|    Jun 24 Sun, 2018 6:04 pm
FLASH NEWS

കര്‍ലാട് വിനോദകേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക്സൗജന്യ സംഭാരം

Published : 28th November 2016 | Posted By: SMR

തരിയോട്: സംസ്ഥാന ടൂറിസം വകുപ്പ് ഹരിത പരവതാനി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കര്‍ലാട് വിനോദസഞ്ചാരകേന്ദ്രത്തില്‍ തണ്ണീര്‍പ്പന്തലൊരുക്കി ഡിടിപിസി ജീവനക്കാര്‍. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ലാടെത്തുന്ന സന്ദര്‍ശകര്‍ക്ക് സൗജന്യമായി സംഭാരം ലഭിക്കും.ഇതിനുള്ള ചെലവ് ജീവനക്കാര്‍ ഓഹരിയിട്ട് വഹിക്കുമെന്നു കര്‍ലാട് ടൂറിസം സെന്റര്‍ മാനേജര്‍ എം എസ് ദിനേശ് പറഞ്ഞു. 26 ജീവനക്കാരാണ് വിനോദസഞ്ചാരകേന്ദ്രത്തിലുള്ളത്. ഇതില്‍ 15 പേര്‍ കരാര്‍ വ്യവസ്ഥയിലും നാലുപേര്‍ ദിനവേതനാടിസ്ഥാനത്തിലും ജോലി ചെയ്യുന്നവരാണ്. മറ്റു ജീവനക്കാരില്‍ രണ്ടുപേര്‍ സുരക്ഷാ വിഭാഗത്തിലാണ്. മാനേജര്‍ അടക്കം നാലുപേരാണ് സ്ഥിരം ജീവനക്കാരുടെ ഗണത്തില്‍. ജില്ലയില്‍ പൂക്കോട് തടാകം, എടയ്ക്കല്‍ റോക്ക് ഷെല്‍ട്ടര്‍, പ്രിയദര്‍ശിനി എന്‍വിറോണ്‍സ്, കാന്തന്‍പാറ വെള്ളച്ചാട്ടം എന്നിവയാണ് ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങള്‍. സംസ്ഥാനത്ത് ആദ്യമായാണ് ടൂറിസം കേന്ദ്രത്തില്‍ ജീവനക്കാര്‍ സ്വന്തം ചെലവില്‍ തണ്ണീര്‍പ്പന്തലൊരുക്കുന്നതെന്ന് മാനേജര്‍ പറഞ്ഞു. ജില്ലയിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി വളരുകയാണ് കര്‍ലാട്. കല്‍പ്പറ്റയില്‍ നിന്നു 18 കിലോമീറ്റര്‍ അകലെ, തരിയോട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് പ്രകൃതിദത്ത കര്‍ലാട് തടാകം. 11 ഏക്കര്‍ വിസ്തൃതിയും ശരാശരി ആറുമീറ്റര്‍ ആഴവുമാണിതിന്. സ്വകാര്യ ഉടമസ്ഥതയിലായിരുന്ന താടാകവും ഇതോടു ചേര്‍ന്ന് മൂന്നര ഏക്കര്‍ കരയും 1999ല്‍ തരിയോട് പഞ്ചായത്ത് വിലയ്ക്കു വാങ്ങുകയായിരുന്നു. വിനോദസഞ്ചാര വികസനത്തിനായി 2002ലാണ് തടാകവും ചേര്‍ന്നുള്ള ഭൂമിയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കൈമാറിയത്. 2010 ആഗസ്ത് 15ന് അന്നത്തെ ടൂറിസംമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നാടിനു സമര്‍പ്പിച്ച ടൂറിസം സെന്ററില്‍  വര്‍ഷങ്ങളോളം സന്ദര്‍ശകത്തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഏകദേശം 80 ലക്ഷം രൂപ ചെലവില്‍ സാഹസിക വിനോദത്തിനു സൗകര്യം ഒരുക്കിയതോടെയാണ് ഈ അവസ്ഥയ്ക്ക് മാറ്റമായത്. 240 മീറ്റര്‍ സിപ് ലൈന്‍, 12 സ്വിസ് കോട്ടേജ് ടെന്റ്, 10 കനോയിങ് ആന്റ് കയാക്കിങ് യൂനിറ്റ്, 18 അടി ഉയരമുള്ള രണ്ട് ലാന്റ് സോര്‍ബിങ് ബോള്‍, 12 പെയിന്റ് ബോള്‍, എട്ട് ആര്‍ച്ചറി യൂനിറ്റ്, താല്‍ക്കാലിക ഫ്‌ളോട്ടിങ് ബോട്ട് ജെട്ടി, റോക് ക്ലൈംബിങ് സൗകര്യങ്ങളും പ്രകൃതിസൗന്ദര്യവുമാണ് കര്‍ലാടിനെ ആകര്‍ഷകമാക്കുന്നത്. ദിവസവും 250-300 സന്ദര്‍ശകര്‍ കര്‍ലാടെത്തുന്നുണ്ടെന്നു മാനേജര്‍ പറഞ്ഞു. മുതിര്‍ന്നവര്‍ക്ക് 30ഉം കുട്ടികള്‍ക്ക് പത്തും രൂപയാണ് പ്രവേശന ഫീസ്. 60 രൂപ നിരക്കിലാണ് വിദേശികള്‍ക്ക് ടിക്കറ്റ് നല്‍കുന്നത്. രാജ്യത്ത് നൈസര്‍ഗിക തടാകത്തിനു കുറുകെയുള്ള പ്രഥമ സിപ് ലൈനാണ് കര്‍ലാടിലേത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss