|    Aug 24 Thu, 2017 1:11 am
FLASH NEWS

കര്‍ക്കടകത്തിലും നിറഞ്ഞൊഴുകാതെ കക്കടവ് പുഴ; ആശങ്കയൊഴിയാതെ നെല്‍കര്‍ഷകര്‍

Published : 2nd August 2017 | Posted By: fsq

 

മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്തിലെ പ്രധാന പാടങ്ങളില്‍ നെല്‍കൃഷിക്കായി ആശ്രയിക്കുന്ന കക്കടവ് പുഴയില്‍ കര്‍ക്കടകം പാതിയായിട്ടും നീരൊഴുക്ക് കൂടിയില്ല. മുന്‍കാലങ്ങളില്‍ ഇടവപ്പാതിയോടെ തന്നെ പുഴ കരകവിയുകയും വൃശ്ചികം വരെ നിറഞ്ഞൊഴുകുകയും ചെയ്തിരുന്നു. വാരാമ്പറ്റയില്‍ തുടങ്ങി പുതുശ്ശേരിക്കടവ്, കക്കടവ്, ചെരിയംകൊല്ലി പ്രദേശങ്ങളിലൂടെ പനമരം വഴി കബനിയിലെത്തുന്ന പുഴയാണ് ഇന്നു നീര്‍ച്ചാലായി മാറിയത്. ഈ ഭാഗങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ കൃഷിക്കും ദൈനംദിന കാര്യങ്ങള്‍ക്കും ആശ്രയിച്ചിരുന്നത് ഈ പുഴയായിരുന്നു. പഞ്ചായത്തിലെ പാലയാണ, കക്കടവ്, കരിങ്ങാരി, കൊമ്മയാട്, കാരക്കാമല പാടശേഖരങ്ങളില്‍ ഈ പുഴയിലെ വെള്ളത്തെ മാത്രം ആശ്രയിച്ചാണ് നെല്‍കൃഷി നടത്തിയിരുന്നത്. നൂറുകണക്കിന് വരുന്ന ഈ പാടങ്ങളില്‍ നെല്‍കൃഷി മാത്രമേ ചെയ്യാന്‍ കഴിയൂവെന്നതിനാല്‍ വെള്ളമില്ലതായതോടെ കര്‍ഷകര്‍ ആശങ്കയിലായിരിക്കുകയാണ്. ഞാറ് പറിച്ചുനടാന്‍ കഴിയാത്ത അവസ്ഥയാണ് നിലവില്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ മഴ ലഭിക്കുമെന്ന പ്രവചനത്തില്‍ ആശ്വാസം കൊണ്ടവരാണ് നിരാശയിലായത്. നിലവില്‍ പുഴയില്‍ മണല്‍വാരിയ കുഴികള്‍ മൂടിയും നടുഭാഗത്തും മാത്രം നേരിയ തോതിലാണ് വെള്ളം. ബാണാസുരസാഗര്‍ അണക്കെട്ട് പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് വേനല്‍ക്കാലത്ത് പുഴ വറ്റാന്‍ തുടങ്ങിയത്. ഷട്ടറുകള്‍ തുറക്കുമ്പോഴും ശക്തമായ കാലവര്‍ഷത്തിലും മാത്രമേ പുഴ നിറഞ്ഞൊഴുകാറുള്ളൂ. അണക്കെട്ടിലെ വെള്ളം കൃഷി ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കണമെന്നു പാലയാണ പൗരസമിതി ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക