|    Jan 19 Thu, 2017 8:48 pm
FLASH NEWS

കരിയില്‍ തുറന്ന്് കാണിക്കുന്നത് ജാതീയതയുടെ മൂടുപടം

Published : 7th August 2015 | Posted By: admin

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍


 

അരയില്‍ മൂന്നു നിറങ്ങളുള്ള ഉടയാടയണിഞ്ഞ് കാലില്‍ ചിലമ്പിട്ട് വലംകൈയില്‍ പള്ളിവാള്‍ പിടിച്ച് ഇടംകൈയില്‍ കുരുത്തോല കൊണ്ടുള്ള ഗദ ധരിച്ച് കരിങ്കാളി തുള്ളുന്നു.കരിയെന്ന സിനിമയിലെ ഈ വേഷത്തിനു പറയാനുള്ളത് അരുള്‍പ്പാടല്ല, തുറന്നുകാട്ടലാണ്. ജാതീയത ചുഴന്നുനില്‍ക്കുന്ന കേരള സമൂഹത്തിന്റെ മൂടുപടം നീക്കുകയാണ് കരിങ്കാളി വേഷം. തിയേറ്റര്‍ ഇടപെടല്‍ ഇല്ലാതിരുന്നിട്ടും കരി ഈ വര്‍ഷത്തെ ദേശിയ ചലച്ചിത്ര അവാര്‍ഡിന്റെ അന്തിമപട്ടികയില്‍ ഇടംനേടിയിരുന്നു. പിന്നണിയിലും മുന്നണിയിലും പുതുമുഖങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ള ചിത്രം അണിയിച്ചൊരുക്കിയത് നരണിപ്പുഴ ഷാനവാസാണ്.

കരിങ്കാളിയാട്ടം
കരി എന്നാല്‍ കരിങ്കാളി എന്നര്‍ഥം. പറയ സമുദായത്തിന്റെ അനുഷ്ഠാനകലയാണ് കരിങ്കാളി വേഷംകെട്ടല്‍. സാമൂഹിക വ്യവസ്ഥിതിയിലെ ഉച്ചനീചത്വങ്ങള്‍ കൊണ്ട് ക്‌ഷേത്രങ്ങളുടെ താഴേക്കാവുകളില്‍ മാത്രം കടന്നുചെല്ലാന്‍ വിധിക്കപ്പെട്ട ദൈവത്തിന്റെ പ്രതിരൂപമാണ് കരിങ്കാളി. താഴെക്കിടയിലുള്ളവന്റെ ആത്മരോഷങ്ങള്‍ പേറിയാണ് കരിങ്കാളിയുടെ യാത്ര. പണ്ട് നന്മയ്ക്കും അഭിവൃദ്ധിക്കും വേണ്ടി നാടുവാഴുന്ന ജന്മികള്‍ അടക്കമുള്ളവര്‍ തറവാടുകളില്‍ കരിങ്കാളിക്കു വഴിപാടു നേര്‍ന്നിരുന്നു. മേലേക്കാവുകളിലേക്കു കരിങ്കാളിക്ക് ഒരിക്കലും പ്രവേശനം ഇല്ല എന്നതുപോലെ തുള്ളല്‍ കഴിഞ്ഞ് കോലം അഴിച്ചുവച്ചാല്‍ പറയന്റെ സ്ഥാനം തീണ്ടപ്പാടകലെത്തന്നെ ആയിരിക്കും. ജാതീയതയോടുള്ള ഈ സമീപനത്തില്‍ കേരളീയ സമൂഹത്തില്‍ വലിയ മാറ്റങ്ങളൊന്നും ഇല്ലെന്നാണ് കരി എന്ന സിനിമ വ്യക്തമാക്കിത്തരുന്നത്.

കരിയുടെ കഥാന്തരീക്ഷം
ഗള്‍ഫ് പ്രവാസിയായ ദിനേശന്റെ വിട്ടിലേക്കുള്ള സുഹൃത്തുക്കളായ ഗോപുവിന്റെയും ബിലാലിന്റെയും യാത്രയിലൂടെയാണ് ചിത്രത്തിന്റെ തുടക്കം. ഗള്‍ഫില്‍ ഗോപുവിന്റെ കടയിലെ താല്‍ക്കാലിക ജീവനക്കാരനാണ് ദിനേശന്‍. ഈ ജോലി സ്ഥിരപ്പെടുത്താന്‍ കരിങ്കാളി വേഷംകെട്ടല്‍ എന്ന അനുഷ്ഠാന കല നടത്താന്‍ വീട്ടുകാര്‍ തീരുമാനിക്കുന്നു. കരിങ്കാളി വേഷം കെട്ടേണ്ടയാള്‍ക്ക് ഗോപുവിന്റെ വാഹനമിടിച്ച് അപകടം പറ്റുന്നു. തുടര്‍ന്നു വേഷംകെട്ടാന്‍ പകരം ഒരാളെ തേടുകയാണ് ഗോപുവും ബിലാലും. ഇവര്‍ കണ്ടെത്തുന്ന അയ്യപ്പന്‍ വേഷംകെട്ടാന്‍ തയ്യാറാവുന്നു. പൂരത്തിനിടെ ആന ഇടഞ്ഞോടുന്നതു മൂലം വേഷംകെട്ടല്‍ മുടങ്ങുന്നു. വേഷംകെട്ടല്‍ തടസ്സങ്ങളില്‍ തട്ടിനില്‍ക്കെ ദൈവത്തിന്റെ പ്രതിപുരുഷനായ അയ്യപ്പന്‍ മണല്‍മാഫിയക്കുവേണ്ടി പണിയെടുക്കുന്ന കാഴ്ചയും നമ്മേ തേടിയെത്തും. ഒപ്പം സവര്‍ണനായ ഗോപുവിന്റെ ജാതിചിന്തയും. ഇതു മനസിലാക്കുന്ന അയ്യപ്പന്റെ പ്രതികരണവും പ്രതീകാത്മകമായിത്തന്നെ ആഴത്തില്‍ സംവദിക്കുന്നു. ജാതീയതയോടുള്ള പകവീട്ടലായും കരിങ്കാളിയാട്ടത്തെ ഇവിടെ പ്രതീകാത്മകമായി അടയാളപ്പെടുത്തുന്നുണ്ട്.

വ്യത്യസ്ത വഴിതേടുന്ന ചിത്രം സ്വാഭാവികമായ ആവിഷ്‌ക്കരണമാണ് ‘കരിയെ മറ്റു സിനിമകളില്‍നിന്നു വ്യത്യസ്തമാക്കുന്നത്. കഥാപാത്രങ്ങളുടെ സ്വാഭാവികതയില്‍ കാഴ്ചക്കാരന്‍ ഇതൊരു സിനിമയാണെന്നു തിരിച്ചറിയാന്‍ അല്‍പ്പമൊന്നു പ്രയാസപ്പെടുമെന്നതാണ് ഇതിന്റെ വിജയവും. കരി ഒരു യാത്രയാണ്. ലോകത്തെല്ലായിടത്തും മാറാത്ത പൊതുവായ ഒന്ന്, മതാത്മകതയും ജാതീയതയുമാണെന്ന് ഓര്‍മപ്പെടുത്തുന്ന യാത്ര. ഒരു യാത്രയിലൂടെയാണ് സിനിമ അതിന്റെ കാഴ്ചാനുഭവങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതും. തെക്കുനിന്ന് വടക്കോട്ടുള്ള യാത്രയും കരിങ്കാളിയാട്ടമെന്ന അനുഷ്ഠാനവുമാണ് സിനിമയുടെ പശ്ചാത്തലം. പ്രമേയത്തിലും പരിചരണത്തിലും ചിരിസമ്മതമായ നടപ്പുരീതികളില്‍നിന്ന് വ്യത്യസ്തത വഴിതേടുന്ന ചിത്രം മലയാളി സമൂഹവും സിനിമയും അധികം അഭിസംബോധന ചെയ്യാതെ വിട്ട, മനുഷ്യരുടെ തൃഷ്ണകളും പാപബോധവും സാമൂഹികജീവിതവും എല്ലാം ഉള്‍ച്ചേര്‍ന്ന ഇടവും അവതരിപ്പിക്കുന്നുണ്ട്. ജാതീയമായി ചിന്തിക്കുന്നവരാണ് കേരളീയസമൂഹം. കൂടുതല്‍ കൂടുതല്‍ ജാതീയമായി മാറുന്ന അന്തരീക്ഷം പേടിപ്പെടുത്തുന്നു. ഈ വീക്ഷണകോണില്‍ നിന്നാണ് കരി ദൃശ്യവല്‍ക്കരിക്കുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്. മലയാള കഥാലോകത്ത് സാന്നിധ്യം അറിയിച്ച പൊന്നാനിക്കാരനായ കെ ടി സതീശനാണ് സിനിമയിലെ മുഖ്യകഥാപാത്രമായ ‘കരിങ്കാളിയായി’ വേഷമിട്ടത്. സംഗീത സംവിധാനവും നിര്‍മാണവും സുദീപ് പാലനാടാണ്. 26ന് ബേപ്പൂരില്‍ നടന്ന ചലച്ചിത്ര ശില്‍പ്പശാലയിലേക്കു തിരഞ്ഞെടുക്കപ്പെട്ട രണ്ടു ചിത്രങ്ങളിലൊന്ന് കരിയാണ്. ചലച്ചിത്ര വികസന കോര്‍പറേഷനാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. ഒരാള്‍പൊക്കമാണ് മറ്റൊരു ചിത്രം. ഓരോ വര്‍ഷവും കലാപരമായി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ് ശില്‍പ്പപശാലയിലേക്കു” തിരഞ്ഞെടുക്കാറുള്ളത്.

കലയുടെ കച്ചവടം
ഇതൊരു ‘ആര്‍ട്ട്’ ചിത്രമല്ല. എന്നാല്‍ തിയേറ്റര്‍ ഇടപെടല്‍ സംഭവിച്ചില്ലെന്ന് സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് പറയുന്നു. ഇരച്ചെത്തുന്ന പതിനായിരങ്ങള്‍ നല്ല സിനിമകളെ സ്‌നേഹിക്കുന്നവരാണെന്നു കരുതാനാവില്ല. അങ്ങനെയായിരുന്നെങ്കില്‍ പല നല്ല മലയാള സിനിമകളും കാണാനാളില്ലാതെ തകര്‍ന്നുപോവുന്ന അവസ്ഥ ഇവിടെ ഉണ്ടാവുമായിരുന്നില്ല. അതുതന്നെയാണ് ഈ ചിത്രത്തിനും സംഭവിക്കുന്നതെന്ന് കാഴ്ചയുടെ പ്രത്യയശാസ്ത്രത്തിലും അഭിരുചിയിലും പ്രതികരണങ്ങളിലും വിവേചനശേഷിയിലും പെരുമാറ്റത്തിലുമെല്ലാം പുതിയൊരു കാഴ്ചസമൂഹം രൂപാന്തരപ്പെടാതെ ഇതുപോലുള്ള ചിത്രങ്ങള്‍ക്ക് തിയേറ്റര്‍ ലഭിക്കില്ലെന്നും അദ്ദേഹം പറയുന്നു. കലയുടെ കച്ചവടമാണോ കച്ചവടത്തിന്റെ കലയാണോ എന്ന സന്ദേഹത്തിനുള്ള മറുപടി കൂടി ഇതില്‍നിന്നു വായിക്കാം. ഇത് കലയുടെ കച്ചവടമാണ്.നരണിപ്പുഴ ഷാനവാസ് കുട്ടിക്കാലം മുതല്‍ ഷാനവാസിനെ ആവേശിച്ച ഭ്രാന്തായിരുന്നു സിനിമ. 15 ലക്ഷം രൂപ ബജറ്റിലാണ് ‘കരി’ പൂര്‍ത്തിയായത്. കുറ്റിപ്പുറം ഭാരതപ്പുഴയിലും മൂക്കുതല പരിസരങ്ങളുമാണ് പ്രധാന ലൊക്കേഷനായത്. മികച്ച ഡോക്യുമെന്ററിയടക്കമുള്ള സംസ്ഥാന അവാര്‍ഡടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഷാനവാസിനു ലഭിച്ചിട്ടുണ്ട്. 2006ല്‍‘ഗോഡ്‌സ് കണ്‍ട്രി’ എന്ന ആദ്യ ഡോക്യുമെന്ററിക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. 2007ല്‍ ഡോര്‍ ടു ഡോര്‍ എന്നൊരു ഷോര്‍ട്ട് ഫിലിം ചെയ്തു. വിബ്‌ജോര്‍ ഫെല്ലോഷിപ്പടക്കമുള്ള പുരസ്‌കാരങ്ങള്‍ ഇതിനു ലഭിച്ചു. 2009ല്‍ ‘90 സെന്റീമീറ്റര്‍’ എന്ന ഷോര്‍ട്ട് ഫിലിം ജോര്‍ദാനില്‍ നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇതിന് രാജ്യാന്തര പുരസ്‌കാരം ലഭിക്കുകയും ചെയ്തു. 100ലധികം പരസ്യചിത്രങ്ങളും അഞ്ച് ഷോര്‍ട്ട് ഫിലിമുകളും മൂന്ന് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുമുണ്ട്. ബീനാപോളിനൊപ്പം മൂന്നുകൊല്ലം എഡിറ്റിങ് പഠിച്ചാണ് ഷാനവാസ് സംവിധാനരംഗത്ത് എത്തുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 169 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക