|    Dec 14 Fri, 2018 5:58 am
FLASH NEWS
Home   >  Sports  >  Football  >  

കരുതിയിരുന്നോളൂ; റഷ്യയില്‍ കണക്കുതീര്‍ത്ത് കപ്പടിക്കാന്‍ ബ്രസീല്‍ ഒരുങ്ങിത്തന്നെ

Published : 6th May 2018 | Posted By: vishnu vis

വിഷ്ണു സലി

ലോക ഫുട്‌ബോളിനെ കളിയഴകിന്റെ മനോഹാരിതകൊണ്ട് അടക്കിവാഴുന്ന ടീമാണ് ബ്രസീല്‍. റഷ്യന്‍ മൈതാനത്തിലെ വെള്ളവരക്കുള്ളില്‍ ഇത്തവണ ബ്രസീല്‍ പന്ത് തട്ടാനിറങ്ങുന്നത് ഗ്രൂപ്പ് ഇ യില്‍ സെര്‍ബിയ, കോസ്റ്റാറിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ് ടീമുകള്‍ക്കൊപ്പമാണ്. പ്രതിഭാസമ്പന്നരായ ഒരു പറ്റം മികച്ച താരങ്ങളുമായി റഷ്യയിലേക്കെത്തുന്ന ബ്രസീലിന് ഈ ലോകകപ്പ് അഭിമാന പ്രശ്‌നംകൂടിയാണ്. കാരണം സ്വന്തം നാട്ടിലേറ്റ തോല്‍വിയുടെ മുറിവ് അത്രമേല്‍ ബ്രസീല്‍ ആരാധകര്‍ക്ക് ഭീകരമായിരുന്നു. അഞ്ച് തവണ ലോക ചാംപ്യന്‍പട്ടം അലമാരയിലെത്തിച്ച മഞ്ഞക്കുപ്പായക്കാര്‍ 1914ല്‍ അര്‍ജന്റീനയ്‌ക്കെതിരായ മല്‍സരത്തിലൂടെയാണ് അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് വരവറിയിച്ചത്. അന്ന് 3-0ന്റെ തോല്‍വിയേറ്റു വാങ്ങിയ ബ്രസീല്‍നിരയുടെ പിന്നീടുള്ള വളര്‍ച്ച ആരെയും അദ്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. കാല്‍പന്തിനെ കേവലം കായികവിനോദം എന്നതിലുപരിയായി ജീവശ്വാസമായി കരുതി ബ്രസീല്‍ ജനത ആരാധിച്ചതോടെ ഫുട്‌ബോളിലെ മുടിചൂടാമന്നന്‍മാരായി അതിവേഗം ബ്രസീല്‍ വളര്‍ന്നു. പ്രഥമ ലോകകപ്പ് മുതല്‍ സാന്നിധ്യമറിയിച്ച ബ്രസീല്‍ 1958, 1962, 1970,1994,2002 ലോകകപ്പും അലമാരയിലെത്തിച്ചു. ആറാം ലോകകപ്പ് ലക്ഷ്യമിട്ട് റഷ്യയില്‍ ബൂട്ടണിയുന്ന ബ്രസീല്‍ തന്നെയാണ് ഇത്തവണ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന ടീമും. ലോക ഫുട്‌ബോളിലെ ഇതിഹാസങ്ങളുടെ പട്ടികയിലെ ഒന്നാം സ്ഥാനക്കാരാനായ പെലെയുടെ പിന്‍മുറക്കാര്‍ സര്‍വശക്തരാണ്. ചാട്ടുളി മൂര്‍ച്ചയുള്ള കളിക്കരുത്തുമായി എതിരാളികളുടെ വല തുളക്കാന്‍ പോന്ന മികച്ച യുവതാരങ്ങളാണ് ഇത്തവണ ബ്രസീലിനൊപ്പമിറങ്ങുന്നത്. 2014ല്‍ സ്വന്തം തട്ടകത്തില്‍ നടന്ന ലോകകപ്പില്‍ ജര്‍മനിയോടേറ്റ നാണം കെട്ട തോല്‍വിക്ക് പിന്നാലെ പരിശീലകസ്ഥാനത്ത് നിന്ന് ലൂയി ഫിലിപ്പ് സ്‌കോളാരിയെ പുറത്താക്കിയ ബ്രസീല്‍ പകരം ദുംഗയെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിച്ചു. എന്നാല്‍ രണ്ട് കോപ്പാ അമേരിക്കയിലും മോശം പ്രകടനം പുറത്തെടുത്തതോടെ ദുംഗയെയും പുറത്താക്കി പകരം ടിറ്റെ ബ്രസീലിന്റെ പരിശീലകസ്ഥാനത്തേക്കെത്തി. ഇതോടെ ബ്രസീലിന്റെ തലവര തെളിഞ്ഞു. യോഗ്യതാ റൗണ്ട് മല്‍സരങ്ങളില്‍ വിജയം കാണാന്‍ പാടുപെട്ടിരുന്ന ബ്രസീല്‍ നിരയെ ടിറ്റെ ഉടച്ചുവാര്‍ത്തതോടെ പഴയ പ്രതാപത്തിലേക്ക് ബ്രസീല്‍ നിര ഉയര്‍ന്നു. അര്‍ജന്റീനയെ മൂന്ന് ഗോളിന് തോല്‍പ്പിച്ച് ടിറ്റെയും ശിഷ്യന്‍മാരും തിരിച്ചുവരവ് അറിയിച്ചു. ലാറ്റിനമേരിക്കയില്‍ നിന്ന് രാജകീയമായി റഷ്യയിലേക്കുള്ള ടിക്കറ്റുറപ്പിച്ച ബ്രസീല്‍ ഇത്തവണ കിരീടം ചൂടുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
സന്തുലിതമായ ടീം, അതാണ് ഇത്തവണത്തെ ബ്രസീല്‍ ടീം. മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലുമെല്ലാം താരപ്രഭ നിറഞ്ഞ് നില്‍ക്കുന്ന ബ്രസീലിന്റെ വജ്രായുധം സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറാണ്. ഇടത് വിങില്‍ ഒറ്റയാനെപ്പോലെ എതിരാളികളുടെ ചക്രവ്യൂഹം തകര്‍ക്കാന്‍ നെയ്മര്‍ ഇറങ്ങുമ്പോള്‍ മുന്നേറ്റ നിരയില്‍ കരുത്ത്പകരാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗബ്രിയേല്‍ ജീസസും ബ്രസീലിനൊപ്പമുണ്ടാവും. ലിവര്‍പൂള്‍ താരം റോബര്‍ട്ടോ ഫിര്‍മിനോയും ബ്രസീലിന്റെ നിശബ്ദായുധമാണ്. യുവന്റസ് താരം ഡഗ്ലസ് കോസ്റ്റയും ബ്രസീലിന്റെ കുന്തമുനകളിലൊരാളാണ്. മധ്യനിര കാക്കാന്‍ ബാഴ്‌സലോണയുടെ പൗളീന്യോ, കോട്ടീഞ്ഞോ എന്നിവര്‍ക്കൊപ്പം റയല്‍ മാഡ്രിഡിന്റെ കാസമിറോയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫെര്‍ണാണ്ടീഞ്ഞോയും ടീമിനൊപ്പമുണ്ട്.
ബ്രസീലിന്റെ പ്രതിരോധത്തെ തകര്‍ക്കാന്‍ ഇത്തവണ എതിരാളികള്‍ക്ക് നന്നായി തന്നെ വിയര്‍ക്കേണ്ടി വരും. കാരണം അത്രമേല്‍ ശക്തരായ താരങ്ങളാണ് കാവല്‍ഭടന്‍മാരായി മഞ്ഞപ്പടയ്‌ക്കൊപ്പമുള്ളത്. റയല്‍ മാഡ്രിഡ് താരം മാഴ്‌സലോ, സിറ്റിയുടെ ഡാനിലോ, യുവന്റസിന്റെ അലക്‌സാന്‍ഡ്രോ, അത്‌ലറ്റികോ മാഡ്രിഡിന്റെ ഫിലിപ്പ് ലൂയിസ്, പിഎസ്ജിയുടെ തിയാഗോ സില്‍വ, ഡാനി ആല്‍വസ്, ചെല്‍സി താരം ഡേവിഡ് ലൂയിസ് ഇങ്ങനെ നീളുന്നു ബ്രസീലിന്റെ പ്രതിരോധ നിര.
ടിറ്റെ എന്ന സൂത്രശാലിയായ പരിശീലകനൊപ്പം നെയ്മര്‍, കോട്ടീഞ്ഞോ, ഗബ്രിയേല്‍ ജീസസ് സഖ്യവും മികവിനൊത്തുയര്‍ന്നാല്‍ ഗ്രൂപ്പ് ഇയില്‍ ബ്രസീലിന് വലിയ വെല്ലുവിളി നേരിടേണ്ടി വന്നേക്കില്ലെന്നാണ് പ്രവചനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss