|    Jul 27 Thu, 2017 10:23 pm
FLASH NEWS

കര്‍ണാടക മോഡല്‍ ഫെന്‍സിങ്; വനംവകുപ്പ് നടപടി തുടങ്ങിയില്ല

Published : 30th September 2016 | Posted By: Abbasali tf

മാനന്തവാടി: ജില്ലയിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരമായി കര്‍ണാടക മോഡല്‍ റെയില്‍ ഫെന്‍സിങ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി അപേക്ഷ നല്‍കി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും നടപടികളെടുക്കാന്‍ വനംവകുപ്പ് അധികൃതര്‍ തയ്യാറായില്ല. കര്‍ണാടക, തമിഴ്‌നാട്, അസം സര്‍ക്കാരുകള്‍ ലേലത്തിലും വില നല്‍കിയും പഴയ റെയില്‍പ്പാളങ്ങള്‍ വാങ്ങിയാണ് വനാതിര്‍ത്തിയില്‍ വേലികെട്ടി കര്‍ഷകരെ സംരക്ഷിക്കുന്നത്. ഇത്തരം ഫെന്‍സിങുകള്‍ എവിടെയും എത്തിക്കാനും ചുരുങ്ങിയ ചെലവില്‍ സ്ഥാപിക്കാനും കഴിയും. ഈ ഫെന്‍സിങുകള്‍ക്ക് താഴെ നെറ്റ് കൊണ്ട് മറച്ച് മാന്‍, പന്നി, കടുവ എന്നിവ ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നതും തടയാം. വന്യമൃഗശല്യം പ്രതിരോധിക്കാനായി പലയിടങ്ങളിലും കല്‍മതില്‍ നിര്‍മിച്ചിരുന്നെങ്കിലും ഇതെല്ലാം ഒരു വര്‍ഷം കൊണ്ട് തകര്‍ന്നു. റെയില്‍ ഫെന്‍സിങുകള്‍ തകരുകയോ എത്ര വര്‍ഷം കഴിഞ്ഞാലും അറ്റകുറ്റപ്പണികള്‍ നടത്തുകയോ ചെയ്യണ്ടതില്ല. കര്‍ണാടകയില്‍ പലയിടങ്ങളിലും വന്യമൃഗശല്യത്തിന് പരിഹാരമായി വനമേഖലയില്‍ തള്ളിമാറ്റാവുന്ന റെയില്‍ ഗേറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. വന്യമൃഗ പ്രതിരോധത്തിനായി കഴിഞ്ഞ ബജറ്റില്‍ 100 കോടി രൂപയാണ് മാറ്റിവച്ചത്. ഈ സാഹചര്യത്തിലാണ് ജില്ലയിലെ വന്യമൃഗശല്യത്തിന് ഏറ്റവും ഗുണകരമായതും ചെലവ് കുറഞ്ഞതുമായ റെയില്‍ ഫെന്‍സിങ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വയനാട് വന്യമൃഗശല്യ പ്രതിരോധ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് നിവേദനം നല്‍കിയത്. എന്നാല്‍, കേരളത്തിന് ആവശ്യമായ പഴയ റെയില്‍പ്പാളം സംഭാവനയായി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും മറുപടി ലഭിച്ചില്ലെന്ന വിചിത്രമായ മറുപടിയാണ് പിസിസിഎഫിന്റെ ഓഫിസില്‍ നിന്നു ലഭിച്ചതെന്നും ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെടണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക