|    Jul 18 Wed, 2018 1:09 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കരുണ എസ്റ്റേറ്റ് : നികുതി സ്വീകരിക്കാനുള്ള തീരുമാനം റദ്ദാക്കി

Published : 14th September 2017 | Posted By: fsq

 

തിരുവനന്തപുരം: പാലക്കാട് കരുണ എസ്‌റ്റേറ്റില്‍ നിന്ന് നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട യുഡിഎഫ് സര്‍ക്കാരിന്റെ രണ്ട് ഉത്തരവുകളും റദ്ദാക്കാന്‍ മന്ത്രിസഭാ തീരുമാനം. തിരുവനന്തപുരം ടെന്നിസ് ക്ലബ്ബിനു പാട്ടക്കുടിശ്ശിക ഇളവു ചെയ്തുകൊടുക്കാനുള്ള മുന്‍ സര്‍ക്കാര്‍ തീരുമാനവും റദ്ദാക്കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വിവാദ ഉത്തരവുകള്‍ പരിശോധിച്ച മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. നെല്ലിയാമ്പതിയിലെ പോബ്‌സ് എസ്‌റ്റേറ്റിന്റെ കൈവശമുള്ള 800 ഏക്കര്‍ വരുന്ന കരുണ എസ്‌റ്റേറ്റ് ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ മുന്‍ സര്‍ക്കാരിന്റെ അവസാനകാലത്താണ് ഉത്തരവ് ഇറക്കിയത്. കരുണ എസ്‌റ്റേറ്റ് ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച് കോടതിയില്‍ തര്‍ക്കം നിലനില്‍ക്കെയാണ് 2016 മാര്‍ച്ച് ഒന്നിനു നികുതി സ്വീകരിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് 2016 ജനുവരി 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള വിവാദ മന്ത്രിസഭാ തീരുമാനങ്ങള്‍ പുനപ്പരിശോധിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മന്ത്രി എ കെ ബാലന്റെ നേതൃത്വത്തില്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. ഉടമാവകാശം സംബന്ധിച്ച തര്‍ക്കം തീര്‍പ്പാക്കാതെ നികുതി സ്വീകരിച്ചതു തെറ്റാണെന്ന് ഉപസമിതി കണ്ടെത്തി. ഉപസമിതിയുടെ ശുപാര്‍ശ പ്രകാരമാണ് തീരുമാനം റദ്ദാക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. തിരുവനന്തപുരം ടെന്നിസ് ക്ലബ്ബിന്റെ കൈവശമുള്ള 4.27 ഏക്കര്‍ ഭൂമിയുടെ പാട്ടക്കുടിശ്ശിക പിരിച്ചെടുക്കുന്നതിനു സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പാട്ടക്കുടിശ്ശിക തുകയുടെ 0.2 ശതമാനം മാത്രം ഈടാക്കി പാട്ടം പുതുക്കിനല്‍കാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പുനപ്പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ശുപാര്‍ശ നല്‍കാന്‍ നിര്‍ദേശിച്ചത്. പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റിയിലെയും കോര്‍പറേഷനുകളിലെയും എന്‍ജിനീയറിങ് വിഭാഗത്തില്‍ 138 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ യോഗം തീരുമാനിച്ചു.  പുതുതായി ആരംഭിക്കുന്ന ഇഎസ്‌ഐ ഡിസ്‌പെന്‍സറികളിലേക്ക് 162 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും തിരുവനന്തപുരം ജില്ലയിലെ ഇളമ്പമുദാക്കല്‍ ഗ്രൂപ്പ് വില്ലേജ് വിഭജിച്ച് ഇളമ്പ വില്ലേജ് രൂപീകരിക്കാനും മന്ത്രിസഭ അനുമതി നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss