|    Jul 24 Mon, 2017 10:19 am
FLASH NEWS

കര്‍ക്കടക വാവ്: തിരുനാവായയില്‍ ആയിരങ്ങള്‍ ബലിയിട്ടു

Published : 3rd August 2016 | Posted By: SMR

തിരൂര്‍: കര്‍ക്കടക വാവിന് തിരുനാവായയില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ 2.30 ന് തുടങ്ങിയ ബലിതര്‍പ്പണ ച്ചടങ്ങുകള്‍ ഉച്ചവരെ നീണ്ടു.തിരുനാവായ നവാമുകുന്ദാ ക്ഷേത്രക്കടവില്‍ നടന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം അംഗീകരിച്ച 16 കര്‍മ്മികള്‍ കാര്‍മ്മികത്വം വഹിച്ചു.    ബലിതര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങളാണ് ദേവസ്വം ഒരുക്കിയിരുന്നത്.ശനിയാഴ്ച മുതല്‍ തന്നെ ബലിതര്‍പ്പണത്തിനുളള രസീതു കൗണ്ടറുകള്‍ പ്രവര്‍ത്തനംതുടങ്ങിയിരുന്നു. ക്ഷേത്രത്തിലേതിനു പുറമെ ഗാന്ധി സ്മാരക പരിസരത്തെ നിളാ ഓഡിറ്റോറിയത്തിലും ക്ഷത്രത്തിനു പടിഞ്ഞാറേ ആല്‍ത്തറക്കരികിലും കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു.വാഹനങ്ങള്‍ നിര്‍ത്തിയിടാനായി കൊടക്കല്‍ താഴെ, നവാമുകുന്ദാ ഹൈസ്‌കൂള്‍, നിളാ ഓഡിറ്റോറിയം മൈതാനങ്ങള്‍ സൗകര്യപ്പെടുത്തിയത് ഗതാതക്കുരുക്ക് ഒഴിവാക്കി.  തിരൂര്‍, കല്‍പ്പകഞ്ചേരി ,വളാഞ്ചേരി ,കാടാമ്പുഴ, പൊന്നാനി, ചങ്ങരംകുളം എസ്‌ഐ മാര്‍ തിരൂര്‍, വളാഞ്ചേരി സിഐ മാര്‍എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ,തിരൂരിലെ അഗ്‌നിശമന സേന,ജില്ലയിലെ ട്രോമാകെയര്‍ വാളണ്ടിയര്‍മാര്‍ ചേര്‍ന്ന് സുരക്ഷയൊരുക്കി. തിരൂര്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, തിരുനാവായ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ സംഘം തിങ്കളാഴ്ച മുതല്‍ തന്നെസ്ഥലത്ത് ക്യാംപ് ചെയ്ത് നേതൃത്വം നല്‍കി. സബ് കലക്ടര്‍ ആദിലാ അബ്ദുള്ള, ഡെപ്യൂട്ടി കലക്ടര്‍ പുരുഷോത്തമന്‍ ,തഹസില്‍ദാര്‍ രമ, തിരുനാവായ വില്ലേജ് ഓഫീസര്‍ പി സുരേഷ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് സുരക്ഷാ പ്രവര്‍ത്തനം നിയന്ത്രിച്ചു. ത്രിമൂര്‍ത്തി സംഗമ സ്ഥാനമായ തെക്കന്‍കാശി എന്നറിയപ്പെടുന്ന തിരുനാവായയിലെത്തി ബലിതര്‍പ്പണം നടത്തിയാല്‍ പരേതാത്മാക്കള്‍ക്ക് മോക്ഷം കിട്ടുമെന്നാണു വിശ്വാസം. അതിനാല്‍ ആയിരക്കണക്കിന് ഹിന്ദു മത വിശ്വാസികളാണ് ബലിയിടാനായി ഓരോ വാവു ദിനങ്ങളിലും തിരുനാവായയിലെത്തുന്നത്. ഇന്നലെയും ആയിരങ്ങളെത്തി. തിരക്കുമൂലം ക്ഷേത്രക്കടവില്‍ ബലിയിടാനാകാതെ പലരും ക്ഷേത്രത്തിനുപടിഞ്ഞാറു ഭാഗത്തെ കടവ്, താഴത്തറ കടവ് എന്നിവിടങ്ങളില്‍ സ്വന്തമായി ബലിയിട്ടു. തിങ്കളാഴ്ച രാത്രി തന്നെ സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി നിരവധി ഭക്തര്‍ തിരുനാവായയിലെത്തി. അവര്‍ക്കുള്ള വിശ്രമസ്ഥലവും പ്രഭാത ഭക്ഷണവും ദേവസ്വം ഒരുക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക