|    Mar 25 Sat, 2017 5:15 pm
FLASH NEWS

കര്‍ക്കടക വാവ്; സ്‌നാന ഘട്ടങ്ങളില്‍ പിതൃക്കള്‍ക്ക് ബലിതര്‍പ്പണം

Published : 3rd August 2016 | Posted By: SMR

ആലത്തൂര്‍: കര്‍ക്കടക വാവിനോടനുബന്ധിച്ച് സ്‌നാന ഘട്ടങ്ങളില്‍ പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്തി. മണ്‍മറഞ്ഞ മാതാപിതാക്കള്‍ക്കും പൂര്‍വികര്‍ക്കും വേണ്ടി പ്രാര്‍ഥനയോടെ ഉണക്കലരിയും എള്ളും പുഷ്പവും ജലവും അര്‍പ്പിച്ച് ഓര്‍മ്മയിലലിഞ്ഞു.
പലയിടത്തും ആയിരങ്ങളാണ് പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണത്തിനെത്തിയത്. തൃപ്പാളൂര്‍ ശിവക്ഷേത്രത്തിനു സമീപം ഗായത്രിപ്പുഴയുടെ തീരത്ത് സാന്ധീപനി സാദനായലം മേധാവി പ്രവീണ്‍ കുമാര്‍ നേതൃത്വം നല്‍കി. അത്തിപ്പൊറ്റ പാലം ആറാട്ടുകടവിനു സമീപം സേവാഭാരതിയും പുരോഹിതപരിഷത്തും ചേര്‍ന്ന് നടത്തിയ ബലിതര്‍പ്പണത്തിന് വാസു നേതൃത്വം നല്‍കി. തരൂര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ തരൂര്‍ ഗായത്രി പുഴയോര ശ്മശാന പരിസരത്ത് നടന്ന ബലിതര്‍പ്പണത്തിന് ബ്രഹ്മശ്രീ വേണുഗോപാലന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. ചടങ്ങിനെത്തിയവര്‍ക്ക് പ്രഭാത ഭക്ഷണവും ചുക്കുകാപ്പിയും കരയോഗം പ്രവര്‍ത്തകര്‍ നല്‍കി. ചേരാമംഗലത്തും ബലിതര്‍പ്പണത്തിന് നിരവധി പേരാണ് എത്തിയത്.
എലപ്പുള്ളി: തേനാരി ശ്രീരാമ തീര്‍ത്ഥ ക്ഷേത്രത്തില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി പൃതൃക്കള്‍ക്ക് മോക്ഷം നല്‍കി. ഐതിഹ്യങ്ങളുടെ നിറകുടമായ തേനാരി ശ്രീരാമ തീര്‍ഥ ക്ഷേത്രം തീര്‍ഥത്തെ ആരാധിക്കുന്ന ഭാരതത്തിലെ ഏക ക്ഷേത്രം കൂടിയാണ്.
സീതാന്വേഷണ കാലത്ത് മദ്ധ്യാരണിയിലെത്തി (തേനാരി) വിശ്രമിക്കുന്നതിനിടയിനാണ് പിതാവ് ദശരഥന്റെ അകാല വിയോഗം രാമലക്ഷ്മണന്‍മാര്‍ അറിയുന്നത്. ശനീശ്വരന്റെ നിര്‍ദ്ദേശപ്രകാരം പിതൃതര്‍പ്പണം നടത്തി പിതൃക്കള്‍ക്ക് മോക്ഷം നല്‍കിയതിനാല്‍ ഈ തീര്‍ത്ഥക്കരയില്‍ പിതൃതര്‍പ്പണം നടത്തിയാല്‍ ജന്മാന്തരങ്ങളായുള്ള പിതൃദോഷം വിട്ടൊഴിയുമെന്നാണ് വിശ്വാസം. കാലാകാലങ്ങളായി ഭക്തര്‍ ഈ തീര്‍ത്ഥക്കരയില്‍ പിതൃദോഷ നിവാരണത്തിനായി ബലിതര്‍പ്പണം നടത്തി വരുന്നു. ഈ ക്ഷേത്രത്തിന്റെ മറ്റൊരു സവിശേഷതയാണ് നിത്യധാരാ പ്രവാഹമായ കാളവായ. ബലി തര്‍പ്പണം നടത്തി ശ്രീരാമ തീര്‍ത്ഥം കാളവായിലൂടെ ഒഴുകുന്നതില്‍ കുളിച്ച് പുണ്യം നേടാന്‍ അത്ഭുതപൂര്‍വ്വമായ തിരക്കാണ് ഇക്കുറി അനുഭവപ്പെട്ടത്. പുലര്‍ച്ചെ നാലിന് തുടങ്ങിയ ചടങ്ങുകള്‍ കാലത്ത് 11 വരെ നീണ്ടു.

(Visited 47 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക