|    Feb 21 Wed, 2018 9:04 am
FLASH NEWS

കര്‍ണാടകയില്‍ നിന്ന് അനധികൃത മണല്‍ കടത്ത് സജീവം

Published : 15th January 2017 | Posted By: fsq

 

കാസര്‍കോട്: കര്‍ണാടകയില്‍ നിന്ന് ഊടുവഴികളിലൂടെ മണല്‍ കടത്തുന്നത് പതിവായി. രാത്രികാലങ്ങളിലാണ് മലപ്പുറം വരെയുള്ള ജില്ലകളിലേയ്ക്ക് ഉള്ളാള്‍ നേത്രാവതി പുഴയില്‍ നിന്ന് മണല്‍ കടത്തുന്നത്. ടോറസ്, ടിപ്പര്‍ ലോറികളിലാണ് മണല്‍ കടത്ത്. ചില ദേശീയപെര്‍മിറ്റ് ലോറികളിലും മറ്റു സാധനങ്ങളാണെന്ന വ്യാജേന മണല്‍ കടത്തുന്നുണ്ട്. ചെക്ക് പോസ്റ്റുകളില്‍ ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് മണല്‍ കടത്തുന്നത്. കാസര്‍കോട് സിഐയുടെ നേതൃത്വത്തില്‍ ഇടക്കിടെ മണല്‍ കടത്ത് പിടികൂടാറുണ്ടെങ്കിലും മറ്റു സ്ഥലങ്ങളില്‍ പോലിസും ഹൈവേ പോലിസും നിഷ്‌ക്രിയമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒരു ലോഡ് മണലിന് കര്‍ണാടകയില്‍ 5000 രൂപയാണ് വില. ഇത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെത്തുമ്പോള്‍ അരലക്ഷത്തിന് മുകളില്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ വ്യാപകമായി മണല്‍ കടത്തിന് ശ്രമിക്കുകയാണെന്ന് ആരോപണമുണ്ട്. ഇതിന് ചില രാഷ്ട്രീയ പാര്‍ട്ടികളുടേയും ഉദ്യോഗസ്ഥരുടേയും സഹായം ലഭിക്കുന്നുണ്ട്. ജില്ലാ പോലിസ് മേധാവിയായിരുന്ന തോംസണ്‍ ജോസിന്റെ നേതൃത്വത്തില്‍ അനധികൃത മണല്‍ കടത്തിനെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നുവെങ്കിലും ഇദ്ദേഹത്തെ ഒരാഴ്ച മുമ്പ് സ്ഥലംമാറ്റിയിരുന്നു. ഇത് മണല്‍ ലോബികള്‍ക്ക് വേണ്ടിയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. മഞ്ചേശ്വരം, ബായാര്‍, ആദൂര്‍, പെര്‍ള ചെക്ക് പോസ്റ്റുകള്‍ വഴി അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ അഞ്ച് മുതല്‍ നിരവധി ലോഡ് മണലാണ് കടത്തികൊണ്ടുവരുന്നത്. കഴിഞ്ഞ ദിവസം രാത്രി 15 ലോഡ് മണലാണ് മഞ്ചേശ്വരം ചെക്ക് പോസ്റ്റ് വഴി കടന്നുപോയത്. ഇതില്‍ രണ്ട് ലോഡ് മണല്‍ കാസര്‍കോട് സിഐയുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി കടത്തുകയായിരുന്ന അഞ്ച് ലോഡ് മണല്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് കാസര്‍കോട് പോലിസ് പിടികൂടി. ലോറി ഡ്രൈവര്‍മാരായ പാനമംഗളൂരുവിലെ ഉബൈദ്(30), നന്ദാപുരം മുഹമ്മദ് സവാദ്(28) എന്നിവരെഅറസ്റ്റ് ചെയ്തു. മറ്റു മൂന്നു ലോറി ഡ്രൈവര്‍മാര്‍ രക്ഷപ്പെട്ടു. ഹൈവേ പോലിസ് മണല്‍ കടത്ത് പിടികൂടുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. തലശ്ശേരി, കോഴിക്കോട് ഭാഗങ്ങളില്‍ നിന്നുള്ള ചിലരാണ് കര്‍ണാടക കേന്ദ്രീകരിച്ച് മണല്‍ കടത്തിന് നേതൃത്വം നല്‍കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss