|    Jan 23 Mon, 2017 10:27 pm

കര്‍ണാടക തമിഴ്‌നാടിന്ജലം നല്‍കിത്തുടങ്ങി

Published : 8th September 2016 | Posted By: SMR

ബംഗളൂരു: കര്‍ഷകരുടെ പ്രതിഷേധത്തിനിടെ കര്‍ണാടക, തമിഴ്‌നാടിന് കാവേരി നദീജലം നല്‍കാന്‍ തുടങ്ങി. സുപ്രിംകോടതി നിര്‍ദേശമനുസരിച്ചാണ് കര്‍ണാടകത്തിന്റെ നടപടി. തമിഴ്‌നാടിന് 10 ദിവസത്തേക്ക് 15,000 ഘന അടി വീതം വെള്ളം വിതരണം ചെയ്യണമെന്നായിരുന്നു കോടതി നിര്‍ദേശം. ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് വെള്ളം നല്‍കാന്‍ തുടങ്ങിയതെന്ന് കര്‍ണാടക ജലവിഭവ മന്ത്രാലയം അറിയിച്ചു. കാവേരി നദീജലം തമിഴ്‌നാടിനു നല്‍കുന്നതിനെതിരേ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം തുടരുന്നുണ്ട്. മാണ്ഡ്യയിലും സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും പ്രതിഷേധം ശക്തമായി. പ്രതിഷേധക്കാര്‍ നിരവധി റോഡുകള്‍ തടഞ്ഞു. സ്‌കൂളുകളും കോളജുകളും അടച്ചിട്ടു. ബംഗളൂരു -മൈസൂരു ഹൈവേ കര്‍ഷകരും കന്നഡ അനുകൂല സംഘടനകളും ഉപരോധിച്ചു. ക്രമസമാധാനം പാലിക്കുന്നതിന് കാവേരി മേഖലയില്‍ സുരക്ഷാ ഭടന്‍മാരെ വിന്യസിച്ചു. മാണ്ഡ്യയില്‍ തിങ്കളാഴ്ച ബന്ദ് ആചരിച്ചിരുന്നു. കര്‍ണാടകത്തിന് ക്ലേശമുണ്ടെങ്കിലും സുപ്രിംകോടതി ഉത്തരവനുസരിച്ച് തമിഴ്‌നാടിന് വെള്ളം നല്‍കുമെന്ന് സര്‍വകക്ഷിയോഗത്തിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാനുള്ള ക്ലേശങ്ങള്‍ ഉള്‍പ്പെടുത്തി സുപ്രിംകോടതിയില്‍ പുതിയ ഹരജി സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് സുപ്രിംകോടതി ഉത്തരവ് നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സുപ്രിംകോടതി നിര്‍ദേശത്തെ ധിക്കരിക്കാന്‍ ഭരണഘടനാപരമായി സാധ്യമല്ലെന്നും അവര്‍ പറഞ്ഞു. വെള്ളം വിട്ടുനല്‍കാനുള്ള ബുദ്ധിമുട്ട് കാവേരി സൂപ്പര്‍വൈസറി കമ്മറ്റിയെയും കര്‍ണാടക ധരിപ്പിക്കും. മതിയായ മഴ ലഭിക്കാത്തതിനാല്‍ തമിഴ്‌നാടിന് വെള്ളം നല്‍കാനാവില്ലെന്നായിരുന്നു കര്‍ണാടക നേരത്തേ പറഞ്ഞിരുന്നത്. കാവേരി വിഷയത്തില്‍ സിദ്ധരാമയ്യ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് ബിജെപിയുടെയും ജെഡിഎസിന്റെയും ശ്രമം. എന്നാല്‍ ദേവഗൗഡ, എസ് എം കൃഷ്ണ, ബി എസ് യെദ്യൂരപ്പ, ജഗദീഷ് ഷെട്ടാര്‍ സര്‍ക്കാരുകളും തമിഴ്‌നാടിന് വെള്ളം നല്‍കിയിട്ടുണ്ടെന്നാണ് സിദ്ധരാമയ്യയുടെ വാദം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക