|    Aug 16 Thu, 2018 9:02 pm
Home   >  Todays Paper  >  Page 5  >  

കര്‍ക്കടക വാവുബലി: സുരക്ഷ ശക്തമാക്കി തീരസേനയും ദുരന്തനിവാരണ സേനയും

Published : 11th August 2018 | Posted By: kasim kzm

തിരുവനന്തപുരം/പൊന്നാനി: ഡാമുകള്‍ തുറന്നതുമൂലം പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മണപ്പുറത്തെ കര്‍ക്കടക വാവുബലിക്ക് എത്തുന്നവര്‍ക്ക് അതീവ സുരക്ഷയൊരുക്കും. പെരിയാറിന്റെ തീരത്തുള്ള കാലടി ചേലാമറ്റം ക്ഷേത്രത്തിലും വാവുബലിക്കെത്തുന്നവര്‍ക്ക് എറണാകുളം ജില്ലാ ഭരണകൂടം സുരക്ഷ ശക്തമാക്കി. കോസ്റ്റ്ഗാര്‍ഡിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സേവനം ഇവിടെ ഉറപ്പു വരുത്തിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 37 പേരടങ്ങുന്ന ടീമിനെ ഇന്നലെ ഉച്ചയോടെ ആലുവ മണപ്പുറത്തു വിന്യസിച്ചു. ഫയര്‍ഫോഴ്‌സിന്റെയും പോലിസിന്റെയും സുരക്ഷയ്ക്കു പുറമെയാണിത്.
എല്ലാവിധ അപകട സാധ്യതകളെയും നേരിടാനുള്ള സജ്ജീകരണങ്ങളും സേന ഒരുക്കിയിട്ടുണ്ട്. ഭാരതപ്പുഴയിലെ ഒഴുക്ക് കണക്കിലെടുത്ത് തിരുന്നാവായില്‍ അതീവ സുരക്ഷ ഒരുക്കിയിട്ടുണ്ട്. സുരക്ഷാ തോണി, മുങ്ങല്‍ വിദഗ്ധര്‍, പോലിസ്, അഗ്‌നിശമന സേന, ആരോഗ്യ വകുപ്പ്, റവന്യൂ, ദേവസ്വം വോളന്റിയര്‍മാര്‍ എന്നിവരുടെ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ക്കടക വാവുബലി തര്‍പ്പണത്തിന് വിവിധ കേന്ദ്രങ്ങളിലെത്തുന്നവര്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഡിജിപി അഭ്യര്‍ഥിച്ചു. സംസ്ഥാനത്തെ നദീതീരങ്ങളിലും കടല്‍ത്തീരങ്ങളിലുമുള്ള പല ബലിതര്‍പ്പണക്കടവുകളിലും ജലം ക്രമാതീതമായി ഉയരുന്ന സാഹചര്യമാണുള്ളത്. ഇത്തരം കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണത്തിനെത്തുവര്‍ പോലിസിന്റെയും മറ്റ് അധികൃതരുടെയും സുരക്ഷാ നിര്‍ദേശങ്ങളുമായി പൂര്‍ണമായി സഹകരിക്കണം. ബലിതര്‍പ്പണം നടക്കുന്ന സ്ഥലങ്ങളില്‍ ആവശ്യമായ പോലിസിനെ വിന്യസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എങ്കിലും കാലാവസ്ഥയിലും മറ്റും അപ്രതീക്ഷിതമായി മാറ്റങ്ങളുണ്ടാവുന്ന സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡിജിപി ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss