|    Oct 17 Wed, 2018 6:23 pm
FLASH NEWS

കരുവാരക്കുണ്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി; വീടുകളില്‍ വെള്ളംകയറി

Published : 10th August 2018 | Posted By: kasim kzm

കരുവാരകുണ്ട്: തുള്ളി മുറിയാതെ മഴ വെള്ളത്തില്‍ മുങ്ങി മലയോര മേഖല സ്തംഭിച്ചു. കല്‍ക്കുണ്ട് ചേരി മണലിയാംപാടം , മഞ്ഞളാം ചോല ഭാഗങ്ങളില്‍ ഉള്‍വനത്തില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. കുത്തിയൊലിച്ചു വന്ന മലവെള്ളപ്പാച്ചിലില്‍ വന്‍തോതില്‍ കൃഷി നാശമുണ്ടായി ഉരുള്‍പ്പൊട്ടല്‍ മൂലം ചേരിയില്‍ ഒറ്റപ്പെട്ടു പോയ ആ റോളം കുടുംബങ്ങളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
കാര്‍ഷിക നാണ്യവിളകള്‍ വെളളത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോയി. കൃഷിയിടങ്ങള്‍ മിക്കതും പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. പുഴയോരത്തുള്ള വീടുകളില്‍ വെള്ളം കയറി .വീട്ടുപകരണങ്ങളും വളര്‍ത്തു പക്ഷികളും ഒലിച്ചുപോയി. ചൊവ്വാഴ്ച്ച രാത്രി മുതല്‍ തുടങ്ങിയ കനത്ത മഴയാണ് മലയോരത്തെ കണ്ണീരില്‍ മുക്കിയത്.കരുവാരക്കുണ്ട് പഞ്ചായത്തിലെ കല്‍ക്കുണ്ട് ,ചേരി ,മാമ്പറ്റ,കുണ്ടോട, മുളളറ, പുന്നക്കാട് ,ചിറക്കല്‍ക്കുണ്ട് ,ഇരിങ്ങാട്ടിരി ,മുട്ടിക്കൂട്ടം, തോട്ടിന്‍ കുഴി ഭാഗങ്ങളിലാണ് നാശങ്ങള്‍ ഏറെയും.
കുണ്ടോടയിലും തോട്ടിന്‍കുഴിയിലും നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മലവെള്ളപ്പാച്ചില്‍ കണ്ട് കുഞ്ഞുങ്ങളേയുമെടുത്ത് താമസക്കാര്‍ ബന്ധുവീടുകളിലും സുഹ്യുത്തുക്കളുടെ വീടുകളിലും അഭയം തേടിയതിനാല്‍ അപകടങ്ങളില്‍ നിന്നും രക്ഷപ്പെട്ടു. .വാഹനങ്ങള്‍ മിക്കതും വെള്ളക്കെട്ടില്‍ കുടുങ്ങി .രാവിലെ മേയാന്‍ വിട്ട കാലികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി .വലിയപ്പന്‍ താടിക ഇബ്രാഹിം ,സവറക്കുഴിയന്‍ റഫീഖ് ,പൂളക്കല്‍ നാസര്‍ ,ചെട്ടി യന്‍ തൊടിക ബഷീര്‍ ,തുമ്പത്ത് അശ്‌റഫ് ,കൊളക്കാട്ടില്‍ ഹുസൈന്‍ ,പൂളക്കണ്ടി ഉമ്മര്‍കോയ തുടങ്ങിയവരുടെ വീടുകളിലാണ് നാശം ഏറെയും സംഭവിച്ചത്
മാമ്പറ്റയില്‍ ‘ ഒലിപ്പുഴഗതി മാറി ഒഴുകി പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് പാലം അപകടാവസ്ഥയിലായി. മണലിയം പാടത്ത് കോട്ടായി ബേബിയുടെ ഏക്കര്‍ കണക്കിന് ജാതി, കമുക്, എന്നിവയുടെ കൃഷിയിടങ്ങള്‍ ഒലിച്ചുപോയി, നളന്ദ കോളജില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നു മുപ്പതോളം കുടുംബങ്ങള്‍ ക്യാംപിലുണ്ട്.
ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജിലും’ പരിസരങ്ങളിലും വെള്ളം കയറി പുല്‍മൈതാനിയിലും റൈഡുകളിലും അഴുക്കും ചെളിയും നിറയുകയും ചെയ്തു .പുന്നക്കാട് മാതൃകാ ജി.എല്‍.പി.സ്‌കൂളിലും പരിസരങ്ങളിലും വെള്ളം കയറികേടുപാടുകള്‍ സംഭവിച്ചു.പുന്നക്കാട് അംഗന്‍വാടി ,ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളിലും വെള്ളമെത്തി .കക്കറ വാവുബലിദാന തറയും വെള്ളത്തില്‍ മുങ്ങി.തോട്ടങ്ങളില്‍ ശേഖരിച്ചു വെച്ചിരുന്ന തേങ്ങകള്‍ ഒലിച്ചുപോയി.മാമ്പറ്റയില്‍ കുവ്വേരി അബ്ദുവിന്റെ വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നു വീണ് വീട് അപകടാവസ്ഥയിലായി. കല്ലന്‍ പുഴയ്ക്ക് കുറുകെ ചെമ്പന്‍കാട്ടിലേക്ക് നിര്‍മ്മാണം നടത്തിയിരുന്ന പാലം തകര്‍ന്നു. രാത്രി ഏറെ വൈകിയും ശമനമില്ലാതെ തുടരുന്ന മഴ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ.
കല്‍ക്കുണ്ടില്‍1985ലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ച് പേരും പിന്നീടുണ്ടായ ഉരുള്‍പൊട്ടലുകളില്‍ മൂന്നുപേരും മലവെള്ളപ്പാച്ചിലില്‍ മൂന്ന് പേരും മരണപ്പെട്ടിരുന്നു. ജനങ്ങളുടെ ഭീതിയകറ്റാനോ സംരക്ഷണം നല്‍കാനോ അധികൃതരാരും എത്തിയില്ലെന്നും പരാതിയുണ്ട്. വെള്ളം കയറിയ സ്ഥലങ്ങളില്‍ ഗ്രാമപഞ്ചായത്തധികൃതരും ദ്രുതകര്‍മ്മ സേനയും നേതൃത്വം നല്‍കി.
കാളികാവ്: കാളികാവില്‍ ശക്തമായ മഴ തുടര്‍ന്ന് ബുധനാഴ്ച രാത്രി കാളികാവ് പഞ്ചായത്തിലെ പുല്ലങ്കോട് എസ്‌റ്റേറ്റിലെ മൂന്ന് ഡിവിഷനുകളിലും അടക്കാക്കുണ്ട് മലവാരങ്ങളില്‍ വ്യാപകമായി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. പുല്ലങ്കോട് എസ്‌റ്റേറ്റിലെ മൂന്ന് ഡിവിഷനിലും നാല് സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി, നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. പുല്ലങ്കോട് എസ്‌റ്റേറ്റിലെ കടിഞ്ചീരി ഡിവിഷനിലെ 2016, 2001, എന്നീ റീ പ്ലാന്റിങ് ഏരിയയിലും ചേനപ്പാടി ഡിവിഷനിലെ 2005 ഏരിയയിലും പുല്ലങ്കോട് ഡിവിഷനിലെ 2010 ഏരിയയിലുമാണ് ഉരുള്‍പൊട്ടിയത്. ചേനപ്പാടി പ്രദേശത്ത് ഇത് രണ്ടാം തവണയാണ് ഉരുള്‍ പൊട്ടുന്നത്. വന്‍ കൃഷി നാശമാണ് ഉണ്ടായത്.
അടക്കാക്കുണ്ട് എഴുപതേക്കറിലെ രണ്ടാം ബ്ലോക്കില്‍ ഉച്ചയോടെ ഉരുള്‍പൊട്ടി. പ്രദേശത്തെ ചില വീടുകള്‍ക്ക് തകരാര്‍ പറ്റി.എഴുപതേക്കര്‍ മഞ്ഞനാടിക്കുന്നില്‍ പൂനങ്കാവില്‍ ജോണിന്റെ വീടിന്‍മേല്‍ മണ്ണിടിഞ്ഞ് നാശം സംഭവിച്ചു. അടക്കാക്കുണ്ട് പാറശ്ശേരിയിലും രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി.ലക്ഷങ്ങളുടെ കൃഷിനാശമുണ്ടായി. പലയിടങ്ങളിലും റോഡുകള്‍ ഒലിച്ചുപോയി. സംസ്ഥാന പാതയില്‍ ഉച്ചവരെ ഗതാഗതം മുടങ്ങി. വണ്ടൂര്‍ കാളികാവ് റോഡിലും പലയിടങ്ങളിലും ഗതാഗതം മുടങ്ങി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss