|    Oct 17 Wed, 2018 9:07 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘കരുണാകരനെതിരേ കെപിസിസിയില്‍ ഗൂഢാലോചന നടന്നിട്ടുണ്ടാവാം’

Published : 27th December 2017 | Posted By: kasim kzm

കൊച്ചി/തിരുവനന്തപുരം: ചാരക്കേസുമായി  ബന്ധപ്പെട്ട് കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കാന്‍ കേരള രാഷ്ട്രീയത്തിലും കെപിസിസിയിലും ഗൂഢാലോചന നടന്നിട്ടുണ്ടങ്കില്‍ അതു മാത്രമേ ഉള്ളൂവെന്നും യാതൊരു വിധ മറ്റു ഗൂഢാലോചനയും നടന്നിട്ടില്ലെന്ന് സിബിഐയുടെ മുന്‍ അഭിഭാഷകന്‍ അഡ്വ. കെ പി സതീശന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അന്നത്തെ സാഹചര്യം കോണ്‍ഗ്രസ്സുകാര്‍ ദുരുപയോഗം ചെയ്യുകയോ അതല്ലെങ്കില്‍ ഉപയോഗപ്പെടുത്തിയതോ ആവാം. ചാരക്കേസില്‍ ഇപ്പോള്‍ ഉയര്‍ന്ന ഗൂഢാലോചനാവാദങ്ങളൊന്നും അന്നില്ലായിരുന്നു. അതിനാലാണ് സിബിഐ ആ തരത്തില്‍ അന്വേഷണം നടത്താതിരുന്നത്. കോണ്‍ഗ്രസ്സുകാരുടെ ആഭ്യന്തര പൊളിറ്റിക്‌സില്‍ സിബിഐക്കെന്താണ് കാര്യമെന്നും അഡ്വ. കെ പി സതീശന്‍ ചോദിച്ചു. ചില താല്‍പര്യങ്ങളാണ് ചാരക്കേസില്‍ ഉണ്ടായിരുന്നത്്. കരുണാകരനെതിരേ സിബിഐ അന്ന് യാതോരുവിധ പരാമര്‍ശവും നടത്തിയിരുന്നില്ല.
കേസ് അവസാനിപ്പിച്ച് റിപോര്‍ട്ട് നല്‍കുന്നതിനു മുമ്പ് കെ കരുണാകരനെതിരേ രാജ്യദ്രോഹക്കുറ്റമോ ചാരപ്രവര്‍ത്തനമോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിനെയും അറിയിച്ചിരുന്നു. രണ്ടു സ്ത്രീകള്‍  -മറിയം റഷീദയും ഫൗസിയ ഹസനും-  മാലിയില്‍നിന്ന് ഇവിടെയെത്തി. അവര്‍ തിരിച്ചുപോവാതെ കൂടുതല്‍ ദിവസം തങ്ങി. അതാണ് പിന്നീട് ഇത്തരത്തില്‍ കേസായി മാറിയത്. സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ മാന്യമായ രൂപത്തില്‍ അന്വേഷിക്കുന്നതിനെക്കാള്‍ ക്രൂരമായ രീതിയിലേക്ക് സംഭവത്തെ മാറ്റിയെന്നും അഡ്വ. കെ പി സതീശന്‍ പറഞ്ഞു.
അതേസമയം, ഐഎസ്ആര്‍ഒ ചാരക്കേസില്‍ തെറ്റു പറ്റിയെന്ന് കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാവ് തന്നോട് സമ്മതിച്ചിട്ടുണ്ടെന്ന് ആരോപണവിധേയനായിരുന്ന ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. പ്രചാരണത്തിനു പിന്നില്‍ ആരാണെന്നറിയാമെങ്കിലും അക്കാര്യം വ്യക്തമാക്കാന്‍ താല്‍പര്യമില്ല. എം എം ഹസന്‍ നടത്തിയത് കുറ്റസമ്മതം തന്നെയാണ്. ഉമ്മന്‍ചാണ്ടിയുടെ മൗനം സമ്മതമായി കാണാമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഐഎസ്ആര്‍ഒ ചാരക്കേസ് ഉണ്ടാക്കിയതെന്നും നമ്പി നാരായണന്‍ പ്രതികരിച്ചു. ചാരക്കേസുണ്ടായി അടുത്തവര്‍ഷംതന്നെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാവ് തന്നോടു തെറ്റ് ഏറ്റുപറഞ്ഞിട്ടുണ്ടെന്നാണ് നമ്പി നാരായണന്‍ വെളിപ്പെടുത്തിയത്. ഏറ്റവും തലമുതിര്‍ന്ന ആ നേതാവിന്റെ പേര് വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ അന്ന് പ്രതിപക്ഷത്തായിരുന്ന എല്‍ഡിഎഫും ചാരക്കേസ് ഉപയോഗിച്ചു. തുടരന്വേഷണത്തിനുള്ള എല്‍ഡിഎഫ് നീക്കം തെറ്റിദ്ധാരണ കൊണ്ടായിരുന്നെന്നാണ് വിശ്വാസമെന്നും നമ്പി നാരായണന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss