|    Oct 17 Wed, 2018 6:27 am
FLASH NEWS
Home   >  Editpage  >  Editorial  >  

കര്‍ഷകരുടെ യോജിച്ച പ്രക്ഷോഭം

Published : 23rd September 2017 | Posted By: fsq

 

ഇന്ത്യ കാര്‍ഷിക രാജ്യമാണെന്നും കൃഷിയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് എന്നുമൊക്കെയാണ് പറച്ചിലെങ്കിലും ഇന്ത്യയില്‍ കൃഷിക്കാര്‍ ദുരിതക്കയത്തിലാണ്. കടക്കെണിയില്‍ അകപ്പെട്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് ഇവിടെ പതിവായി. വികസനത്തിന്റെ നവമാതൃകകള്‍ ഏറ്റവും ദോഷകരമായി ബാധിച്ചിട്ടുള്ളത് കര്‍ഷകരെയാണ്. വ്യവസായത്തിനും ഉപഭോഗകേന്ദ്രിതമായ ജീവിതശൈലിക്കും നല്‍കിയ ഊന്നല്‍ കര്‍ഷകരെ അവരുടെ തുണ്ടുഭൂമികളില്‍ നിന്നുപോലും അടിച്ചിറക്കി. അവര്‍ ഉല്‍പാദിപ്പിക്കുന്ന വിളകള്‍ക്കു വിലയില്ലാതായി. കോണ്‍ഗ്രസ് വാഴ്ചക്കാലത്ത് തുടങ്ങിവച്ച കോര്‍പറേറ്റ് പ്രീണനം ബിജെപി ഭരണത്തില്‍ എത്തിയതോടെ കര്‍ഷകദ്രോഹത്തിന്റെ ഉച്ചാവസ്ഥയില്‍ എത്തുകയാണുണ്ടായത്. ബിജെപി ഭരണത്തിലുള്ള മധ്യപ്രദേശിലെ മണ്ട്‌സോറില്‍ പോലിസുകാര്‍ സമരത്തില്‍ ഏര്‍പ്പെട്ട ആറു കൃഷിക്കാരെയാണ് വെടിവച്ചുകൊന്നത്. വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ നടക്കുകയും രാജസ്ഥാനില്‍ നടന്ന പ്രക്ഷോഭത്തിനൊടുവില്‍ എട്ടു ലക്ഷം കര്‍ഷകരുടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ ബിജെപി സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. കര്‍ഷകര്‍ ഇന്ത്യയില്‍ ശക്തമായ പ്രക്ഷോഭശക്തിയായിക്കഴിഞ്ഞു എന്നാണ് ഇതെല്ലാം നല്‍കുന്ന സൂചന. ഈ അവസ്ഥാന്തരത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാജ്യമൊട്ടുക്കുമുള്ള 170 കര്‍ഷക സംഘടനകള്‍ ഒത്തുചേര്‍ന്നു രൂപീകരിച്ച അഖിലേന്ത്യാ കര്‍ഷക സമര കോ-ഓഡിനേഷന്‍ കമ്മിറ്റി (എഐകെഎസ്‌സിസി). ഈ സംഘടനയുടെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി കിസാന്‍ മുക്തി യാത്രകള്‍ നടന്നുവരുകയാണ്. രാഷ്ട്രീയം മറന്നുകൊണ്ടുള്ള കര്‍ഷക സംഘടനകളുടെ കൂട്ടായ്മയാണിത്. യുപിഎ സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേ സമരം നയിക്കുകയും പിന്നീട് 2014ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായി മല്‍സരിച്ച് എംപിയാവുകയും ചെയ്ത സ്വാഭിമാനി ഷേത്കാരി നേതാവ് രാജു ഷെട്ടിയും മുന്‍ എഎപി നേതാവും ഇപ്പോള്‍ സ്വരാജ് അഭിയാന്‍ എന്ന സംഘടനയുടെ സാരഥിയുമായ പ്രഫ. യോഗേന്ദ്ര യാദവുമൊക്കെയാണ് മോദി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരായി രാജ്യത്തെ കൃഷിക്കാരെ അണിനിരത്തി രംഗത്തിറങ്ങിയിട്ടുള്ളത്. ഈ സമരം മോദി ഭരണകൂടത്തിന്റെ അടിസ്ഥാന നയങ്ങള്‍ക്കെതിരായുള്ള ഏറ്റവും ശക്തമായ ജനകീയ പ്രക്ഷോഭമായി മാറുമെന്നാണ് പ്രതീക്ഷ. ജാതി-മതാടിസ്ഥാനത്തില്‍ സംഘപരിവാരം നടത്തിവരുന്ന ഭിന്നിപ്പിക്കല്‍ തന്ത്രങ്ങളെ മറികടന്ന് പൊതു ആവശ്യങ്ങളെ മുന്‍നിര്‍ത്തി ജനങ്ങളെ ഒരുമിപ്പിച്ചുനിര്‍ത്താന്‍ കഴിയുന്നു എന്നതിലാണ് ഈ കര്‍ഷക മുന്നേറ്റത്തിന്റെ പ്രസക്തി. എന്നു മാത്രമല്ല, മോദിഭരണത്തിന്റെ വികല നയങ്ങള്‍ മൂലം ശ്വാസംമുട്ടുന്ന ഇന്ത്യന്‍ ഗ്രാമീണമേഖലയുടെ ചെറുത്തുനില്‍പെന്ന സവിശേഷതയും ഈ കര്‍ഷക പ്രക്ഷോഭത്തിനുണ്ട്. എല്ലാ ഭാഗങ്ങളില്‍ നിന്നും ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകൂടത്തെ ആക്രമിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. കര്‍ഷകരുടെ ഈ യോജിച്ച പോരാട്ടം അതിനാല്‍ പൊതുസമൂഹത്തിന്റെ പിന്തുണ അര്‍ഹിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss