സ്വന്തം പ്രതിനിധി
ന്യൂഡല്‍ഹി: നികുതി അടയ്ക്കുന്നതില്‍ മനപ്പൂര്‍വം വീഴ്ചവരുത്തുന്നവരുടെ പാന്‍ നമ്പറും പാചകവാതക സബ്സിഡിയും റദ്ദാക്കും. ഇത്തരക്കാര്‍ക്ക് ബാങ്കില്‍ നിന്നു വായ്പയൊന്നും ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. നികുതി കുടിശ്ശിക വരുത്തുന്നതു തടയുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പാണ് കടുത്ത നടപടികള്‍ക്കായി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഈ സാമ്പത്തികവര്‍ഷം നികുതി കുടിശ്ശികയില്ലാതെ പിരിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.
പാന്‍ നമ്പര്‍ റദ്ദാക്കിയാല്‍ തന്നെ ബാങ്കുകളില്‍ നിന്നു വായ്പ ലഭിക്കില്ല. നിലവില്‍ പാചകവാതക സബ്സിഡി നല്കുന്നതു ബാങ്കുവഴിയായതിനാല് അതു തടയാന്‍ നികുതിവകുപ്പ് ധനമന്ത്രാലയത്തിനു ശുപാര്‍ശ ചെയ്യും. റദ്ദാക്കിയ പാന്‍നമ്പറുകള്‍ രജിസ്ട്രേഷന് വകുപ്പിനും മറ്റും കൈമാറും. അതോടെ ഭൂമിയോ മറ്റു സ്വത്തുകളോ വാങ്ങി രജിസ്റ്റര്‍ ചെയ്യാനുമാവില്ല.
കൂടാതെ കുടിശ്ശികക്കാരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന് ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ലിമിറ്റഡില്‍ നിന്നു നികുതിവകുപ്പ് വിവരങ്ങള്‍ ശേഖരിക്കും. നികുതി ഈടാക്കുന്നതിനു സ്വത്തുക്കള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമുണ്ടാവും.
20 കോടിയിലധികം നികുതി കുടിശ്ശിക വരുത്തിയവരുടെ പേരുകള്‍ പുറത്തുവിടുന്ന നെയിം ആന്റ് ഷെയിം പദ്ധതിക്കു നികുതിവകുപ്പ് തുടക്കംകുറിച്ചിരുന്നു. ഇതുവരെ 67 പേരുകളാണ് പുറത്തുവിട്ടത്. വൈകാതെ ഒരു കോടിയില്‍ കൂടുതല്‍ നികുതി അടയ്ക്കാന്‍ ഉള്ളവരുടെ പേരുവിവരങ്ങള്‍ കൂടി പുറത്തുവിടും.
വെട്ടിപ്പുകാരെ അറസ്റ്റ് ചെയ്യാനും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ലേലംചെയ്യാനും ഉദ്യോഗസ്ഥര്‍ക്കു നികുതിവകുപ്പ് അധികാരം നല്കി. വന്‍തോതില്‍ നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാന്‍ വേണ്ടിയാണ് ഈ സാമ്പത്തികവര്‍ഷം മുതല്‍ ഇത്തരം നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചത്. നികുതിവെട്ടിപ്പു നടത്തുന്നവര്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്നു വായ്പയെടുക്കില്ലെന്ന് ഉറപ്പുവരുത്താനാണു പാന്‍ നമ്പര്‍ തടഞ്ഞുവയ്ക്കുന്നത്. നികുതി വെട്ടിപ്പുകാരുടെ സ്വത്ത് കൈമാറ്റം തടയുന്നതിനു ബന്ധപ്പെട്ട രജിസ്ട്രാര്‍ക്ക് ഇവരെ പറ്റി വിവരം നല്‍കാനും ആദായനികുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കു പിഴ ചുമത്താനും അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനും ധാരണയായിട്ടുണ്ട്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്.
2013ല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരുടെ എണ്ണം 12.19 ലക്ഷമായിരുന്നു. 2014ല്‍ അത് 22.09 ലക്ഷമായി. 2015ലാവട്ടെ 58.95 ലക്ഷമായും വര്‍ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.