|    Nov 21 Wed, 2018 5:09 am
FLASH NEWS
Home   >  National   >  

കരുണാനിധി അന്തരിച്ചു

Published : 7th August 2018 | Posted By: afsal ph

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി(94) അന്തരിച്ചു. അന്ത്യം ചെന്നൈ കാവേരി ആശുപത്രിയില്‍. പനിയും അണുബാധയും മൂലം തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. വൈകീട്ട് 4.30ന് പുറത്തിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ കരുണാനിധിയുടെ നില അതീവ ഗുരുതരമാണെന്ന് അറിയിച്ചിരുന്നു. വൈകീട്ട് 6.10 ഓടെ മരണം സ്ഥിരീകരിച്ചു. മരണ വേളയില്‍ മകനും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം കെ സ്റ്റാലിനും കുടുംബാംഗങ്ങളും ആശുപത്രിയിലുണ്ടായിരുന്നു. കരുണാനിധിയുടെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട് തമിഴ്‌നാട്ടില്‍ നാളെ പൊതു അവധി പ്രഖ്യാപിച്ചു. ഒരാഴ്ച്ചത്തെ ദുഖാചരണം നടത്തും. കരുണാനധിയുടെ നിര്യാണത്തില്‍ രാഷ്ട്രപതി അനുശോചനം അറിയിച്ചു. തമിഴ്‌നാടിന്റെ വികസനത്തിന് ഏറെ സംഭാവന ചെയ്ത നേതാവാണ് വിടവാങ്ങിയതെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. രാജ്യ താല്‍പര്യത്തിന് മുന്‍തൂക്കം നല്‍കിയ നേതാവാണ് കരുണാനിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
1924 ജൂണ്‍ മൂന്നിന് ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡന്‍സിക്കു കീഴിലുള്ള നാഗപട്ടണം ജില്ലയിലെ തിരുക്കൂവളൈയിലായിരുന്നു കരുണാനിധിയുടെ ജനനം. ദക്ഷിണാമൂര്‍ത്തി എന്നാണ് യഥാര്‍ത്ഥ പേര്. സ്‌കൂള്‍ പഠന കാലത്തു തന്നെ സാഹിത്യ തല്‍പരനായിരുന്ന കരുണാനിധി 14ാം വയസ്സില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്തു സജീവമായി. ആള്‍ സ്റ്റുഡന്‍സ് ക്ലബ്ബിലൂടെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചു. തമിഴ്‌നാട് മാനവര്‍ മന്‍ട്രം സംഘടനയിലൂടെ രാഷ്ട്രീയത്തിലെത്തി. 1969 ല്‍ അദ്ദേഹം ഡിഎംകെ നേതൃസ്ഥാനം ഏറ്റെടുത്തു. 2018 ജുലൈ 27ന് അദ്ദേഹം ഡിഎംകെ അധ്യക്ഷ സ്ഥാനത്ത് 49 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.
തമിഴ് ജനതക്കിടയില്‍ നിലനിന്ന ബ്രാഹ്മണാധിപത്യത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ കരുണാനിധിയെ, 1950 കളില്‍ നടന്ന കല്ലുക്കൂടി സമരമാണ് ജനനായകനായി വളര്‍ത്തിയത്. ഡാല്‍മിയ സിമന്റ് പ്ലാന്റ് സ്ഥാപിച്ചതിനു പിന്നാലെ കല്ലൂക്കുടിയുടെ പേര് ഡാല്‍മിയപുരം എന്ന് മാറ്റിയതായിരുന്നു ജനകീയ പ്രതിഷേധത്തിന് വഴി തുറന്നത്.
തിരക്കഥാ രചനയിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും സാഹിത്യ മേഖലയിലും അനര്‍ഗമായ സംഭാവനകള്‍ അര്‍പ്പിച്ച അദ്ദേഹം കരുണാനിധി എന്ന പേര് സ്വീകരിച്ചതും സിനിമാ മേഖലയില്‍നിന്നായിരുന്നു. സിനിമാ മേഖലയിലെ കരുണാനിധിയുടെ വളര്‍ച്ച അതിവേഗമായിരുന്നു. ശിവാജി ഗണേശുമായും എസ്.എസ് രാജേന്ദ്രനുമായുള്ള അടുപ്പം വലിയ നേട്ടങ്ങള്‍ സമ്മാനിച്ചു. പരാശക്തിയുടെ തിരക്കഥ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച രചനകളില്‍ ഒന്നായി.
കരുണാനിധിയുടെ നിര്യാണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. ചെന്നൈ, കോയമ്പത്തൂര്‍ നഗരങ്ങളില്‍ വന്‍ പോലിസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. കരുണാനിധിയുടെ അടുത്ത ബന്ധുക്കളെല്ലാം ഗോപാലപുരത്തെ വസതിയിലേക്ക് മടങ്ങി. വസതിക്ക് മുന്‍പില്‍ വലിയ ജനക്കൂട്ടമാണ് തിങ്ങിനിറഞ്ഞിരിക്കുന്നത്. തമിഴ്‌നാട്ടിലേക്കുള്ള കര്‍ണാടക ആര്‍ടിസിയുടെ ബസ് സര്‍വീസുകളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള മദ്യശാലകള്‍ അടച്ചു. സിനിമ തിയറ്ററുകള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss