|    Jan 16 Mon, 2017 6:36 pm

കര്‍ണാടക സ്വദേശികളായ അഞ്ചംഗ കവര്‍ച്ചാസംഘം കണ്ണൂരില്‍ അറസ്റ്റില്‍

Published : 12th July 2016 | Posted By: SMR

കണ്ണൂര്‍: നാലുജില്ലകളിലെ ഇരുപത്തിയഞ്ചോളം വീടുകളില്‍ മോഷണം നടത്തിയ കേസുമായി ബന്ധപ്പെട്ട് കര്‍ണാടക സ്വദേശികളായ അഞ്ചുപേരെ വളപട്ടണം സിഐയും സംഘവും അറസ്റ്റ് ചെയ്തു. സുരേഷ് (30), ആന്റണി എന്ന വിനോദ് (23) ചന്ദ്രകുമാര്‍ (34) കുങ്കുമണി (68), പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി എന്നിവരാണു പിടിയിലായത്. കണ്ണപുരം കുറുക്കനാലില്‍ നടന്ന ഒരു കേസുമായി ബന്ധപ്പെട്ട് വളപട്ടണം സിഐ ടി പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം മാനന്തവാടിയില്‍നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലില്‍ മോഷണക്കുറ്റം സമ്മതിച്ചതായി പോലിസ് പറഞ്ഞു. കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. അമ്മി കൊത്തല്‍, സെപ്റ്റിക് ടാങ്ക് വൃത്തിയാക്കല്‍, ആക്രിക്കച്ചവടം എന്നീ തൊഴിലെടുക്കുന്നുവെന്ന വ്യാജേനയാണ് ഇവര്‍ ഒരോ സ്ഥലത്തും താമസമാക്കുന്നത്.
തുടര്‍ന്ന് പ്രദേശത്തിന്റെ സ്വഭാവവും മോഷണം നടത്താനുള്ള വീടുകളും കണ്ടെത്തി രാത്രിയിലെത്തും. വീടുകളുടെ ജനല്‍ക്കമ്പി വളച്ച് അതില്‍ക്കൂടി ഒപ്പമുള്ള കുട്ടിയെ അകത്തുകടത്തിയാണ് കവര്‍ച്ച. കഴിഞ്ഞ ഒരു വര്‍ഷമായി കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ 25 സ്ഥലങ്ങളില്‍നിന്ന് നൂറു പവന്‍ സ്വര്‍ണാഭരണങ്ങളും അഞ്ചുലക്ഷം രൂപയും ഇവര്‍ അപഹരിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 28ന് കണ്ണൂര്‍ ആയിക്കരയിലെ സിന്ദുവിന്റെ വീടിന്റെ ജനല്‍ക്കമ്പി വളച്ച് രണ്ടരപവന്‍ സ്വര്‍ണം കവര്‍ന്നത് ഇവരാണെന്ന് പോലിസ് പറഞ്ഞു. മാര്‍ച്ച് ഒന്നിനു താഴെചൊവ്വ തെഴുക്കില്‍പീടിക റെയില്‍വേ ഗേറ്റിനു സമീപത്തെ വീട്ടില്‍നിന്ന് ആറുപവന്‍ മോഷ്ടിച്ചു. മാര്‍ച്ച് 30ന് കണ്ണപുരം കുറുക്കനാലില്‍ പൂട്ടിയിട്ട വീട്ടില്‍നിന്ന് 20 പവന്‍ സ്വര്‍ണം കൈക്കലാക്കിയ ഇവര്‍ കോഴിക്കോട് മുക്കത്താണ് വില്‍പന നടത്തിയത്. ഇതില്‍ നാലുപവന്‍ പോലിസ് കണ്ടെത്തി.
ഏപ്രില്‍ 15ന് ചിറക്കലിലെ ബാബുവിന്റെ വീട്ടില്‍നിന്ന് 30 പവന്‍ കവര്‍ന്ന കേസില്‍ ചന്ദ്രകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാള്‍ സംഘത്തോടൊപ്പം ചേര്‍ന്ന് കൂടുതല്‍ കവര്‍ച്ചയിലേര്‍പ്പെട്ടു. കണ്ണപുരം എസ്‌ഐ വിനുമോഹന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഷാജിമോന്‍, സുനില്‍ കുമാര്‍, അനില്‍കുമാര്‍, മഹേഷ്, ജംഷീദ് എന്നിവര്‍ കേസന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക