|    Jan 17 Tue, 2017 8:33 pm
FLASH NEWS

കര്‍ണാടക സര്‍ക്കാരിന്റെ വാദം സുപ്രിംകോടതി തള്ളി ; ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് വിചാരണ ഒരുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കണം; മഅ്ദനിക്ക് മാതാവിനെ കാണാനെത്താന്‍ അനുമതി

Published : 1st July 2016 | Posted By: SMR

ന്യൂഡല്‍ഹി: പിഡിപി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിക്ക് രോഗബാധിതയായ മാതാവിനെ കാണുന്നതിനു നാട്ടിലേക്കു പോവാന്‍ സുപ്രിംകോടതിയുടെ അനുമതി. മഅ്ദനി കേരളത്തിലെത്തിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം ജസ്റ്റിസുമാരായ എസ് ബോഗ്‌ഡെ, അശോക്ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് തള്ളി.
എന്നാല്‍ എത്ര ദിവസം അനുവദിക്കണമെന്നു വിചാരണക്കോടതിക്ക് തീരുമാനിക്കാം. മാതാവിന്റെ രോഗവിവരങ്ങളടങ്ങുന്ന ഡോക്ടറുടെ റിപോര്‍ട്ട് കോടതിക്കു കൈമാറണം. പ്രമേഹംമൂലം കടുത്ത വിഷമതകള്‍ അനുഭവിക്കുന്ന മഅ്ദനി വിചാരണാവേളയില്‍ എല്ലാദിവസവും കോടതിയില്‍ ഹാജരാവണമെന്ന വ്യവസ്ഥയും ഒഴിവാക്കി. കോടതി ആവശ്യപ്പെടുന്ന ദിവസങ്ങളില്‍ മാത്രം എത്തിയാല്‍ മതി. അല്ലാത്ത ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയിലുണ്ടാവണം.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിന്റെ വിചാരണ ഒരുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കണമെന്നു നിര്‍ദേശിച്ച സുപ്രിംകോടതി, എല്ലാ കേസുകളിലും ഒന്നിച്ചു വിചാരണ നടത്തണമെന്ന അപേക്ഷയില്‍ തീരുമാനമെടുക്കുന്നതു മാറ്റിവച്ചു. രോഗബാധിതയായ മാതാവിനെ കാണുന്നതിന് രണ്ടു മാസത്തിലൊരിക്കല്‍ നാട്ടില്‍ പോവാന്‍ അനുവദിക്കണമെന്നും ശാരീരികാവസ്ഥ മോശമായതിനാല്‍ ദിനേന കോടതിയില്‍ ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും മഅ്ദനിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞവര്‍ഷം മെയിലും അഞ്ചുദിവസത്തേക്ക് നാട്ടിലേക്കു വരാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു. വിചാരണക്കോടതിയിലെ തനിക്കെതിരായ ഒമ്പതു കേസുകളില്‍ പൊതുവായ വിചാരണ നടത്തണമെന്നും ജാമ്യവ്യവസ്ഥകളില്‍ ഇളവനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരിയിലാണ് അബ്ദുന്നാസിര്‍ മഅ്ദനി സുപ്രിംകോടതിയെ സമീപിച്ചത്. കേസുകളില്‍ പൊതുവിചാരണ നടത്തണമെന്നഭ്യര്‍ഥിച്ച് നേരത്തെ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. വിചാരണക്കോടതിയില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം.
വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രിംകോടതി വിചാരണക്കോടതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സുപ്രിംകോടതി നിര്‍ദേശമുണ്ടായി രണ്ടുദിവസത്തിനു ശേഷം പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചു. തുടര്‍ന്ന് കര്‍ണാടക പോലിസിന്റെ നിലപാട് കേസുകള്‍ ഏകോപിപ്പിക്കുന്നതിന് എതിരാണെന്നു ചൂണ്ടിക്കാട്ടി മഅ്ദനി വീണ്ടും സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
മഅ്ദനിയുടെ ഹരജിയെ ശക്തമായാണു കര്‍ണാടക സര്‍ക്കാര്‍ എതിര്‍ത്തത്. വധശിക്ഷവരെ ലഭിക്കാന്‍ സാധ്യതയുള്ള ഗൗരവമുള്ള കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നതെന്നും ശിക്ഷ ലഘൂകരിക്കാനാണ് കേസുകള്‍ ഒന്നിപ്പിക്കണമെന്നു പറയുന്നതെന്നും കര്‍ണാടക ചൂണ്ടിക്കാട്ടിയിരുന്നു.
കേസുകള്‍ നീളാന്‍ കാരണവും മഅ്ദനി തന്നെയാണെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി. എന്നാല്‍, കേസുകള്‍ ഏകോപിപ്പിക്കുകയാണെങ്കില്‍ 90 സാക്ഷികളെ വിസ്തരിച്ചാല്‍ മതിയെന്നാണ് മഅ്ദനിയുടെ വാദം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക