|    Sep 21 Thu, 2017 7:23 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കരുവാരക്കുണ്ട് വനമേഖലയില്‍ മാവോവാദി സാന്നിധ്യം ഉള്ളതായി സൂചന

Published : 14th July 2017 | Posted By: fsq

 

കരുവാരക്കുണ്ട്: സൈലന്റ്‌വാലി ബഫര്‍ സോണ്‍ കേന്ദ്രീകരിച്ച് മാവോവാദി സംഘം തമ്പടിച്ചതായി സൂചന. അട്ടപ്പാടി വനാന്തരത്തോട് ചേര്‍ന്നുകിടക്കുന്ന കൂമ്പന്‍ മലവാരമാണ് ഇവര്‍ സുരക്ഷിത താവളമായി തിരഞ്ഞെടുത്തിരിക്കുന്നത്. നേരത്തെ കരുളായി വനത്തില്‍ പോലിസുമായി നടന്ന ഏറ്റുമുട്ടലില്‍ സ്ത്രീയുള്‍പ്പെടെ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നു നിലമ്പൂര്‍ കാടുകളില്‍ പോലിസ് നിരീക്ഷണം ശക്തമാക്കിയതാണു മാവോവാദികളെ താവളമാറ്റത്തിനു പ്രേരിപ്പിച്ചിരിക്കുന്നത്. കൂമ്പന്‍ മലവാര മേഖലയില്‍ ഒളിച്ചു താമസിക്കാന്‍ പറ്റിയ സാഹചര്യമാണുള്ളത്. കാട്ടാന, പുലി തുടങ്ങിയ അപകടകാരികളായ വന്യമൃഗ ഭീഷണിയെ തുടര്‍ന്ന് വനംവകുപ്പധികൃതര്‍ പോലും അവിടേക്ക് തിരിഞ്ഞുനോക്കാറില്ലെന്നു നാട്ടുകാര്‍ പറയുന്നു. ഒരുവര്‍ഷം മുമ്പ് മലപ്പുറം കല്‍കുണ്ട് ആര്‍ത്തല ഭാഗത്ത് മാവോവാദികളെന്നു സംശയിക്കുന്നവരെ കര്‍ഷകത്തൊഴിലാളികള്‍ കണ്ടിരുന്നു. വനത്തിലൂടെ അട്ടപ്പാടി ഭാഗത്തേക്കുള്ള വഴി ചോദിച്ചാണു സംഘം തൊഴിലാളികളെ സമീപിച്ചത്. കരുളായി വനത്തില്‍ നിന്നും കാനനപാതയിലൂടെ എളുപ്പത്തില്‍ കരുവാരക്കുണ്ട് വനമേഖലയിലെത്താം. അവിടെനിന്നും കാട്ടുപാതയിലൂടെ അട്ടപ്പാടി ഭാഗത്തേക്കും സഞ്ചരിക്കാം. അട്ടപ്പാടി വനത്തില്‍ മാവോവാദികളെന്നു സംശയിക്കുന്ന സംഘത്തെ കാട്ടില്‍ വിറകു ശേഖരിക്കാന്‍ പോയ സ്ത്രീകള്‍ നേരിട്ടു കണ്ടതാണ് കൂമ്പന്‍ മലവാരത്ത് ഇവരുടെ ഒളി ത്താവളമുണ്ടെന്ന സംശയം ബലപ്പെടുത്തുന്നത്. കല്‍കുണ്ട് കൂമ്പന്‍ വനമേഖലയില്‍ മാവോവാദി സാന്നിധ്യമുള്ളതായി നേരത്തേ പ്രദേശവാസികള്‍ വ്യക്തമാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക