|    Nov 19 Mon, 2018 6:48 am
FLASH NEWS

കര്‍ഷകരുടെ സമരം അടിച്ചമര്‍ത്തുന്നത് ഇരട്ടത്താപ്പ്: കെപിഎ മജീദ്

Published : 15th March 2018 | Posted By: kasim kzm

കോഴിക്കോട്: നന്ദിഗ്രാമില്‍ സിപിഎം ഭരണകൂടം 14 കര്‍ഷകരെ വെടിവച്ച് കൊന്നതിന്റെ വാര്‍ഷിക ദിനത്തില്‍ കണ്ണൂര്‍ കീഴാറ്റൂരിലെ കര്‍ഷകരുടെ സമരം അടിച്ചമര്‍ത്തുന്നത് ഇരട്ടത്താപ്പാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. നൂറുമേനി കൊയ്യുന്ന നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കാനും കുടിവെള്ള സ്രോതസ് നിലനിര്‍ത്താനും വേണ്ടിയാണ് മരിക്കാന്‍ തയാറായി വയല്‍കിളികള്‍ എന്ന പേരില്‍ സംഘടിച്ചവര്‍ സമരം നടത്തുന്നത്.
രാജ്യത്ത് സിപിഎമ്മിന് ഭരണമുള്ള ഏക സംസ്ഥാനമായ കേരളത്തില്‍ വേട്ടക്കാര്‍ക്കൊപ്പം ചേരുന്നവര്‍ ശക്തിയില്ലാത്ത മേഖലകളില്‍ ഇരകള്‍ക്കായി ശബ്ദിക്കുന്നത് അപഹാസ്യമാണ്. കര്‍ഷകരുടെ ലോംഗ് മാര്‍ച്ചുകളെ ആഘോഷമാക്കുന്നവര്‍ ഭരണ സ്വാധീനമുള്ളിടത്ത് ഫാഷിസ്റ്റ് ശൈലി സ്വീകരിക്കുന്നത് തനിനിറം തുറന്നുകാണിക്കുന്നതാണ്.
കടുത്ത ചൂടും കുടിവെള്ള ക്ഷാമവും നേരിടുമ്പോള്‍ പ്രാദേശിക പാരിസ്ഥിതിക ഘടനയേയും കാലവാസ്ഥയേയും പ്രതികൂലമായി ബാധിക്കുന്ന വികസന രീതികള്‍ വിപരീത ഫലമാണുണ്ടാക്കുക. മനുഷ്യന് വേണ്ടാത്ത കോര്‍പ്പറേറ്റ് വികസനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. ഇരകളായ കര്‍ഷക പ്രക്ഷോഭകരോട് ചര്‍ച്ച നടത്തി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം സമരപ്പന്തല്‍ തീയിടുന്നത് ഭരണകൂട ഭീകരതയാണ്.
ബംഗാളില്‍ മൂന്നര പതിറ്റാണ്ട് തുടര്‍ച്ചയായി ഭരിച്ചവരുടെ അഹങ്കാരമായിരുന്നു സിംഗൂരിലെയും നന്ദിഗ്രാമിലെയും കര്‍ഷകവേട്ട. വെടിയുണ്ടകള്‍കൊണ്ട് അവരെ നേരിട്ടവരെ തുടച്ചുനീക്കിയാണ് ബംഗാള്‍ ജനത കണക്കു ചോദിച്ചതെന്ന് മറക്കരുത്.
നന്ദിഗ്രാം വെടിവെപ്പിന്റെ പതിനൊന്നാം വാര്‍ഷിക ദിനത്തില്‍ സമാനമായി സിപിഎം ക്രിമിനലുകള്‍ പൊലീസിന്റെ സഹായത്തോടെ കര്‍ഷക സമരത്തിന് തീയിടുമ്പോള്‍ ജനാധിപത്യത്തിനു കമ്മ്യൂണിസ്റ്റുകള്‍ കല്‍പ്പിക്കുന്ന വിലയും വ്യക്തമാകും. ഗെയില്‍ പദ്ധതി ഇരകളെയും ഏലൂര്‍ മലിനീകരണ വിരുദ്ധ സമരക്കാരെയും കയ്യൂക്ക് കൊണ്ട് നേരിട്ട പിണറായി സര്‍ക്കാര്‍ മുന്‍ സിപിഎമ്മുകാര്‍ ഏറെ അണിനിരന്ന വയല്‍കിളി കര്‍ഷക സമരത്തിനു നേരെ തീകൊണ്ട് കളിക്കുന്നതും. ഇത്തരം ധിക്കാരം പ്രബുദ്ധ കേരളം ചെറുത്തു തോല്‍പ്പിക്കുമെന്നും കെപിഎ മജീദ് മുന്നറിയിപ്പ് നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss