|    Mar 19 Mon, 2018 12:40 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കര്‍ണാടക: കെ ജെ ജോര്‍ജ് സത്യപ്രതിജ്ഞ ചെയ്തു

Published : 27th September 2016 | Posted By: SMR

ബംഗളൂരു: കര്‍ണാടക നഗരക്ഷേമ, ബംഗളൂരു നഗര വികസന മന്ത്രിയായിരുന്ന കെ ജെ ജോര്‍ജ് സംസ്ഥാന മന്ത്രിസഭയില്‍ തിരിച്ചെത്തി. ഇന്നലെ ഉച്ചയ്ക്ക് ബംഗളൂരു രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല ജോര്‍ജിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഡിഎസ്പി എം കെ ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ജോര്‍ജിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ജൂലൈ 18നാണ് ജോര്‍ജ് രാജിവച്ചത്. കേസ് അന്വേഷിച്ച കര്‍ണാടക സിഐഡി ഈ മാസം 17ന് ജോര്‍ജിന് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇദ്ദേഹം സിദ്ധരാമയ്യ മന്ത്രിസഭയില്‍ കാബിനറ്റ് റാങ്കോടെ തിരിച്ചെത്തുന്നത്. നേരത്തേ കര്‍ണാടക ആഭ്യന്തരമന്ത്രിയായും ജോര്‍ജ് സേവനമനുഷ്ഠിച്ചിരുന്നു.സിറിയ: 71 യുഎന്‍ ട്രക്കുകള്‍ ഹലബിലെത്തി
ദമസ്‌കസ്: സിറിയയിലെ സംഘര്‍ഷമേഖലയില്‍ അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനായി യുഎന്‍ അയച്ച 71 ട്രക്കുകള്‍ ഹലബിലെത്തി. നാലു നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ അവശ്യവസ്തുക്കള്‍ വിതരണം ചെയ്തതെന്ന് റെഡ്‌ക്രോസ് അറിയിച്ചു. ആറുമാസത്തിനിടെ ആദ്യമായാണ് ഇവിടെ സഹായമെത്തിക്കാന്‍ സാധിക്കുന്നത്.
വിമത അധീനതയിലുള്ള മദായ, സബദാനി, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇദ്‌ലിബിലെ ഫോഅഹ്, കെഫ്രായ എന്നിവിടങ്ങളിലാണ് സഹായം വിതരണം ചെയ്തത്. ഭക്ഷണം, മരുന്ന് തുടങ്ങി 60000ത്തോളം ആളുകള്‍ക്കുള്ള സാധനങ്ങളാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. യുഎന്‍ സഹായവുമായി പുറപ്പെട്ട വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച സഹായവിതരണം നിര്‍ത്തിവച്ചിരുന്നു. ആക്രമണം നടത്തിയതിന്റെ പേരില്‍ യുഎസും റഷ്യയും പരസ്പരം പഴിചാരുകയാണ്.
അതിനിടെ, ഇന്നലെയും വടക്കന്‍ സിറിയയില്‍ നിരവധി തവണ വ്യോമാക്രമണങ്ങളുണ്ടായതായി നിരീക്ഷകസംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ട കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ 237 പേരാണു കൊല്ലപ്പെട്ടത്. ഇതില്‍ 38 കുട്ടികളും ഉള്‍പ്പെടും.
ആശുപത്രികള്‍ നിറഞ്ഞൊഴുകുന്നു
ദമസ്‌കസ്: സിറിയയില്‍ സംഘര്‍ഷം കനക്കുമ്പോള്‍ ആശുപത്രിയിലേക്ക് ഒഴുകിയെത്തുന്നവര്‍ക്ക് ചികില്‍സ പോലും ലഭ്യമാവാത്ത അവസ്ഥയാണിപ്പോള്‍. ആശുപത്രികളുടെ എണ്ണക്കുറവും സൗകര്യക്കുറവും സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. മൃതദേഹങ്ങളാലും സ്‌ഫോടനങ്ങളില്‍ പരിക്കേറ്റവരാലും ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ ആക്രമണങ്ങള്‍ക്കിടയില്‍ 250ഓളം ആളുകളാണ് കൊല്ലപ്പെട്ടത്. ബന്ധുക്കള്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലിരിക്കുന്നതിനാല്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മൃതദേഹങ്ങള്‍ തറയില്‍ കുന്നുകൂടിക്കിടക്കുന്നതാണ് കാണാന്‍ സാധിക്കുന്നതെന്ന് അല്‍ജസീറ പ്രതിനിധി അമര്‍ ഹലബി റിപോര്‍ട്ട് ചെയ്തു. വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ മിക്കപ്പോഴും പുറത്താണ് രോഗികള്‍ക്കു ചികില്‍സ നല്‍കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss