ ജനകീയമായി നേരിടുമെന്ന് പി  സി  ജോര്‍ജ് എംഎല്‍എ പറഞ്ഞു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിയ്ക്കും കേന്ദ്ര ധനകാര്യ മന്ത്രിയ്ക്കും കത്ത് അയച്ചതായും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക