|    Dec 10 Mon, 2018 10:39 am
FLASH NEWS
Home   >  Editpage  >  Lead Article  >  

കര്‍ക്കരെ ചൂണ്ടിയ വിരല്‍

Published : 26th November 2018 | Posted By: kasim kzm

എം എം റഫീഖ്

2009 നവംബര്‍ 26നാണ് ഹേമന്ത് കര്‍ക്കരെ എന്ന കരുത്തനായ പോലിസ് ഉദ്യോഗസ്ഥന്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം മുംബൈ ഭീകരാക്രമണത്തിനിടയില്‍ വെടിയേറ്റു കൊല്ലപ്പെടുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പുതിയൊരു രാഷ്ട്രീയ കാലാവസ്ഥ രൂപപ്പെട്ടുവരുന്നതിനെക്കുറിച്ചുള്ള ശുഭകരമല്ലാത്ത സൂചനകള്‍ കാണിച്ചുതരുന്നതായിരുന്നു അദ്ദേഹത്തിന്റെ അന്വേഷണ റിപോര്‍ട്ടുകളും ഒടുവില്‍ അദ്ദേഹത്തിന്റെ മരണവും. ഇവയുമായി ബന്ധപ്പെടുത്തി ഉയര്‍ന്നുവന്ന ചര്‍ച്ചകളും സംശയങ്ങളുമൊക്കെ ഉത്തരമില്ലാത്തവയായി നില്‍ക്കുന്നത് അദ്ദേഹം ഉയര്‍ത്തിയ ചോദ്യങ്ങള്‍ രാഷ്ട്രം ഏറ്റെടുത്തേ പറ്റൂ എന്നതിലേക്കു തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.
മുംബൈ ഭീകരാക്രമണ കേസ് കോടതി തീര്‍പ്പാക്കി. അവശേഷിച്ച പ്രതി അജ്മല്‍ കസബിനെ തൂക്കിക്കൊന്നു. കാര്യങ്ങള്‍ ശുഭകരമായി പര്യവസാനിച്ചു. ഇതിനിടയില്‍ ‘ഹൂ കില്‍ഡ് കര്‍ക്കരെ’ എന്ന പുസ്തകം എഴുതിയ എസ് എം മുശ്‌രിഫ് ഇന്ദിര ജയ്‌സിങ് മുഖേന സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി തള്ളി. കര്‍ക്കരെയുടെ കൊലപാതകം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരുന്ന ഹരജി, കേസ് പുനഃപരിശോധിക്കാനാവില്ലെന്ന ന്യായത്തില്‍ തള്ളുകയായിരുന്നു കോടതി. എ കെ സിക്രിയായിരുന്നു ബെഞ്ചിന്റെ തലവന്‍.
സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സനാതന്‍ സന്‍സ്ഥ എന്ന പേര് ആദ്യമായി വെളിച്ചത്തു കൊണ്ടുവന്ന ആളായിരുന്നു ഹേമന്ത് കര്‍ക്കരെ. താനെയില്‍ നടന്ന സ്‌ഫോടനത്തെ തുടര്‍ന്ന് സനാതന്‍ സന്‍സ്ഥയെ നിരോധിക്കണമെന്ന് റിപോര്‍ട്ട് നല്‍കിയിരുന്നു അദ്ദേഹം. ആ റിപോര്‍ട്ടിന് എന്തു സംഭവിച്ചുവെന്നത് ഇപ്പോഴും അജ്ഞാതമാണ്. 2011 ഏപ്രിലില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ സംഘടനയെ നിരോധിക്കണമെന്ന് റിപോര്‍ട്ട് നല്‍കിയിരുന്നു. അന്ന് മഹാരാഷ്ട്രയിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് ആയിരുന്നു ഭരിച്ചുകൊണ്ടിരുന്നത്. 2005നും 2011നുമിടയില്‍ സംഭവിച്ച ഭീകര സ്‌ഫോടനങ്ങളുടെ ഏഴു സംഭവങ്ങള്‍ ഹിന്ദുത്വ ഭീകരതയിലേക്ക് വെളിച്ചം വീശിയ കാലമായിരുന്നു അത്.
മുസ്‌ലിംകള്‍ വ്യാപകമായി അറസ്റ്റു ചെയ്യപ്പെട്ടിടത്തുനിന്നു കര്‍ക്കരെയുടെ നീതിബോധം യഥാര്‍ഥ പ്രതികളിലേക്ക് കാര്യങ്ങളെ എത്തിച്ചു. സനാതന്‍ സന്‍സ്ഥ, അഭിനവ് ഭാരത്, ഹിന്ദു ജനജാഗൃതി സമിതി, ബജ്‌രംഗ്ദള്‍, ആര്‍എസ്എസ് തുടങ്ങി പരസ്പരം ബന്ധപ്പെട്ട താല്‍പര്യങ്ങളുടെ പങ്കുകാര്‍ ഈ സ്‌ഫോടനത്തിനു പിന്നിലുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. പ്രവീണ്‍ തൊഗാഡിയ ഈ സ്‌ഫോടന സൂത്രധാരകരെ അഭിസംബോധന ചെയ്തതും അഭിനവ് ഭാരതിനു സാമ്പത്തിക സഹായം ചെയ്തതും കര്‍ക്കരെയുടെ അന്വേഷണരേഖകളില്‍ ഇടം പിടിച്ചു.
2003ലെ പര്‍ബാനി സ്‌ഫോടനം, 2006ലെ മലേഗാവ് സ്‌ഫോടനം, 2006 ഏപ്രില്‍ 6ന് പുലര്‍ച്ചെ നടന്ന നന്ദേഡ് സ്‌ഫോടനം, 2008ലെ തിയേറ്റര്‍ സ്‌ഫോടനങ്ങള്‍, 2007 ഫെബ്രുവരിയില്‍ നന്ദേഡിലെ ബേക്കറിയില്‍ ഉണ്ടായ സ്‌ഫോടനം, പിന്നെ മക്കാ മസ്ജിദ്, സംജോത, അജ്മീര്‍ സ്‌ഫോടനങ്ങള്‍ എന്നിവയ്‌ക്കൊക്കെ ബന്ധമുണ്ടെന്ന കണ്ടെത്തല്‍ എടിഎസിനെയും അതിന്റെ നേതൃത്വത്തെയും ഭരണകൂടത്തിന്റെ കണ്ണിലെ കരടാക്കി എന്നുവേണം കരുതാന്‍. എസ് എം മുശ്‌രിഫ് ഉയര്‍ത്തുന്ന ആരോപണങ്ങളെ തോന്നലുകളെന്ന് ജസ്റ്റിസ് എ കെ സിക്രിയുടെ ബെഞ്ച് തള്ളിക്കളഞ്ഞുവെങ്കിലും മഹാരാഷ്ട്രയിലെ ഒരു മുന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വെറുതെ ബഡായി പറയുകയില്ലെന്ന് ജനത്തിനു തോന്നുന്നതില്‍ തെറ്റില്ലല്ലോ. പറയുന്നതില്‍ കാര്യമുണ്ടെന്നു തോന്നിയതുകൊണ്ടാകും ഇന്ദിര ജയ്‌സിങിനെപ്പോലൊരു അഭിഭാഷക ഹരജി നല്‍കാന്‍ തയ്യാറായതും. മുശ്‌രിഫിന്റെ അഭിപ്രായത്തില്‍ ഇന്റലിജന്‍സ് ബ്യൂറോയാണ് സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നത്.
ഏറ്റവുമൊടുവില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത് ഗൗരി ലങ്കേഷ്, നരേന്ദ്ര ധബോല്‍കര്‍ തുടങ്ങിയവരുടെ കൊലപാതകത്തിനു പിന്നിലും സനാതന്‍ സന്‍സ്ഥയുടെ കൈകള്‍ പ്രവര്‍ത്തിച്ചുവെന്നു തന്നെയാണ്. ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായവരും മറ്റാരുമല്ല. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലെ മാസ്റ്റര്‍ മൈന്‍ഡ് എന്ന് അന്വേഷണസംഘം വിശേഷിപ്പിക്കുന്ന അമോല്‍ കാലെയുടെ (ഇദ്ദേഹം മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരി കൂടിയാണ്) ഡയറിയില്‍ കാണുന്ന ഹിറ്റ്‌ലിസ്റ്റില്‍ ഗൗരി ലങ്കേഷിന്റെ പേര് രണ്ടാം സ്ഥാനത്താണുള്ളത്. നാടകകൃത്തായ ഗിരീഷ് കര്‍ണാഡാണ് ലിസ്റ്റില്‍ ഒന്നാമന്‍. കെ എസ് ഭഗവാന്‍, യോഗേഷ് മാസ്റ്റര്‍, സി എസ് ദ്വാരകാനാഥ് എന്നിവരൊക്കെയാണ് ഉന്നംവയ്ക്കപ്പെട്ട ശത്രുക്കളായി സനാതന്‍ സന്‍സ്ഥ നിര്‍ണയിച്ചിട്ടുള്ളത്. അതായത്, ഹേമന്ത് കര്‍ക്കരെ തുടങ്ങിവച്ച പോരാട്ടത്തിന് കൃത്യമായ പിന്തുടര്‍ച്ചയില്ലാതെ പോയതുകൊണ്ട് നിരവധി മനുഷ്യജീവനുകള്‍ തോക്കിന്‍തുമ്പത്ത് പിടഞ്ഞുവീണുവെന്നര്‍ഥം.
ഒരു ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ തുടങ്ങിവെച്ച ധീരമായ രാജ്യരക്ഷാപ്രവൃത്തി ആരായിരുന്നു തുടരേണ്ടിയിരുന്നത്? 2014ല്‍ നരേന്ദ്ര മോദി അധികാരമേറിയതുകൊണ്ട് അട്ടിമറിക്കപ്പെട്ടുപോയി എന്നു നിസ്സാരവല്‍ക്കരിക്കാന്‍ കഴിയുന്നതാണ് കാര്യങ്ങളെന്നു പറയാന്‍ വയ്യ. മോദി അധികാരത്തില്‍ നിന്നിറങ്ങിയാല്‍ ഈ കേസ് പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുപോകുമെന്നും വിശ്വസിക്കാനാവില്ല.
2006ല്‍ എടിഎസ് അന്വേഷിച്ച കേസാണ് നന്ദേഡ് സ്‌ഫോടനത്തിന്റേത്. ആര്‍എസ്എസ് നേതാവായ റിട്ട. പിഡബ്ല്യൂഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ ലക്ഷ്മണ്‍ താജ്‌കൊണ്ടരുടെ വീട്ടില്‍ പുലര്‍ച്ചെയാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. അദ്ദേഹത്തിന്റെ മകന്‍ നരേഷ് ലക്ഷ്മണ്‍, ഹിമാന്‍ശു വെങ്കിടേഷ് പന്‍സെ എന്നിവര്‍ കൊല്ലപ്പെട്ടു. രാഹുല്‍ മനോഹര്‍ റാവു പാണ്ഡേ എന്നയാള്‍ പരിക്കോടെ രക്ഷപ്പെട്ടെങ്കിലും പിന്നീട് അറസ്റ്റു ചെയ്യപ്പെട്ടു. മറ്റു രണ്ടു പേരും കേസില്‍ അറസ്റ്റു ചെയ്യപ്പെട്ടു.
രാഹുല്‍ പാണ്ഡേയെ നാര്‍കോ അനാലിസിസിനു വിധേയനാക്കിയപ്പോഴാണ് ഒളിഞ്ഞുകിടന്ന ഒരു വന്‍ ഭീകരപദ്ധതി വെളിപ്പെട്ടത്. ഹിന്ദുത്വരുടെ നിയന്ത്രണത്തിലുള്ള ഭോണ്‍സാലെ സൈനിക സ്‌കൂളില്‍ നിന്ന് 40 ദിവസത്തെ പരിശീലനം ലഭിച്ച നൂറ്റമ്പതോളം വരുന്ന ഹിന്ദുത്വവാദികളില്‍ ഒരാളായിരുന്നു ഹിമാന്‍ശു പന്‍സെ. ഇവിടന്നാണ് മലേഗാവ് സ്‌ഫോടന പരിശീലനവും നടന്നത്. പട്ടാളക്കാരായ കേണല്‍ ശ്രീകാന്ത് പുരോഹിതും റിട്ട. മേജര്‍ രമേശ് ഉപാധ്യായയും അടക്കം നിരവധി പട്ടാളക്കാര്‍ എടിഎസിന്റെ പ്രതിലിസ്റ്റില്‍ വരുകയും അറസ്റ്റു ചെയ്യപ്പെടുകയും ചെയ്തു. ആര്‍ഡിഎക്‌സും പണവുമായിരുന്നു ഇവര്‍ സംഘത്തിന് എത്തിച്ചുനല്‍കിയിരുന്നത്.
നന്ദേഡ് സ്‌ഫോടനക്കേസ് 2008ല്‍ എടിഎസില്‍ നിന്നു സിബിഐ ഏറ്റെടുത്തു. സിബിഐ വീട്ടുടമസ്ഥനായ ലക്ഷ്മണ്‍ താജ്‌കൊണ്ടരുടെ പേരിലുള്ള കേസ് ഒഴിവാക്കി. ബാക്കിയുള്ളവര്‍ക്കാര്‍ക്കും യുഎപിഎ ചുമത്തിയതുമില്ല. കേസ് എടിഎസിനു തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ടീസ്ത സെറ്റല്‍വാദിന് കോടതിയെ സമീപിക്കേണ്ടിവന്നത് ചരിത്രം.
2007ല്‍ നന്ദേഡിലെ ബേക്കറിയില്‍ നടന്ന സ്‌ഫോടനം തീപ്പിടിത്തമെന്നായിരുന്നു ആദ്യത്തെ പോലിസ് റിപോര്‍ട്ട്. ജ. കൊല്‍സെ പാട്ടീലിന്റെ നേതൃത്വത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്‌ഫോടനത്തിന്റെ തെളിവുകള്‍ പുറത്തുവിട്ടതും ചരിത്രം.
മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലെ അഞ്ചു പ്രതികളെ എന്‍ഐഎ കോടതി 2018 ഏപ്രിലില്‍ വെറുതെ വിട്ടു. ആ കേസില്‍ വിധി പറഞ്ഞ ജഡ്ജി കെ രവീന്ദര്‍ റെഡ്ഡി നീതിന്യായ ജോലിയില്‍ തനിക്കിനി ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞ് ജോലി രാജിവച്ചു. രാജി സ്വീകരിക്കില്ലെന്നു വന്നപ്പോള്‍ വോളന്ററി റിട്ടയര്‍മെന്റ് വാങ്ങി. ഇതിനു മാത്രം അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്താണെന്നത് ചരിത്രം പറയാന്‍ ബാക്കിവച്ചതാണ്.
നടേ പറഞ്ഞ സ്‌ഫോടന കേസുകള്‍ക്കും ഏകദേശം ഈയവസ്ഥ തന്നെയാണ് ഉണ്ടായത്. പ്രതിയായിരുന്ന കേണല്‍ ശ്രീകാന്ത് പുരോഹിത് 2017ല്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു. ഹിന്ദുത്വവാദികളോടുള്ള അയാളുടെ ബന്ധങ്ങള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമെന്നു വ്യാഖ്യാനിക്കപ്പെട്ടു.
മലേഗാവ് സ്‌ഫോടനക്കേസ് നടത്തിയിരുന്ന പ്രോസിക്യൂട്ടര്‍ രോഹിണി സാല്യന്‍ രാജിവച്ചത് രാജ്യം നിസ്സംഗതയോടെ നോക്കിനിന്നു. കേസിന്റെ കാര്യത്തില്‍ മൃദുസമീപനം സ്വീകരിക്കണമെന്ന എന്‍ഐഎ ഉദ്യോഗസ്ഥന്റെ ഉപദേശവും എന്‍ഐഎയുടെ നിസ്സഹകരണവുമാണ് രാജിക്ക് കാരണമെന്ന് രോഹിണി സാല്യന്‍ പറഞ്ഞിട്ടും ഭരണകൂടവും പ്രതിപക്ഷവും മൗനികളായിത്തന്നെ തുടര്‍ന്നു.
കര്‍ക്കരെ കണ്ടെത്തിയത് ഒരു മഞ്ഞുമലയുടെ തുമ്പായിരുന്നു. പക്ഷേ, അതൊക്കെ രാജ്യസ്‌നേഹത്തിന്റെയും ആത്മീയതയുടെയും കാവിയില്‍ പൊതിഞ്ഞ് സംരക്ഷിക്കപ്പെടുന്ന ദുര്യോഗത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. അതുകൊണ്ടുതന്നെയാവണം എസ് എം മുശ്‌രിഫും മറ്റും ചോദിക്കുന്ന ചോദ്യങ്ങള്‍ ഉത്തരം കിട്ടേണ്ടവയായി ജനങ്ങള്‍ക്ക് തോന്നുന്നത്. കര്‍ക്കരെയുടെ മൃതശരീരത്തില്‍ ദേശീയ പതാക പുതച്ചതുകൊണ്ടോ ആചാരവെടി ഉതിര്‍ത്തതുകൊണ്ടോ രാഷ്ട്രത്തിന്റെ ഉത്തരവാദിത്തം പൂര്‍ത്തിയാവുന്നില്ല.
കര്‍ക്കരെയുടെ ശരീരം തുളച്ച രണ്ടു വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നു കിട്ടി. പക്ഷേ, അവയ്ക്ക് എന്തു സംഭവിച്ചുവെന്നത് ഇപ്പോഴും അജ്ഞാതമാണ്. നാലു വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ പതിച്ചിരുന്നുവെങ്കിലും രണ്ടെണ്ണം എവിടെയെന്ന് ഇന്നും വ്യക്തമല്ല. അവ വാഹനത്തിലോ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിലോ ശരീരത്തിലോ കാണേണ്ടിയിരുന്നു. വിദഗ്ധ റിപോര്‍ട്ട് പ്രകാരം അദ്ദേഹത്തിനു വെടിയേറ്റത് തൊട്ടടുത്തു നിന്നാണ്. അത് വാഹനത്തില്‍ നിന്നുതന്നെയാവാനും സാധ്യതയുണ്ട്.
ആരാണ് വെടിവച്ചതെന്നോ ആ തോക്ക് എവിടെയെന്നോ ഇന്നും ഒരു നിശ്ചയവുമില്ല. ഏക ദൃക്‌സാക്ഷിയെ കോടതിക്കു വരെ നുണയനെന്നു വിളിക്കേണ്ടിവന്നു. ആ വിളിയില്‍ നീതിപീഠത്തിന്റെ നിസ്സഹായത വെളിപ്പെടുന്നു. ബോംബെ ഭീകരാക്രമണ കേസ് കൃത്യമായി വിലയിരുത്തി, വിചാരണ നടത്തി, കൈയില്‍ കിട്ടിയ ഒരേയൊരു പ്രതിയെ തൂക്കിക്കൊല്ലുകയും ചെയ്തു. ഇനിയെന്ത് അന്വേഷണമെന്ന ചോദ്യത്തോടെ ഉന്നത കോടതിയും കൈ മലര്‍ത്തി.
ക്രൂരമായി കുറ്റപ്പെടുത്തപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്ത ഒരു സമൂഹത്തിന് ആശ്വാസത്തിന്റെ കച്ചിത്തുമ്പു നല്‍കിയ ഹേമന്ത് കര്‍ക്കരെ എന്ന കരുത്തനെ ആ സമൂഹമെങ്കിലും നന്ദിയോടെ ഓര്‍ക്കുമോ ആവോ? കാവിയില്‍ പൊതിഞ്ഞ ഭീകരതയ്ക്കു നേരെ അദ്ദേഹം ഉയര്‍ത്തിയ ചൂണ്ടുവിരലിനു കരുത്തു പകരാന്‍ ആര്‍ക്കാവും? ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss