|    Oct 17 Wed, 2018 10:31 am
FLASH NEWS

കര്‍ഷകര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ല: മന്ത്രി

Published : 16th September 2017 | Posted By: fsq

 

കോട്ടയം: കര്‍ഷകര്‍ക്ക് അര്‍ഹമായ ആനുകൂല്യം നിഷേധിക്കുകയും കാര്‍ഷികവരുമാനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍. കോട്ടയം കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിന്റെ പുതിയ ഓഫിസ് ലാബ് കെട്ടിടം ഉദ് ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ഇനി മുതല്‍ സബ്‌സിഡി അനുവദിക്കരുതെന്നും, നെല്‍ കര്‍ഷകര്‍ക്ക് നല്‍കിവരുന്ന 4500 രൂപ നല്‍കാന്‍ ആവില്ലെന്നുമാണ് കേന്ദ്ര നിലപാട്. റബര്‍ കര്‍ഷകരും കുരുമുളക് കര്‍ഷകരും നിരവധി പ്രശ്‌നങ്ങളിലാണ്. പല കാര്‍ഷിക ഉല്‍പന്നങ്ങളും വിലത്തകര്‍ച്ച നേരിടുകയാണ്. ഇവരെയൊന്നും സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. മാത്രമല്ല, പല ഉല്‍പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിലൂടെ കര്‍ഷകര്‍ക്ക് അവരുടെ ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ക്ക് പോലും വില ലഭിക്കുന്നില്ല. വില തകര്‍ച്ച മൂലം നിരവധി കര്‍ഷകരാണ് ആത്മഹ്യ ചെയ്യുന്നത്. ഇതിന് പരിഹാരമുണ്ടാകണമെങ്കില്‍ വിലതകര്‍ച്ചയും കേന്ദ്ര ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരണം. എന്നാല്‍ കര്‍ഷക ആത്മഹത്യ ഒഴിവാക്കാനാകുമെന്നു അദ്ദേഹം പറഞ്ഞു. നിലവില്‍ ഏതാനും കാര്‍ഷികവിളകള്‍ക്ക് മാത്രമാണ് കേന്ദ്ര ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത്. ഇതാവട്ടെ നാമമാത്ര തുകയാണ്. കൃഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിരവധിയാണ്. ഇവയൊന്നും സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാറില്ല. സംസ്ഥാന സ്ഥാപനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഒപ്പം അവരുടെ താല്‍പ്പര്യമറിഞ്ഞ് കൂട്ടായ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞാല്‍ കാര്‍ഷിക രംഗത്ത് ഏറെ ഗുണകരമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss