|    Feb 26 Sun, 2017 8:57 am
FLASH NEWS

കര്‍ണാടകയില്‍ കര്‍ശന സുരക്ഷ; ടിപ്പു ജയന്തി ഇന്ന്

Published : 10th November 2016 | Posted By: SMR

സാദിഖ്  ഉളിയില്‍

മടിക്കേരി: സംഘപരിവാര ഭീഷണിക്കും കനത്ത പോലിസ് സുരക്ഷയ്ക്കും ഇടയില്‍ കുടക് ജില്ല ഉള്‍പ്പെടെ കര്‍ണാടക സംസ്ഥാനത്ത് ഉടനീളം ഇന്നു ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷം. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് വിവിധ ആഘോഷ പരിപാടികള്‍ നടക്കുന്നത്.
കഴിഞ്ഞ വര്‍ഷം ടിപ്പു ജയന്തി ആഘോഷത്തിനിടെ കുടകില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെയും സംഘപരിവാര സംഘടനകളുടെ പ്രതിഷേധ സമരങ്ങളുടെയും പശ്ചാത്തലത്തില്‍ ജില്ലയില്‍ ഉടനീളം വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ആഭ്യന്തരവകുപ്പ് ഒരുക്കിയിരിക്കുന്നത്. മടിക്കേരി ജില്ലാ ആസ്ഥാനത്തും വീരാജ്‌പേട്ട, സോമവാര്‍പേട്ട താലൂക്ക് ആസ്ഥാനങ്ങളിലുമാണ് കര്‍ണാടക സാംസ്‌കാരിക വകുപ്പിനു കീഴില്‍ ടിപ്പു ജയന്തി ആഘോഷം നടക്കുക.
മടിക്കേരിയില്‍ രാവിലെ 10നു സാംസ്‌കാരിക മന്ത്രി എം ആര്‍ ശാന്താറാം ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പ്രത്യേക ക്ഷണിതാക്കള്‍ക്കു മാത്രമാണ് മൂന്നു സ്ഥലങ്ങളിലും പ്രവേശനം. കര്‍ണാടകയിലെ മുഴുവന്‍ ജില്ലകളിലും ഔദ്യോഗികതലത്തില്‍ ടിപ്പുജയന്തി ആഘോഷ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും കുടകില്‍ മാത്രമാണ് സംഘപരിവാരം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുവന്നിട്ടുള്ളത്.
കഴിഞ്ഞ ദിവസം ടിപ്പു ജയന്തി വിരുദ്ധ സമിതിയെന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും ശക്തമായ പോലിസ് മുന്നറിയിപ്പിനെ തുടര്‍ന്ന് കരിദിനമായി ആചരിക്കാനാണ് തീരുമാനം. അതേസമയം, അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് മടിക്കേരി ജില്ലാ ഭരണകൂടവും പോലിസും ഒരുക്കിയിട്ടുള്ളത്. അതിര്‍ത്തി മേഖലയിലും പ്രധാന സ്ഥലങ്ങളിലും ഉള്‍പ്പെടെ  നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ദക്ഷിണ കര്‍ണാടകയിലെ മൂന്നു പോലിസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ എട്ട് ഡിവൈഎസ്പിമാര്‍, 20 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, 12 ബറ്റാലിയന്‍ കെഎസ്ആര്‍എഫ്, 21 ബറ്റാലിയന്‍ ഡിഎഎഫ്, ഹോം ഗാര്‍ഡ്, 200 പോലിസ് സേനാംഗങ്ങള്‍ എന്നിവരാണ് ക്രമസമാധാനം നിയന്ത്രിക്കുക. ജില്ലയില്‍ ഇന്നലെ നിലവില്‍ വന്ന നിരോധനാജ്ഞ നാളെ കൂടി തുടരും. അക്രമം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പോലിസ് കമ്മീഷണര്‍ ഡോ. എ സുബ്രഹ്മണ്യേശ്വര റാവുവും കുടക് ജില്ലാ പോലിസ് ചീഫ് പി രാജേന്ദ്രപ്രസാദും അറിയിച്ചു.
മടിക്കേരി ജയിലിനു പുറമേ ബെല്ലാരി ജയിലിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്വകാര്യ വാഹനങ്ങള്‍ ഇന്ന് ഓടില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് യൂനിയന്‍ നേതാക്കള്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക