|    Feb 26 Sun, 2017 11:13 pm
FLASH NEWS

കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം വേഗത്തില്‍ നല്‍കും: മന്ത്രി

Published : 3rd November 2016 | Posted By: SMR

ആലപ്പുഴ: പക്ഷിപ്പനി മൂലം താറാവുകളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുക സംബന്ധിച്ച് ബുധനാഴ്ചത്തെ മന്ത്രിസഭായോഗം തന്നെ തീരുമാനം എടുക്കുമെന്ന് മൃഗസംരക്ഷണമന്ത്രി കെ രാജു പറഞ്ഞു. പക്ഷിപ്പനി പോലുള്ള രോഗങ്ങള്‍ ഇവിടെത്തന്നെ കണ്ടെത്താനുള്ള ലാബ് സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും പക്ഷികളെ ഇന്‍ഷൂര്‍ ചെയ്യുന്നകാര്യം സര്‍ക്കാരിന്റെ മുന്നിലുണ്ടെന്നും അതിന് കര്‍ഷകരുടെ കൂടി സഹകരണം ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് മാന്യമായ നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പക്ഷിപ്പനി പടര്‍ന്നത് സൈബീരിയയില്‍ നിന്നുള്ള ദേശാടന പക്ഷി വഴിയാണെന്ന് കേന്ദ്രത്തില്‍ നിന്ന് നിരീക്ഷണത്തിനായി എത്തി പക്ഷിപ്പനി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര മൃഗസംരക്ഷണ ജോയിന്റ് സെക്രട്ടറി എച്ച് കെ മുനി എല്ലപ്പ യോഗത്തില്‍ വ്യക്തമാക്കി. ജൂണില്‍ റഷ്യയില്‍ എച്ച്5 എന്‍8 സ്ഥിരീകരിച്ചിരുന്നു. സൈബീരിയന്‍ ദേശാടന പക്ഷികളുടെ സഞ്ചാരപഥമായ ഡല്‍ഹിയില്‍ കഴിഞ്ഞ ഒക്‌ടോബറിലും ഇതേ രോഗം കെണ്ടത്തി. തുടര്‍ന്ന് കേരളത്തിലും ഇത് കെണ്ടത്തിയതോടെയാണ് ദേശാടന പക്ഷികളാണ് ഇതിന്റെ ഉറവിടമെന്ന നിഗമനത്തിലെത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. തകഴി, മുട്ടാര്‍, ചെറുതന, നീലംപേരൂര്‍, പള്ളിപ്പാട് എന്നിവിടങ്ങളില്‍ രോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ദ്രുതകര്‍മ സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ ഒമ്പത് സംഘങ്ങള്‍ എല്ലാ ദിവസവും പ്രവര്‍ത്തിച്ചുവരുന്നതായി മന്ത്രി വ്യക്തമാക്കി. തുടക്കത്തില്‍ തന്നെ രോഗലക്ഷണമുള്ള താറാവുകളെ കണ്ടെത്താനും ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ എത്തിച്ച് രോഗം സ്ഥിരീകരിക്കാനും സര്‍ക്കാര്‍ സംവിധാനത്തിന് കഴിഞ്ഞു. ചൊവ്വാഴ്ച വരെ 38,312 താറാവുകളെ നീക്കി സംസ്‌കരിച്ചതായി മന്ത്രി പറഞ്ഞു. കര്‍ഷകരുടെ വിവിധ പ്രശ്‌നങ്ങള്‍ മന്ത്രിസഭ മുമ്പാകെ അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍ എന്‍ ശശി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഡോ. സത്യരാജ്, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ഗോപകുമാര്‍, മുന്‍ എംപി ടി ജെ ആഞ്ചലോസ്, ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ എന്‍ നാരായണന്‍ പങ്കെടുത്തു. പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ കൂട്ടത്തോടെ ചത്ത തകഴിയില്‍ മന്ത്രി സന്ദര്‍ശനം നടത്തി. ഇന്നലെ ഉച്ചയോടെയാണ് മന്ത്രി എത്തിയത്. തകഴി മൃഗാശുപത്രിയില്‍ മന്ത്രി അവലോകന യോഗവും വിളിച്ചു ചേര്‍ത്തു. മാത്തുക്കുട്ടി ഈപ്പന്‍, ബൈജു കെ, തകഴി പഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷിബു ഒപ്പമുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day