|    Nov 13 Tue, 2018 3:41 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷിച്ചു

Published : 11th November 2018 | Posted By: kasim kzm

ബംഗളൂരു: കര്‍ണാടകയില്‍ ടിപ്പുസുല്‍ത്താന്റെ ജന്മദിനം ആഘോഷിച്ചു. ആഘോഷച്ചടങ്ങില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി പരമേശ്വരയും പങ്കെടുത്തില്ല. ബിജെപിയുടെ പ്രതിഷേധത്തിനിടെയാണ് സര്‍ക്കാര്‍, 18ാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന മൈസൂര്‍ സിംഹം എന്നറിയപ്പെടുന്ന ടിപ്പുസുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കുന്നത്.
കനത്ത സുരക്ഷയിലാണ് സര്‍ക്കാര്‍ ആഘോഷം നടത്തിയത്. ബിജെപിയും മറ്റു ഹിന്ദു സംഘടനകളും ആഘോഷത്തിനെതിരേ പ്രതിഷേധിച്ചു. പ്രധാന പരിപാടി നടന്ന ബംഗളൂരുവില്‍ ആഘോഷത്തിന് വലിയ തിളക്കമില്ലായിരുന്നു. അസുഖബാധിതനായതിനെ തുടര്‍ന്ന് കുമാരസ്വാമി പരിപാടിയില്‍ പങ്കെടുത്തില്ല. ക്ഷണക്കത്തില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പരമേശ്വരയും എത്തിയില്ല. പരിപാടിയില്‍ പങ്കെടുക്കുന്നത് മുഖ്യമന്ത്രി ഒഴിവാക്കിയത് ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ചതായാണ് റിപോര്‍ട്ട്.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിച്ചത് അന്നു പ്രതിപക്ഷത്തായിരുന്ന കുമാരസ്വാമി ചോദ്യംചെയ്തിരുന്നു. തന്റെ തട്ടകമായ പഴയ മൈസൂരു മേഖലയിലെ വോട്ടര്‍മാരെ പിണക്കാതിരിക്കാനാണ് കുമാരസ്വാമി ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നും റിപോര്‍ട്ടുണ്ട്.
ടിപ്പുവിന്റെ പുരോഗമനപരമായ നടപടികളും നവീകരണത്തിനുവേണ്ടിയുള്ള അന്വേഷണങ്ങളും പ്രശംസനീയമാണെന്ന് ജെഡിഎസ് നേതാവ് പറഞ്ഞു. ഞായറാഴ്ച വരെ വിശ്രമം വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് പറഞ്ഞു.
കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് മന്ത്രിസഭ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ആഘോഷമാണ് ടിപ്പു ജയന്തി. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എല്ലാ വര്‍ഷവും നവംബര്‍ 10ന് ടിപ്പു ജയന്തി ആഘോഷിച്ചിരുന്നു. 2015ല്‍ കുടക് ജില്ലയില്‍ നടത്തിയ ടിപ്പു ജയന്തി ആഘോഷത്തിനിടെ പ്രതിഷേധക്കാര്‍ ആക്രമണം നടത്തുകയും ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. അന്നത്തെ അക്രമങ്ങള്‍ക്കിടെ വിഎച്ച്പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു.
ശനിയാഴ്ച കുടക് ജില്ലയില്‍ ആഘോഷം തടയാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകരെയും എംഎല്‍എ അപ്പാച്ചുവിനെയും പോലിസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു ബിജെപി എംഎല്‍എയും മുന്‍ നിയമസഭാ സ്പീക്കറുമായ കെ ജി ബൊപ്പയ്യയെയും കസ്റ്റഡിയിലെടുത്തു. സുരക്ഷാനടപടിയുടെ ഭാഗമായി കുടകിലടക്കം മിക്ക ജില്ലകളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss