|    Aug 22 Wed, 2018 2:45 am
FLASH NEWS
Home   >  National   >  

കലൈഞ്ജര്‍ ഇനി ഓര്‍മ്മ

Published : 8th August 2018 | Posted By: afsal aph

ചെന്നൈ: ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധിക്ക് യാത്രാമൊഴി. സമ്പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മറീന ബീച്ചില്‍ അണ്ണാ സമാധിക്കു സമീപമായിരുന്നു സംസ്‌കാരം. പതിനായിരങ്ങളുടെ അകമ്പടിയോടെയാണു വിലാപയാത്രയായി കരുണാനിധിയുടെ ഭൗതികദേഹം മറീനയില്‍ എത്തിച്ചത്. ‘ഒരിക്കലും വിശ്രമിക്കാത്ത മനുഷ്യന് ഇവിടെ വിശ്രമം’ എന്ന കലൈഞ്ചറുടെ വാക്കുകള്‍ തന്നെ എഴുതിയ ശവമഞ്ചവുമായാണ് അദ്ദേഹത്തെ മറീന ബീച്ചിലേക്ക് യാത്രയാക്കിയത്. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. സ്റ്റാലിനും അഴഗിരിയും കനിമൊഴിയുമടക്കം അടുത്ത ബന്ധുക്കള്‍ അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് ആദരസൂചകമായി സൈന്യം ആചാരവെടി മുഴക്കി.

രാജാജി ഹാളില്‍നിന്ന് വൈകിട്ട് നാലിനാണ് വിലാപയാത്രയ്ക്കു തുടക്കമായത്.
അതിനിടെ, രാജാജി ഹാളിനു മുന്നിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു പേര്‍ മരിച്ചു. 33 പേര്‍ക്കു പരുക്കേറ്റു. ഉച്ചയ്ക്ക് രാജാജി ഹാളിനു മുന്നില്‍നിന്ന് പൊലിസിനെ പിന്‍വലിച്ചതോടെയാണ് ഡിഎംകെ പ്രവര്‍ത്തകര്‍ വന്‍തോതില്‍ തള്ളിക്കയറിയത്. ബാരിക്കേഡുകള്‍ തള്ളിമറിച്ച ജനക്കൂട്ടം മൃതദേഹ പേടകത്തിനടുത്തേക്കു കുതിച്ചതോടെ പൊലിസ് ചെറിയ തോതില്‍ ലാത്തിവീശി.
കലൈഞ്ജര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, നടന്‍ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ടി.ടി.വി. ദിനകരന്‍, കേരള ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കമല്‍ഹാസന്‍, ദീപ ജയകുമാര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ എത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss