|    Apr 24 Tue, 2018 6:56 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

കര്‍ക്കടകത്തില്‍ ഉപജാപകസംഘങ്ങള്‍ വരവായി

Published : 22nd July 2016 | Posted By: SMR

slug-madhyamargamസഖാവ് പിണറായി വിജയന്‍ മന്ത്രിസഭയുടെ മധുവിധുകാലം ലളിതമായി അവസാനിച്ചു. ആരവങ്ങളും ആര്‍പ്പുവിളികളും ആര്‍ഭാടങ്ങളും ഇല്ലാതെ നോക്കാന്‍ പ്രത്യേക നിരീക്ഷകരെ മുഖ്യമന്ത്രി തന്നെ നിയോഗിച്ചിരുന്നുവത്രെ. നിരീക്ഷകരില്‍ ചില പ്രധാനികള്‍ തങ്ങളുടെ സേവനം ഫ്രീയായിട്ടാണു നല്‍കിയത്. അതായത് പൊതുഖജനാവില്‍നിന്ന് ചില്ലിക്കാശ് പോയിട്ടില്ലെന്നു സാരം.
ഉടലിലും ഉയിരിലും ഇക്കിളിവിതയ്ക്കുന്ന ഓര്‍മകള്‍ തന്നെയാണ് മന്ത്രിമാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടായതെന്നു പ്രത്യേകം സ്മരണീയമാണ്. പ്രായംചെന്നവര്‍ക്കും ഇക്കാലം മധുരമനോജ്ഞമായിരുന്നു. ജനജീവിതവുമായി പൊക്കിള്‍ക്കൊടി ബന്ധമുള്ള ഭരണപരിഷ്‌കാരമെന്ന വലിയ കസേരയില്‍ സഖാവ് വിഎസ് എന്ന വന്ദ്യവയോധികന് കയറാന്‍ കഴിഞ്ഞു. ബജറ്റ് സമ്മേളനത്തിന്റെ മണിയൊച്ച കേള്‍ക്കാന്‍ തുടങ്ങിയപ്പോഴേ മധുവിധുവിനു കൊട്ടിക്കലാശമായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും സഭയില്‍ സജീവ ചര്‍ച്ചയായപ്പോള്‍ ഭരണകക്ഷിക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരും സന്തോഷംകൊണ്ട് തുള്ളിച്ചാടി. വഴിപാട് ഇറങ്ങിപ്പോക്കുകളും കൂടി അരങ്ങേറിയപ്പോള്‍ സന്തോഷം പതിന്മടങ്ങ് ഇരട്ടിക്കുകയും ചെയ്തു.
തിമിര്‍ത്തുപെയ്ത മഴയോടെ കര്‍ക്കടകവും ദുരിതവും വന്നതോടെ മയങ്ങിക്കിടന്നിരുന്ന ഉപജാപക ജീവികള്‍ക്ക് ജീവന്‍വയ്ക്കാന്‍ തുടങ്ങി. കര്‍ക്കടകത്തില്‍ പണ്ടേ അങ്ങനെയാണ്. കള്ളന്മാരുടെ കാലമാണത്. കള്ളക്കര്‍ക്കടകം എന്നാണ് പഴമക്കാര്‍ പറയാറുള്ളത്.
ഉപജാപക ജീവികള്‍ സംഘംസംഘമായി കുത്തനെ മന്ത്രിസഭ ചവിട്ടിക്കയറുകയാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അടയ്ക്കാത്ത വാതിലുകളും സിസിടിവി കാമറകളും അവിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായിയുടെ കാലത്ത് സ്ഥിതി മാറി. ഇരുട്ടാണ്. വേഷത്തിലും ഭാവത്തിലും നടപ്പിലും എടുപ്പിലും കമ്മ്യൂണിസ്റ്റ് ചുവപ്പന്മാരെപ്പോലെ തോന്നുന്ന ഉപജാപക ജീവികളുടെ സംഘം മുഖ്യമന്ത്രിയുടെ കസേര ലക്ഷ്യമാക്കി വരിവരിയായി നീങ്ങുകയാണ്. കുട്ടിക്കാലം മുതല്‍ ജാഥ നടത്തി പരിചയമുള്ളവരായതിനാല്‍ അച്ചടക്കത്തോടെ അടിവച്ചടിവച്ചാണ് സര്‍ക്കാര്‍ സെക്രട്ടേറിയറ്റിന്റെ പടികള്‍ ചവിട്ടിക്കയറുന്നത്.
പാര്‍ട്ടിയുടെ ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റിയുടെ കത്തുകളും ചില സംഘം ലീഡര്‍മാരുടെ കൈവശത്തിലുണ്ടത്രെ. നോട്ടുകെട്ടുകളേക്കാള്‍ ഭദ്രമായും രഹസ്യമായും ഈ കത്തുകള്‍ സൂക്ഷിക്കുന്നതിനാല്‍ ആര്‍ക്കും ഇതൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. ഉപജാപക ജീവികള്‍ വെറും സാധാരണക്കാരല്ല. പഠിപ്പും പാസും പത്രാസും പണവും ഉള്ളവരാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര ചാര്‍ത്തിയ തലപ്പൊക്കമുള്ളവരാണ്. സാധാരണ മനുഷ്യരേക്കാള്‍ കണ്ണിനു കാഴ്ചയും ബുദ്ധിക്ക് തിളക്കവും മനസ്സിന് കട്ടിയും കൈകള്‍ക്ക് ശക്തിയും ആമാശയത്തിനു വീതിയും മടിശ്ശീലയ്ക്ക് കനവും ഉള്ളവരാണ്. എതിരാളികള്‍ നിഷ്പ്രഭരായിപ്പോവാന്‍ ഇവരുടെ വെറുതെയുള്ള ഒരു നോട്ടം മതി.
മുഖ്യമന്ത്രിക്ക് പാര്‍ട്ടിഗ്രാമത്തിലെ സ്ഥിരം സഖാക്കളേക്കാള്‍ വിശ്വാസമാണ് ഇക്കൂട്ടരോടുള്ളത്. ഉപജാപകജീവികളെ ഓരോരുത്തരെയും ഉന്നതമായ പദവികളില്‍ ഇരുത്തി വാഴിക്കാനാണ് ഇപ്പോള്‍ കഷ്ടപ്പെടുന്നത്. ഖജനാവ് കാലിയും തസ്തികകള്‍ കുറവും ഉപജാപകജീവികള്‍ എണ്ണത്തില്‍ കൂടുതലും ആയതാണു പ്രശ്‌നം. കഴിവിലും വിദ്യാഭ്യാസത്തിലും പ്രായത്തിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും ഉപജാപകവൃന്ദത്തിനു മൊത്തമായി ഒരു പണിയാണ് മുഖ്യമന്ത്രി ഏല്‍പിച്ചിരിക്കുന്നത്. ഉപദേശം നല്‍കുക. പ്രഭാതം മുതല്‍ പ്രദോഷം വരെ ഉപദേശം നല്‍കുക.
അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രിഇന്ദിരാഗാന്ധിയാണ് ഉപജാപകസംഘത്തിന്റെ ഉപദേശം ശിരസ്സാവഹിച്ചത്. ഉപജാപകരുടെ ഉപദേശം കേട്ടുകേട്ട് അവര്‍ ഇന്ത്യാരാജ്യത്തെ കൈയിലെടുത്ത് അമ്മാനമാടാന്‍ പരിശ്രമിക്കുക കൂടി ചെയ്തത് ചരിത്രം. ഇനി സഖാവ് പിണറായി വിജയനും ഉപദേശം കേട്ടുകേട്ട് കേരളത്തെ എടുത്ത് അമ്മാനമാടുമോ എന്നു നോക്കിയാല്‍ മതി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss