|    Mar 25 Sun, 2018 4:47 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കരുതിയിരിക്കുക ബ്ലൂവേയ്ല്‍ : മയക്കുമരുന്നു പോലൊരു മരണച്ചങ്ങാത്തം

Published : 6th August 2017 | Posted By: fsq

 

മുംബൈ: അന്ധേരിയിലെ മന്‍പ്രീത് എന്ന ഒമ്പതാംക്ലാസ് വിദ്യാര്‍ഥി കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ നിന്ന് ചാടിമരിച്ചത് ബ്ലൂവേയ്ല്‍ ചലഞ്ച് ഗെയിമിന് അടിമയായതുകൊണ്ടാണെന്നു മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. എന്നാല്‍, കുട്ടിയുടെ മാതാപിതാക്കള്‍ ഇതു നിഷേധിച്ചു രംഗത്തുവന്നു. തങ്ങളുടെ മകന്‍ ഈ മരണക്കളിക്ക് അടിമയല്ലെന്നായിരുന്നു അവരുടെ  പക്ഷം.അതേസമയം, കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിരവധി ചെറുപ്പക്കാര്‍ ഈ ഗെയിമിന് അടിമകളാണെന്നു സംശയിക്കത്തക്ക വിവരങ്ങള്‍ പുറത്തുവരുകയാണ്. കേരളത്തില്‍ 2000ഓളം പേര്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന്് ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്‍കുന്നവര്‍ കണ്ടെത്തി. അതു സ്ഥിരീകരിച്ചിട്ടില്ലെന്നാണ് സംസ്ഥാന പോലിസിന്റെ സൈബര്‍ ഡോം അധികൃതരുടെ ആദ്യ പ്രതികരണം. എന്നാല്‍, പാലക്കാട്ട് നിന്നുള്ള ചില വിദ്യാര്‍ഥികള്‍ ഗെയിമിന്റെ സ്വാധീനത്തില്‍പെട്ടതായി പോലിസിനെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടുകളും പിന്നാലെ വന്നു. കുട്ടികള്‍ ഈ ഗെയിമിന്റെ ഭാഗമായി ചാവക്കാട് കടപ്പുറത്തു പോയെന്നും ഇതു തെളിയിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഇവരുടെ ഫോണില്‍ നിന്ന് കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയെന്നായിരുന്നു വാര്‍ത്ത. മന്‍പ്രീത് ഈ ഗെയിം കളിക്കുന്ന വിവരം അറിയാമായിരുന്നെന്ന് സുഹൃത്തുക്കള്‍ പോലിസിനെ അറിയിച്ചിട്ടുണ്ട്്. ആത്മഹത്യയെക്കുറിച്ച് മന്‍പ്രീത് മുമ്പ് പറഞ്ഞിരുന്നെങ്കിലും അതു കാര്യമായെടുത്തില്ലെന്നും ഇവര്‍ പറയുന്നു. മന്‍പ്രീത് അംഗമായ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സംഭാഷണങ്ങളും ഇതു സാധൂകരിക്കുന്നുണ്ട്. കൂട്ടുകൂടാന്‍ ആളില്ലാത്തവരും സമൂഹത്തില്‍ ഒറ്റപ്പെട്ടുപോവുന്നവരും വിഷാദരോഗികളും ഈ ഗെയിമിന് വേഗത്തില്‍ അടിപ്പെടുന്നുവെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 2013ല്‍ റഷ്യയിലാണ് ബ്ലൂവേയ്ല്‍ ചലഞ്ചിന്റെ ഉദ്ഭവം. 2015ല്‍ ഗെയിമിനെ തുടര്‍ന്നുള്ള ആദ്യ ആത്മഹത്യ നടന്നതും റഷ്യയില്‍ തന്നെ. ഇതുവരെ 130 ഓളം പേര്‍ ഇത്തരത്തില്‍ ആത്മഹത്യ ചെയ്തതായാണു കണക്കുകള്‍. ബ്ലൂവേയ്ല്‍ ചലഞ്ച് ഗെയിം വികസിപ്പിച്ച ഫിലിപ്പ് ബുദെയ്കിന്‍ (22) എന്ന റഷ്യന്‍ സ്വദേശിയായ മനശ്ശാസ്ത്ര വിദ്യാര്‍ഥി രണ്ടുമാസം മുമ്പ് അറസ്റ്റിലായി. എന്നാല്‍, പുതിയ കൈകളിലൂടെ ഗെയിം പ്രചരിക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍. താന്‍ സമൂഹത്തെ ശുദ്ധീകരിക്കാനാണു ലക്ഷ്യമിടുന്നതെന്നും സമൂഹത്തിന് ഒരു ഉപയോഗവും ഇല്ലാത്തവരാണ് തന്റെ ഗെയിമിലൂടെ മരിക്കുന്നതെന്നുമാണ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ബുദെയ്കിന്‍ വ്യക്തമാക്കിയത്. വെബ്‌സൈറ്റില്‍ നിന്ന് കംപ്യൂട്ടറിലേക്കോ ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ആപ്ലിക്കേഷനുകളിലേക്കോ ഡൗണ്‍ലോഡ് ചെയ്യാനാവുന്ന സാധാരണ ഗെയിമുകള്‍പോലുള്ള ഒന്നല്ല ബ്ലൂവേയ്ല്‍ എന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൃത്യമായ ഒരു വെബ്‌സൈറ്റ് വഴിയല്ല ഇത് വ്യാപിക്കുന്നതെന്നതിനാല്‍ നിരോധനവും ഫലപ്രദമാവുന്നില്ല.  സോഷ്യല്‍ നെറ്റവര്‍ക്കിങ്, മെസഞ്ചര്‍ സേവനങ്ങളിലെ ഗ്രൂപ്പുകള്‍ വഴിയാണ് ഇതു വ്യാപിക്കുന്നത്. ചലഞ്ചില്‍ ഉള്‍പ്പെട്ട ഒരാള്‍ ക്ഷണിച്ചാല്‍ മാത്രമേ പുതിയ ഒരാള്‍ക്ക് ചേരാന്‍ സാധിക്കുകയുള്ളൂവെന്ന് ഐടി വിദഗ്ധര്‍ പറയുന്നു. 50 ദിവസം നീളുന്ന ബ്ലൂവെയ്ല്‍ ചലഞ്ചില്‍ 50 വെല്ലുവിളികളാണ് പങ്കെടുക്കുന്നവര്‍ക്കു മുന്നിലെത്തുക. ഹൊറര്‍ സിനിമകള്‍ ഒറ്റയ്ക്ക് കാണുക, കടലിനു സമീപം സമയം ചെലവഴിക്കുക, രാത്രി ഉറങ്ങാതിരിക്കുക, പ്രത്യേകതരത്തിലുള്ള സംഗീതം കേള്‍ക്കുക, കൈയില്‍ മുറിവുവരുത്തി നീലത്തിമിംഗലത്തിന്റെ ചിത്രം വരയ്ക്കുക തുടങ്ങിയ പ്രവൃത്തികളാണ് ആദ്യ 49 ഘട്ടങ്ങളില്‍ ആവശ്യപ്പെടുക. തുടര്‍ന്ന് 50ാം ഘട്ടത്തില്‍ ആത്മഹത്യ ചെയ്യാനും നിര്‍ദേശിക്കും. 49 ഘട്ടങ്ങള്‍ പൂ ര്‍ത്തിയാവുമ്പോഴേക്കും ആത്മഹത്യ ചെയ്യാനുള്ള നിര്‍ദേശം അനുസരിക്കത്തക്കവണ്ണം വിധേയത്വം ഗെയിമില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗെയിം നിയന്ത്രിക്കുന്നവരോട് വന്നിട്ടുണ്ടാവുമെന്നാണ് മനശ്ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്്. ഇതില്‍ പെട്ടുപോവുന്ന കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും കൗണ്‍സലിങ് ആവശ്യമാണെന്ന് അവര്‍ പറയുന്നു. ഗെയിമിന്റെ പിടിയില്‍ കുട്ടികള്‍ അകപ്പെട്ടുപോവാതിരിക്കാന്‍ സ്‌കൂളുകളടക്കം ലക്ഷ്യംവച്ചുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss