|    Apr 26 Thu, 2018 1:53 am
FLASH NEWS

കരുനാഗപ്പള്ളിയില്‍ കഞ്ചാവ് വില്‍പ്പന വ്യാപകം; രണ്ടുമാസത്തിനിടെ പിടിയിലായത് 17 പേര്‍

Published : 28th July 2016 | Posted By: SMR

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി, ചവറ പ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പനയും ഉപയോഗവും വര്‍ദ്ധിക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ കഞ്ചാല്‍ വില്‍പനയുമായി ബന്ധപ്പെട്ട് 12 കേസുകളാണ് കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് അധികൃതര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് 17 പെരെ അറസ്റ്റ് ചെയ്തു. ഇവരില്‍ ഭൂരിപക്ഷവും 25 വയസില്‍ താഴെ മാത്രം പ്രായമുള്ളവരാണ്.
ലഹരിവസ്തുക്കളുടെ വില്‍പനയ്ക്ക് യുവാക്കളെയാണ് മാഫിയ നിയോഗിക്കുന്നത്. പ്രതിഫലമായി ആവശ്യത്തിലേറെ പണവും മയക്ക് മരുന്നും നല്‍കിയാണ് ഇവരെ വശീകരിക്കുന്നത്. സ്‌കൂള്‍ വിദ്യാഥികളെ ലക്ഷ്യമാക്കിയാണ് കഞ്ചാവ് വില്‍പന സംഘത്തിന്റെ പ്രവര്‍ത്തനം. ഒരു വര്‍ഷം മുമ്പ് വരെ കരുനാഗപ്പള്ളി റെയില്‍വേ സ്‌റ്റേഷന്‍ വഴിയാണ് പ്രധാനമായും കഞ്ചാവ് കടത്തിയിരുന്നത്. കരുനാഗപ്പള്ളി ടൗണ്‍, ആലുംകടവ് ഗ്രീന്‍ റിസോര്‍ട്ടിന് സമീപം, കൊതിമുക്ക് വട്ടക്കായല്‍, ഐഎച്ച്ആര്‍ഡി എന്‍ജിനിയറിങ് കോളജ്, വെള്ളനാതുരുത്ത് കരിമണല്‍ ഖനന മേഖല, അഴീക്കല്‍ മത്സ്യബന്ധന തുറമുഖം, ആയിരംതെങ്ങ് കണ്ടല്‍ക്കാട്, ടി.എസ് കനാലിലെ പ്രധാന കടവുകള്‍, കന്നേറ്റി കായല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടന്നിരുന്നു. ചെറുവള്ളങ്ങളില്‍ തീരങ്ങളിലും കഞ്ചാവ് എത്തിച്ചിരുന്നു.
ഇവിടെയൊക്കെ പൊലീസും എക്‌സൈസും നിരന്തരം നടത്തിയ റെയിഡിന്റെ ഫലമായി കഞ്ചാവ് വില്പന ചവറ ഭാഗത്തേക്ക് ഒതുങ്ങുകയായിരുന്നു.
രണ്ട് മാസത്തിനുള്ളില്‍ എക്‌സൈസിന്റെ പിടിയിലായ 17 യുവാക്കളില്‍ 12 പേരും ചവറ സ്വദേശികളാണ്. തമിഴ്‌നാട്ടിലെ കമ്പം, തേനി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കരുനാഗപ്പള്ളിയില്‍ കഞ്ചാവ് എത്തുന്നത്. ട്രെയിന്‍, ബസ് എന്നിവയ്ക്ക് പുറമെ ഇരുചക്രവാഹനങ്ങളിലും കഞ്ചാവ് കടത്തുന്നുണ്ട്. വിദ്യാര്‍ത്ഥികളെ പെട്ടെന്ന് വലയില്‍ വീഴ്ത്താന്‍ കഴിയുമെന്നതിനാലാണ് സ്‌കൂളുകളെയും എന്‍ജിനിയറിങ് കേളേജുകളെയും കഞ്ചാവ് വില്‍ക്കാന്‍ തിരഞ്ഞെടുക്കുന്നത്. 25 വയസിന് താഴെയുള്ളവരെയാണ് സംഘം ഇതിനായി നിയോഗിക്കുന്നത്. നിരന്തരം കഞ്ചാവ് ഉപയോഗിക്കുന്ന ഒട്ടേറെ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത് ബോധവല്‍ക്കരിച്ച് രക്ഷാകര്‍ത്താക്കളെ വിളിച്ച് വരുത്തി അവരോടൊപ്പം വിട്ടയച്ചിട്ടുണ്ട്. ഇപ്പോള്‍ മയക്ക് മരുന്നിനെതിരെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി വരികയാണ്.
കരുനാഗപ്പള്ളി താലൂക്കില്‍ ഒരു എക്‌സൈസ് റെയിഞ്ച് ഓഫീസ് മാത്രമാണ് ഉള്ളത്. 22 ജീവനക്കാരാണ് ഇവിടെയുള്ളത്. ഓഫീസ്, കോടതി ഡ്യൂട്ടികള്‍ക്ക് ജീവനക്കാരെ നിയോഗിച്ച് കഴിഞ്ഞാല്‍ പത്തില്‍ താഴെ ഉദ്യോഗസ്ഥര്‍ മാത്രമേ പരിശോധനകള്‍ നടത്താന്‍ ഉണ്ടാകൂ. വിശാലമായ താലൂക്കില്‍ ഇത്രമാത്രം ജീവനക്കാരെ ഉപയോഗിച്ച് ലഹരി  മയക്ക് മരുന്ന് മാഫിയയെ അമര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു. മതിയായ ജീവനക്കാരെ നിയമിക്കുകയോ ചവറയില്‍ പുതിയൊരു എക്‌സൈസ് റെയിഞ്ച് ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുകയോ വേണം. ഇളംതലമുറക്കാരില്‍ വര്‍ദ്ധിച്ച് വരുന്ന മയക്ക് മരുന്ന് ഉപയോഗം തടയാന്‍ ശക്തമായ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss