|    Jul 20 Fri, 2018 2:12 pm
FLASH NEWS

കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സിലിന് രവിപിള്ള ഫൗണ്ടേഷന്‍ അവാര്‍ഡ്

Published : 27th September 2017 | Posted By: fsq

 

കരുനാഗപ്പള്ളി:വ്യത്യസ്ത മേഖലകളില്‍ നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സിലിന് പത്മശ്രീ ഡോ ബി രവിപിള്ള ഫൗണ്ടേഷന്‍ അവാര്‍ഡ് ലഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡാണ് ലഭിച്ചത്.അവാര്‍ഡ് തുക ഉപയോഗിച്ച് പത്താം ക്ലാസില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികളില്‍ നിന്നും യഥാര്‍ത്ഥ പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് ശ്രദ്ധേയമായ അംഗീകാരം നല്‍കുന്ന “വിജയാരവം” പദ്ധതി നടപ്പാക്കുമെന്ന് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി വിജയകുമാര്‍ പറഞ്ഞു. അംഗ ഗ്രന്ഥശാലകള്‍ വഴിയാകും കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഇവരെ വിവിധ ഘട്ടങ്ങളിലെ ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കിയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക. ഗ്രന്ഥശാലകള്‍ കാലത്തിനൊപ്പം മാറ്റത്തിനൊപ്പം എന്ന പ്രവര്‍ത്തന പദ്ധതി ഏറ്റെടുത്തതിലുടെ താലൂക്കിലെ ഓരോ ഗ്രന്ഥശാലകളും സാംസ്‌കാരിക വിനിമയ കേന്ദ്രങ്ങളായി മാറിയെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി ചന്ദ്രശേഖരപിള്ള പറഞ്ഞു. കാര്‍ഷിക വ്യാപന പദ്ധതികളും, വനിതാവേദി, ബാലവേദി, യുവജനവേദി, വയോജനവേദി മേഖലയിലെ ഇടപെടലുകളും താലൂക്ക് കൗണ്‍സിലിന്റെ വേറിട്ട പ്രവര്‍ത്തന പരിപാടിയായിരുന്നു. അമ്മമാര്‍ക്കായി നടത്തിയ മക്കള്‍ക്കൊപ്പം കാംപയിനും, ഡിടി പിസി, ഭാരത് ഭവന്‍, ഫോക് ലോര്‍ അക്കാദമി, നഗരസഭ എന്നിവരുടെ സഹകരണത്തോടെ നടത്തിയ കരുനാഗപ്പള്ളി സാംസ്‌കാരികോല്‍സവം എന്നിവയും വേറിട്ട പ്രവര്‍ത്തനങ്ങളായിരുന്നു. നിരവധി സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത ഡോ ബി രവിപിള്ള ഫൗണ്ടേഷന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കിയതെന്ന് ചന്ദ്രശേഖരപിള്ള പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം പ്ലാവേലില്‍ എസ് രാമകൃഷ്ണപിള്ള, താലൂക്ക് ജോയിന്റ് സെക്രട്ടറി പി കെ ഗോപാലകൃഷ്ണന്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss