|    Oct 22 Mon, 2018 12:44 pm
FLASH NEWS

കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കം ശക്തമായി നേരിടും: മാര്‍ ഇഞ്ചനാനിയില്‍

Published : 16th September 2017 | Posted By: fsq

 

താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ വിവിധ വില്ലേജുകളിലെ നിരവധി കര്‍ഷക കുടുംബങ്ങളെ  കുടിയിറക്കാനുള്ള കോഴിക്കോട് ജില്ലാവനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഉത്തരവിനെതിരെ ശക്തമായ പ്രതികരണവുമായി താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. 1977 ജനുവരി 1 നു മുമ്പ് റവന്യുവകുപ്പ് നല്‍കിയ രേഖകള്‍ കൈവശമുള്ളവരും വര്‍ഷങ്ങളായി കൃഷി ചെയ്ത് കുടുംബം പുലര്‍ത്തി വരുന്നവരുമായ കര്‍ഷകകുടുംബങ്ങള്‍ക്കാണ് വനംവകുപ്പിന്റെ കുടിയിറക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. വനംവകുപ്പിന്റെ കൈവശമുണ്ടെന്ന് പറയപ്പെടുന്ന രേഖയുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ വിലകൊടുത്ത് വാങ്ങിയ റവന്യുരേഖകളുള്ള കൃഷിസ്ഥലങ്ങള്‍ നിക്ഷ്പിതവനങ്ങളായി ചിത്രീകരിച്ചാണ് കുടിയിറക്കല്‍ നടപടിയ്‌ക്കൊരുങ്ങുന്നത്.1977 നു മുമ്പ് കൈവശരേഖ സ്വന്തമായുള്ള കര്‍ഷകരുടെ സ്ഥലങ്ങളുടെ നികുതി സ്വീകരിക്കാതെ കര്‍ഷകരെ ബുദ്ധിമുട്ടിപ്പിക്കുന്ന വനംവകുപ്പിന്റെ നടപടിയ്‌ക്കെതിരെ പലതവണ സര്‍ക്കാരിനെ സമീപിക്കുകയും പ്രശ്‌നങ്ങള്‍ കൃത്യമായി അവതരിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം, കൃത്യമായ രേഖകളുള്ള സ്ഥലങ്ങളുടെ നികുതി സ്വീകരിക്കാത്ത കേസുകളില്‍ ജില്ലാകളക്ടര്‍ നികുതി സ്വീകരിക്കാനുള്ള നടപടികള്‍ എടുത്തുവരികെയാണ് വനംവകുപ്പ് ഏകപക്ഷീയമായ കുടിയിറക്കല്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളോടുള്ള നിഷേധാത്മകമായ സമീപനം സംസ്ഥാനത്തുടനീളം നിരവധി കര്‍ഷകരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് വനംവകുപ്പിന്റെ കുടിയിറക്കല്‍ ഭീഷണി പിന്‍വലിപ്പിക്കുകയും മാന്യമായി ജീവിക്കുവാന്‍ കര്‍ഷകകുടുംബങ്ങള്‍ക്ക് സാഹചര്യം ഒരുക്കുകയും ചെയ്യണമെന്ന് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അദ്ധ്വാനിച്ച് ജീവിക്കുന്ന പാവപ്പെട്ടവരുടെ ജീവിതം തട്ടിക്കളിക്കുവാന്‍ ആരെയും അനുവദിക്കുകയില്ലായെന്നും കുടിയിറക്ക് നടപടിയുമായി മുന്നോട്ടുപോയാല്‍ ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ടുപോകുമെന്നും താമരശ്ശേരി ബിഷപ് അറിയിച്ചു. കാന്തലോട്, കൂരാച്ചുണ്ട്, ചക്കിട്ടപാറ കക്കാടംപൊയില്‍ തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കാണ് വനംവകുപ്പിന്റെ കുടിയിറക്കല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss