|    Jul 18 Wed, 2018 8:12 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കരീബിയന്‍ ദ്വീപുകളിലേക്ക് ഇര്‍മ ചുഴലിക്കാറ്റ്

Published : 7th September 2017 | Posted By: fsq

 

ബാര്‍ബുഡ: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപംകൊണ്ട ഇര്‍മ ചുഴലിക്കാറ്റ് കരീബിയന്‍ ദ്വീപുകളില്‍ വീശിയടിക്കുന്നു. കാറ്റഗറി അഞ്ചില്‍പെടുന്ന ചുഴലിക്കാറ്റാണ് ഇര്‍മ. 280 കിലോമീറ്റര്‍ വേഗത്തിലാണ് ഇര്‍മ വീശിയടിക്കുന്നത്. അറ്റ്‌ലാന്റികിലെ കേപ് വെര്‍ദ് ദ്വീപുകള്‍ക്കു സമീപത്തുനിന്നാണ് ഇര്‍മ രൂപംകൊള്ളുന്നത്. ഈ പ്രദേശത്തുനിന്നുണ്ടായ മറ്റു കൊടുങ്കാറ്റുകളായ ഹ്യൂഗോ, ഫ്‌ളോയിഡ്, ഐവാന്‍ എന്നിവയും തീവ്രതകൊണ്ടു വളരെ മുന്നിലായിരുന്നു. ബാര്‍ബുഡയിലും സെന്റ് മാര്‍ട്ടിനിലുമാണ് ചുഴലിക്കാറ്റ് നാശം വിതയ്ക്കാനൊരുങ്ങുന്നത്്. ഇവിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ചുഴലിക്കാറ്റുകളില്‍ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായിട്ടാണ് ഇര്‍മയെ കാലാവസ്ഥാ നിരീക്ഷകര്‍ കാണുന്നത്. ശക്തമായ മഴയും കാറ്റും ഇര്‍മയ്‌ക്കൊപ്പം ഉണ്ടാവുമെന്ന് മുന്നറിയിപ്പും നല്‍കുന്നുണ്ട്. ഇവിടെ മുന്‍ കരുതലെന്നോണം വീടുകളില്‍ കുടിവെള്ളവും ഭക്ഷണവും ഗ്യാസും സൂക്ഷിച്ചിരിക്കുകയാണ്.  പ്യൂര്‍ട്ടോ റികോ, ബാര്‍ബുഡ, ആന്റിഗ്വേ, സെന്റ് കിറ്റീസ്, നെവിസ്, യുഎസ് അധീന ദ്വീപ് എന്നിവിടങ്ങളിലൂടെയാണ് ഇര്‍മ കടന്നുപോവുക. യുഎസ് അധീന ദ്വീപ് ഗവര്‍ണര്‍ കെന്നെത്ത് ഇ മപ്പ് ഏഴ് ദ്വീപുകളില്‍ 36 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു കഴിഞ്ഞു. ബഹ്മാസില്‍ ആറ് ദ്വീപുകളില്‍ സുരക്ഷാമുന്നൊരുക്കം എന്ന നിലയില്‍ അടിയന്തരമായി ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഹാര്‍വി ചുഴലിക്കാറ്റ് നാശം വിതച്ച അമേരിക്കയിലേക്ക് ഇര്‍മയുമെത്തുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇര്‍മയ്ക്ക് പുറമെ ജോസ് കൊടുങ്കാറ്റും അമേരിക്കയ്ക്കു പേടിസ്വപ്‌നമാവുന്നുണ്ട്. കാറ്റഗറി നാലില്‍പെടുന്ന ഈ കൊടുങ്കാറ്റ് യുഎസിലേക്ക് എത്തില്ലെന്നാണ് കാലാവസ്ഥാനിരീക്ഷകര്‍ പറയുന്നത്. എന്നാല്‍, ഇര്‍മയെത്തുന്ന കരീബിയന്‍ ദ്വീപുകളില്‍ ജോസ് കൊടുങ്കാറ്റും എത്തുമെന്നാണു പ്രവചിക്കപ്പെടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss