|    Aug 20 Sun, 2017 9:43 am

കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ പോലിസ് എയ്ഡ് പോസ്റ്റ് നോക്കുകുത്തിയാവുന്നു

Published : 14th November 2016 | Posted By: SMR

മട്ടാഞ്ചേരി: ദിനംപ്രതി നൂറ് കണക്കിന് പേര്‍ എത്തുന്ന കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന പോലിസ് എയ്ഡ് പോസ്റ്റ് നോക്കുകുത്തിയാവുന്നു. ക്രിമിനലുകളുടെ താവളമായി മാറിയ ആശുപത്രിയിലെ സംരക്ഷണത്തിനായി സ്ഥാപിച്ച എയ്ഡ് പോസ്റ്റാണ് ഇപ്പോള്‍ നിര്‍ജ്ജീവാവസ്ഥയിലായിരിക്കുന്നത്. അടിപിടി കേസുകള്‍ ഉള്‍പെടെ നിരവധി സംഭവങ്ങളാണ് ഇവിടെ റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. എയ്ഡ് പോസ്റ്റില്‍ പോലിസ് ഇല്ലാത്തതിനാല്‍ രണ്ട് കിലോമീറ്റര്‍ ദൂരെയുള്ള തോപ്പുംപടി സ്‌റ്റേഷനില്‍നിന്ന് പോലിസെത്തിയാണ് ഇവിടത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത്. ആശുപത്രിയില്‍ ഇരുപത്തിനാല് മണിക്കൂറും പോലിസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുമെന്ന് ഉദ്ഘാടന വേളയില്‍ അധികൃതര്‍ നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ പാഴ്‌വാക്കായി മാറിയിരിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് കുറച്ച് ദിവസം രണ്ടോ മൂന്നോ പോലിസുകാരുടെ സേവനം ലഭിച്ചതൊഴിച്ചാല്‍ പിന്നീട് ഒന്നുമുണ്ടായില്ലെന്ന് രോഗികള്‍ പറയുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ഇവിടെ ഒരു മനോരോഗി പരാക്രമം കാണിച്ച സംഭവമുണ്ടായി. അന്ന് പോലിസെത്താന്‍ വൈകിയതിനാല്‍ ഇയാള്‍ ആശുപത്രിയിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു. പിന്നീട് ഇയാള്‍ രക്ഷപ്പെടുകയുംചെയ്തു. അതേസമയം അടിപിടി കേസുകളില്‍ യഥാസമയം ആശുപത്രിയില്‍നിന്ന് സ്‌റ്റേഷനിലേക്ക് റിപോര്‍ട്ട് എത്തുന്നില്ലെന്ന് പരാതിയുണ്ട്. സ്‌റ്റേഷനില്‍ എത്തിക്കുന്നതിന് ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രശ്‌നം. ഇതിന് കൂടിയാണ് ഇവിടെ എയ്ഡ് പോസ്റ്റ് സ്ഥാപിച്ചതെങ്കിലും ഇപ്പോള്‍ ഫലമില്ലാത്ത അവസ്ഥയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക